ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ല; പാർട്ടി അം​ഗീകാരത്തോടെ ആത്മകഥ പ്രസിദ്ധീകരിക്കുമെന്ന് ഇ.പി. ജയരാജൻ

പാർട്ടിക്കുള്ളിൽ തന്നെ ഒറ്റപ്പെടുത്താൻ ശ്രമിച്ചുവെന്ന വാർത്ത തെറ്റാണെന്നും ഇ.പി വ്യക്തമാക്കി
ഇനി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്കില്ല; പാർട്ടി അം​ഗീകാരത്തോടെ ആത്മകഥ പ്രസിദ്ധീകരിക്കുമെന്ന്  ഇ.പി. ജയരാജൻ
Published on

ആത്മകഥാ വിവാദത്തിൽ പ്രതികരണവുമായി സിപിഎം നേതാവ് ഇ.പി. ജയരാജൻ. പാർട്ടി അം​ഗീകാരത്തോടെ ആത്മകഥ പ്രസിദ്ധീകരിക്കുമെന്നും,  പ്രസിദ്ധീകരണ ചുമതല ഡിസി ബുക്‌സിന് നൽകില്ലെന്നും ജയരാജൻ വ്യക്തമാക്കി. ആത്മകഥയുമായി ബന്ധപ്പെട്ട് പ്രചരിച്ച വാർത്തകൾ ആസൂത്രിതമാണെന്നും, ഇതിൽ ടൈംസ് ഓഫ് ഇന്ത്യയുടെ പങ്ക് അന്വേഷിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. ന്യൂസ് മലയാളത്തിൻ്റെ ക്രോസ് ഫയറിലൂടെയായിരുന്നു ഇ.പിയുടെ പ്രതികരണം.

ഇനി തെരഞ്ഞടുപ്പ് രാഷ്ട്രീയത്തിലേക്ക് ഇല്ലെന്നും, പാർട്ടിക്കുള്ളിൽ തന്നെ ഒറ്റപ്പെടുത്താൻ ശ്രമിച്ചുവെന്ന വാർത്ത തെറ്റാണെന്നും ഇ.പി വ്യക്തമാക്കി. താൻ അങ്ങനെ പറഞ്ഞുവെന്ന് പ്രചരിക്കുന്ന വാർത്ത വസ്‌തുതാ വിരുദ്ധമാണെന്നും അദ്ദേഹം പ്രതികരിച്ചു. ആത്മകഥ എഴുതി പൂർത്തിയായിട്ടില്ലെന്നും, പ്രസിദ്ധീകരിക്കാൻ  ഒരു പ്രസാധകരെയും ഏൽപ്പിച്ചിട്ടില്ലെന്നും ഇ.പി ജയരാജൻ ആവർത്തിച്ചു. ടൈംസ് ഓഫ് ഇന്ത്യയിൽ വാർത്ത പ്രസിദ്ധീകരിച്ചു. അതിൽ മറുപടി നൽകേണ്ടത് അതുമായി ബന്ധപ്പെട്ടവരാണ് ഇ.പി. ജയരാജൻ വ്യക്തമാക്കി.

പോളിങ് ദിനത്തിൽ ജാവദേക്കറെ കണ്ടതുമായി ബന്ധപ്പെട്ട് പറഞ്ഞ പ്രതികരണത്തെ മാധ്യമങ്ങൾ വളച്ചൊടിച്ച് വാർത്ത നൽകി. അതിന് സമാനമാണ് ഉപതെരഞ്ഞെടുപ്പ് ദിനത്തിൽ വന്ന ആത്മകഥാ വാർത്തയുമെന്നും ഇ.പി. ജയരാജൻ പറഞ്ഞു. തനിക്കെതിരെ മാധ്യമങ്ങൾ അടിസ്ഥാന രഹിതമായ വാർത്തകളാണ് നൽകുന്നതെന്നും ഇ.പി തുറന്നടിച്ചു. ഇനി പാർലമെൻ്ററി രാഷ്ട്രീയത്തിലേക്കില്ലെന്നും പുതിയ തലമുറയ്ക്ക് വഴിമാറുകയാണെന്നും ഇപി പറഞ്ഞു. എന്നാൽ സംഘടനാതലത്തിൽ ഏത് ചുമതലയും ഏൽക്കാൻ തയ്യാറെന്ന സൂചനയും ഇ.പിയുടെ പ്രതികരണത്തിൽ നിന്നും വ്യക്തമാകുന്നുണ്ട്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com