'ദിവസേനയുള്ള നടത്തം മാനസികാരോഗ്യം വീണ്ടെടുക്കുന്നതിലും ഉപകാരപ്രദ'മെന്ന് എക്സിൽ കുറിച്ചുകൊണ്ടാണ് മസ്ക് ഒപ്റ്റിമസിൻ്റെ വീഡിയോ പങ്കുവെച്ചത്
ദിവസവും രാവിലെ വളരെ മടിയോടെയാണ് നമ്മളിൽ പലരും മോർണിങ് വാക്കിനും വർക്കൗട്ടിനുമൊക്കെ പോകാറുള്ളത്. എന്തിന് എഴുന്നേൽക്കാറുള്ളതു പോലും മടിപിടിച്ചാണ്. എന്നാൽ, മനുഷ്യർക്ക് അസൂയ തോന്നുന്ന തരത്തിലൊരു വീഡിയോ ആണ് കഴിഞ്ഞ ദിവസം ഇലോൺ മസ്ക് പങ്കുവെച്ചത്. മസ്കിൻ്റെ ഉടമസ്ഥതയിലുള്ള ടെസ്‌ല വികസിപ്പിച്ചെടുത്ത ഹ്യൂമനോയ്ഡ് ഒപ്റ്റിമസ് റോബോട്ട് വിജയകരമായി നടക്കുന്ന വീഡിയോയാണ് മസ്ക് എക്സിലൂടെ പങ്കുവെച്ചത്.
ALSO READ: രാജി പ്രഖ്യാപിച്ച് എഫ്ബിഐ ഡയറക്ടർ; തീരുമാനം സ്വാഗതം ചെയ്ത് ട്രംപ്
'ദിവസേനയുള്ള നടത്തം മാനസികാരോഗ്യം വീണ്ടെടുക്കുന്നതിലും ഉപകാരപ്രദ'മെന്ന് എക്സിൽ കുറിച്ചു കൊണ്ടാണ് മസ്ക് ഒപ്റ്റിമസിൻ്റെ വീഡിയോ പങ്കുവെച്ചത്. ആ വീഡിയോ തന്നെ വീണ്ടും പങ്കുവെച്ചപ്പോൾ, മനുഷ്യരെ ആശ്രയിക്കാതെ, ഒപ്റ്റിമസ് തൻ്റെ കാൽമുട്ടുകളെ നിയന്ത്രിക്കുന്നതിനായി ന്യൂറൽ നെറ്റ്‌വർക്കുകൾ പ്രവർത്തിപ്പിച്ചുകൊണ്ടാണ് ലക്ഷ്യത്തിലെത്തിയത് എന്നും മസ്ക് എക്സിൽ കുറിച്ചു. സാഹചര്യവുമായി പൊരുത്തപ്പെടാനുള്ള റോബോട്ടിൻ്റെ കഴിവിനെയാണ് ഇതിലൂടെ എടുത്തുകാണിക്കുന്നത് എന്നും മസ്ക് പറയുന്നു.
സമതലമല്ലാത്ത, കുത്തനെയുള്ള കയറ്റവും ഇറക്കവുമൊക്കെയുള്ള സ്ഥലത്താണ് ഒപ്റ്റിമസ് റോബോട്ട് നടക്കുന്നത്. വീഡിയോ പങ്കുവെച്ച ഒപ്റ്റിമസ് എഞ്ചിനീയറിങ്ങിന്റെ വൈസ് പ്രസിഡന്റ് മിലാന്‍ കോവാക്, താന്‍ ഇതേ സ്ഥലത്ത് നടന്നപ്പോള്‍ തെന്നിപ്പോയിരുന്നുവെന്നും എന്നാല്‍ ഒപ്റ്റിമസ് സുഖമായി നടക്കുന്നുവെന്നും പറഞ്ഞു. കാഴ്ചശേഷി ഇല്ലാത്ത ഒപ്റ്റിമസിന് ഉടൻ തന്നെ അത് കൂടി ചേർക്കുമെന്നും മിലാന്‍ കോവാക് അറിയിച്ചു.
നേരത്തെ, ഒപ്റ്റിമസ് കൈകൊണ്ട് ടെന്നിസ് ബാൾ പിടിക്കുന്നതിൻ്റെയും, വെള്ളമൊഴിക്കുന്നതിൻ്റെയും വീഡിയോകൾ ടെസ്‌ല പങ്കുവെച്ചിരുന്നു. ഇതിനകം തന്നെ ടെസ്‌ല ഫാക്ടറിയിലെ ചെറിയ ജോലികൾ ചെയ്യാനും ഒപ്റ്റിമസിനെ പരിശീലിപ്പിക്കുന്നുണ്ട്. അടുത്ത വർഷം തൊട്ട് ഒപ്റ്റിമസ് റോബോട്ടുകളെ വിപണിയിലെത്തിക്കാൻ സാധിക്കുമെന്നാണ് കരുതുന്നത്. 25,000 ഡോളർ മുതൽ 30,000 ഡോളർ വരെയാകും ഒരു റോബോട്ടിൻ്റെ വില.