
ഡൊണാള്‍ഡ് ട്രംപിന്‍റെ ക്യാബിനറ്റില്‍ ഇലോണ്‍ മസ്കിനും വിവേക് രാമസ്വാമിക്കും പ്രത്യേക പദവി. പുതുതായി രൂപീകരിക്കുന്ന യുഎസ് ഡിപ്പാർട്ട്മെന്‍റ് ഓഫ് ഗവണ്‍മെന്‍റ് എഫിഷ്യന്‍സി മസ്കും വിവേകും ചേർന്ന നയിക്കുമെന്ന് നിയുക്ത പ്രസിഡന്‍റ് പ്രഖ്യാപിച്ചു. തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് തന്നെ ഇത്തരമൊരു പദവി ട്രംപ് മസ്കിനു വാഗ്ദാനം ചെയ്തിരുന്നു.
ഡിപ്പാർട്ട്മെന്‍റ് ഓഫ് ഗവണ്‍മെന്‍റ് എഫിഷ്യന്‍സി, പേര് സൂചിപ്പിക്കുന്ന പോലെ ഒരു സർക്കാർ ഏജന്‍സിയായിരിക്കില്ല. ഓഫീസ് ഓഫ് മാനേജ്‌മെന്‍റ് ആന്‍ഡ് ബഡ്‌ജറ്റിന്‍റെ ഭാഗമായാണ് പുതിയ വകുപ്പ് രൂപീകരിക്കുക. മസ്കും വിവേകും സർക്കാരിന് പുറത്ത് നിന്ന് പ്രവർത്തിക്കുമെന്നും വലിയ തോതിലുള്ള പരിഷ്‌കരണങ്ങള്‍ക്കും സംരംഭകത്വ സമീപനം സൃഷ്ടിക്കുന്നതിനും നിർദേശങ്ങള്‍ നല്‍കുമെന്നും ട്രംപ് പ്രസ്താവനയിലൂടെ അറിയിച്ചു. ഈ നടപടി സർക്കാർ സംവിധാനങ്ങളെ ഞെട്ടിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു.
"എന്‍റെ ഭരണകൂടത്തിന് സർക്കാർ ബ്യൂറോക്രസിയെ തകർക്കാനും അധിക നിയന്ത്രണങ്ങളും പാഴ് ചെലവുകൾ വെട്ടിക്കുറയ്ക്കാനും ഫെഡറൽ ഏജൻസികളെ പുനഃക്രമീകരിക്കാനും ഈ രണ്ട് അമേരിക്കക്കാരും വഴിയൊരുക്കും. 'സേവ് അമേരിക്ക' മുന്നേറ്റത്തിന് അത്യന്താപേക്ഷിതമാണ് ," ട്രംപ് പ്രസ്താവനയിൽ പറഞ്ഞു.
യുഎസ് തെരഞ്ഞെടുപ്പ് പ്രചരണ വേളയില്‍ തന്നെ ഒരു എഫിഷ്യന്‍സി ഡിപ്പാർട്ട്മെന്‍റിന്‍റെ ആവശ്യകതയെപ്പറ്റി വാചാലനായിരുന്നു മസ്ക് . അന്നുതന്നെ ട്രംപും ഇത്തരമൊരു സംവിധാനം നടപ്പില്‍ വരുത്തുമെന്നതിന്‍റെ സൂചനകള്‍ നല്‍കിയിരുന്നു. കഴിഞ്ഞ മാസം മാധ്യമപ്രവർത്തകരോട് സംസാരിച്ച മസ്‌ക്, സർക്കാരിന്‍റെ ചെലവുകള്‍ രണ്ട് ട്രില്യൺ ഡോളർ കുറയ്ക്കുക എന്നാണ് ലക്ഷ്യമെന്ന് പറഞ്ഞിരുന്നു.
വിജയ പ്രസംഗത്തിലും ട്രംപ് മസ്കിനെ പ്രശംസിക്കാന്‍ മറന്നിരുന്നില്ല. 'സൂപ്പർ ജീനിയസ്' എന്നാണ് മസ്കിനെ ട്രംപ് വിശേഷിപ്പിച്ചത്. ഫിലാഡൽഫിയയിലും പെൻസിൽവാനിയയിലും ട്രംപിന്‍റെ പ്രചരണ റാലിയില്‍ മസ്കിന്‍റെ സജീവ സാന്നിധ്യമുണ്ടായിരുന്നു. ട്രംപിന്‍റെ പ്രചരണത്തിന് വന്‍ തുകയാണ് മള്‍ട്ടി മില്യണറായ മസ്ക് ചെലവഴിച്ചത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന്‍റെ അവസാന മൂന്ന് മാസം മാത്രം 75 മില്യണ്‍ ഡോളറാണ് മസ്ക് ചെലവഴിച്ചത്. മൊത്തത്തില്‍ 119 മില്യണ്‍ ഡോളറാണ് തെരഞ്ഞെടുപ്പില്‍ ട്രംപിനായി മസ്ക് സംഭാവന ചെയ്തത്. അമേരിക്ക പിഎസി എന്ന 'സൂപ്പർ പൊളിറ്റിക്കല്‍ ആക്ഷന്‍ കമ്മിറ്റി' മുഖാന്തരമാണ് മസ്ക് റിപ്പബ്ലിക്കന്‍ പാർട്ടി സ്ഥാനാർഥിക്കായി പണം മുടക്കിയത്.
അതേസമയം, ഇലോണ്‍ മസ്കിനൊപ്പം എഫിഷ്യന്‍സി ഡിപ്പാർട്ട്മെന്‍റിന്‍റെ ഉത്തരവാദിത്തം ലഭിച്ചിരിക്കുന്ന വിവേക് രാമസ്വാമിക്കും സർക്കാർ വകുപ്പില്‍ ജോലി ചെയ്ത പരിചയമില്ല. ബയോടെക് സംരംഭകനായ വിവേക് കഴിഞ്ഞ വർഷം റിപ്പബ്ലിക്കൻ പാർട്ടിയില്‍ പ്രസിഡന്‍റ് സ്ഥാനാർഥിയാകുവാനായി മത്സരിച്ചിരുന്നു . മത്സരത്തിൽ നിന്ന് പുറത്തായതിന് ശേഷം അദ്ദേഹം ട്രംപിന് പിന്തുണ നൽകി. കോർപ്പറേറ്റ് മേഖലയിൽ ചെലവ് ചുരുക്കലിന് പ്രേരിപ്പിക്കുന്ന വ്യക്തിയാണ് വിവേക് രാമസ്വാമി.
യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസിനെ 86 ഇലക്ട്രല്‍ വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ഡൊണാള്‍ഡ് ട്രംപ് വിജയിച്ചത്. തെരഞ്ഞെടുപ്പില്‍ നിർണായകമായ ഏഴ് സ്വിങ് സ്റ്റേറ്റുകളിലും ട്രംപാണ് മുന്നേറ്റമുണ്ടാക്കിയത്. അന്താരാഷ്ട്ര മാധ്യമങ്ങള്‍ കമലയ്ക്ക് മുന്‍തൂക്കം പ്രവചിച്ചിരുന്ന തെരഞ്ഞെടുപ്പില്‍ ട്രംപ് വലിയ അട്ടിമറിയാണ് നടത്തിയത്.