സിപിഎം സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ ജയരാജന്‍ കണ്ണൂരിലേക്ക് മടങ്ങി
എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം ഒഴിയാനുള്ള സന്നദ്ധത അറിയിച്ച് ഇ.പി ജയരാജന്‍. സിപിഎം സംസ്ഥാന സമിതിയില്‍ പങ്കെടുക്കാതെ ജയരാജന്‍ കണ്ണൂരിലേക്ക് മടങ്ങി. "ഇ.പി വിവാദങ്ങള്‍" അടക്കം ഇന്ന് സംസ്ഥാന സമിതി ചര്‍ച്ച ചെയ്യാനിരിക്കേയാണ് പാര്‍ട്ടി തീരുമാനത്തിന് കാത്തുനില്‍ക്കാതെയുള്ള ഇപിയുടെ നീക്കം.
പ്രകാശ് ജാവദേക്കറുമായുള്ള ഇ.പിയുടെ കൂടിക്കാഴ്ചയടക്കം സംസ്ഥാന കമ്മിറ്റി ഇന്ന് ചർച്ച ചെയ്യും. വെള്ളിയാഴ്ചത്തെ സെക്രട്ടേറിയേറ്റ് യോഗത്തില്‍ ഇ.പിക്കെതിരെ രൂക്ഷമായ വിമര്‍ശനം ഉയര്‍ന്നിരുന്നു.
ലോകസഭാ തെരഞ്ഞെടുപ്പ് കാലത്താണ് പ്രകാശ് ജാവദേക്കര്‍-ഇ.പി കൂടിക്കാഴ്ച്ച വിവാദമായത്. ബിജെപി നേതാവ് ശോഭാ സുരേന്ദ്രനും ദല്ലാള്‍ നന്ദകുമാറുമാണ് വെളിപ്പെടുത്തല്‍ നടത്തിയത്. ജാവദേക്കറെ കണ്ട കാര്യം ഇ.പി ജയരാജന്‍ സമ്മതിക്കുകയും ചെയ്തു. ജാവദേക്കര്‍ തന്റെ മകന്റെ വീട്ടില്‍ വന്ന് കണ്ടിരുന്നുവെന്നാണ് ഇ.പി പറഞ്ഞത്. ഇതില്‍ രാഷ്ട്രീയപരമായി ഒന്നുമില്ലെന്നും ഇപി വ്യക്തമാക്കിയതാണ്.