
ഐക്യരാഷ്ട്രസഭയിലെ ഇറാൻ അംബാസഡറുമായി കൂടിക്കാഴ്ച നടത്തി ടെക് ഭീമനും ഡൊണാൾഡ് ട്രംപിൻ്റെ വലംകൈയ്യുമായ ഇലോൺ മസ്ക്. രഹസ്യ കേന്ദ്രത്തിൽ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറിലധികം നീണ്ടുനിന്നുവെന്നാണ് റിപ്പോർട്ടുകൾ. ഡൊണാൾഡ് ട്രംപിൻ്റെ രണ്ടാമൂഴത്തിൽ അമേരിക്കയും ഇറാനും തമ്മിലുള്ള ബന്ധം മെച്ചപ്പെട്ടേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ഐക്യരാഷ്ട്രസഭയിലെ ഇറാൻ അംബാസഡറായ അമിർ സെയിദ് ഇർവാനിയുമായാണ് ഇലോൺ മസ്ക് കൂടിക്കാഴ്ച നടത്തിയത്. രഹസ്യ കേന്ദ്രത്തിൽ നടന്ന കൂടിക്കാഴ്ച ഒരു മണിക്കൂറിലധികം നീണ്ടുനിന്നുവെന്നും അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ചർച്ചകൾ പോസിറ്റീവാണെന്നാണ് പുറത്തുവരുന്ന വിവരം.
കൂടിക്കാഴ്ചക്ക് മുൻകൈ എടുത്തത് ഇലോൺ മസ്‌കാണെന്നും,എവിടെ കൂടിക്കാഴ്ച നടക്കണമെന്ന് തീരുമാനിച്ചത് ഇറാൻ അംബാസഡറാണെന്നും അന്താരാഷ്ട്ര മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു. ഇറാനെതിരെയുള്ള ഉപരോധത്തിൽ അമേരിക്ക ഇളവുകൾ കൊണ്ടുവരണമെന്നും, രാജ്യത്തേക്ക് കൂടുതൽ വ്യാപാരം എത്തിക്കണമെന്നും മസ്കിനോട് ഇറാൻ അംബാസഡർ ആവശ്യപ്പെട്ടുവെന്നും റിപ്പോർട്ടുണ്ട്. അതേസമയം സ്വകാര്യ കൂടിക്കാഴ്ച നടന്നോ, ഇല്ലയോ എന്നതു സംബന്ധിച്ചുള്ള മാധ്യമ റിപ്പോർട്ടുകളിൽ പ്രതികരിക്കാനില്ലെന്ന് ട്രംപിൻ്റെ കമ്മ്യൂണിക്കേഷൻ ഡയറക്ടർ സ്റ്റീവൻ ച്യൂങ് പ്രതികരിച്ചു. വിഷയത്തിൽ ട്രംപും പ്രതികരിക്കാൻ തയ്യാറായില്ല.
2017 മുതലുള്ള ട്രംപിൻ്റെ ആദ്യ ഭരണകാലത്ത് ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്ര ബന്ധം വളരെയധികം മോശമായ സ്ഥിതിയിലെത്തിയിരുന്നു. ഈ വർഷവും ഇറാനെതിരെ അമേരിക്ക ആണവ ഉദ്യമങ്ങളുടെ പേരിൽ പുതിയ ഉപരോധങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.