എഡിജിപിക്കെതിരായ ആരോപണം: പൊലീസ് ആസ്ഥാനത്ത് അന്വേഷണ സംഘത്തിന്റെ അടിയന്തര യോഗം

എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്നതിന് മുന്നോടിയായാണ് യോഗം ചേരുന്നത്
എഡിജിപിക്കെതിരായ ആരോപണം: പൊലീസ് ആസ്ഥാനത്ത് അന്വേഷണ സംഘത്തിന്റെ അടിയന്തര യോഗം
Published on
Updated on



എഡിജിപിക്കെതിരായ ആരോപണങ്ങൾ അന്വേഷിക്കുന്ന സംഘത്തിൻ്റെ അടിയന്തര യോഗം ഡിജിപി ഓഫീസിൽ ചേർന്നു. പൊലീസ് ആസ്ഥാനത്താണ് അന്വേഷണ സംഘത്തിന്റെ അടിയന്തരയോഗം. ഐജി സ്പർജൻ കുമാർ, ഡിഐജി തോംസൺ ജോസ്, എസ്‌പിമാരായ ഷാനവാസ്, മധുസൂദനൻ എന്നിവർ യോഗത്തിൽ പങ്കെടുക്കുന്നു. എഡിജിപി എം.ആർ. അജിത് കുമാറിനെതിരായ റിപ്പോർട്ട് മുഖ്യമന്ത്രിക്ക് സമർപ്പിക്കുന്നതിന് മുന്നോടിയായാണ് യോഗം ചേരുന്നത്.

എഡിജിപിക്കെതിരായ അന്വേഷണ റിപ്പോർട്ട് ഡിജിപി ഷെയ്ഖ് ദർവേഷ് സാഹേബ് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും. ബുധനാഴ്ച വൈകീട്ടോടെ അന്വേഷണ റിപ്പോർട്ട് സമർപ്പിക്കാനായിരുന്നു സംസ്ഥാന പോലീസ് മേധാവി ഷേയ്ഖ് ദർവേഷ് സാഹേബ് തീരുമാനിച്ചിരുന്നത്. എന്നാൽ സമയം വൈകിയതോടെ റിപ്പോർട്ട് ഇന്ന് സമർപ്പിക്കാമെന്ന് തീരുമാനിക്കുകയായിരുന്നു. റിപ്പോർട്ട് ലഭിച്ചാൽ ഞായറാഴ്ചക്കുള്ളിൽ എഡിജിപി എം ആർ അജിത് കുമാറിനെ ക്രമസമാധാന ചുമതലയിൽ നിന്ന് മാറ്റുമെന്നാണ് സൂചന. ഫയർഫോഴ്സ് മേധാവിയായോ, ജയിൽ മേധാവിയായോ ആയി നിയമിക്കാനാണ് നീക്കം.

പി.വി. അൻവർ എംഎൽഎ ഉന്നയിച്ച ആരോപണങ്ങൾക്കപ്പുറം തൃശൂർ പൂര വിവാദവും ആർഎസ്എസ് കൂടിക്കാഴ്ചയുമാണ് അജിത് കുമാറിന് വിനയായത്. ആർഎസ്എസ് കൂടിക്കാഴ്ചയിൽ സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികളുടെ നിലപാടാണ് നിർണായകമായതെങ്കിൽ, പൂര വിവാദത്തിൽ ഡിജിപിയുടെ റിപ്പോർട്ടാണ് അജിത് കുമാറിനെ മാറ്റുന്ന തീരുമാനത്തിലേക്ക് എത്തിച്ചത്. അജിത് കുമാറിൻ്റെ വീഴ്ചകൾ എണ്ണിപ്പറയുന്ന ഡിജിപിയുടെ റിപ്പോർട്ട് അവഗണിച്ചാൽ നാളെ കോടതികളിൽ ചോദ്യംചെയ്യപ്പെടുമെന്ന തിരിച്ചറിവും മുഖ്യമന്ത്രിയുടെ തീരുമാനം മാറ്റുന്നതിന് കാരണമായി. ഒരർഥത്തിൽ പൊലീസ് തലപ്പത്തെ പടലപ്പിണക്കമാണ് അജിത് കുമാറിൻ്റെ കസേര തെറിപ്പിക്കുന്നത്.

News Malayalam 24x7
newsmalayalam.com