ഇ.പിയുടെ ആത്മകഥാ വിവാദം: എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാന്‍ നിർദേശം നല്‍കി  എഡിജിപി മനോജ് എബ്രഹാം

ഇ.പിയുടെ ആത്മകഥാ വിവാദം: എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാന്‍ നിർദേശം നല്‍കി എഡിജിപി മനോജ് എബ്രഹാം

പൊലീസ് റിപ്പോർട്ട്‌ വന്നതിനു ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്നാണ് ഇ.പി. ജയരാജന്‍റെ നിലപാട്
Published on

ഇ.പി. ജയരാജന്റെ ആത്മകഥാ വിവാദത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കും. കേസെടുത്ത് അന്വേഷണം നടത്താനാണ് എഡിജിപി മനോജ് എബ്രഹാമിന്റെ നിർദേശം. കോട്ടയം എസ്പിക്കാണ് നിർദേശം നൽകിയിരിക്കുന്നത്.

അത്മകഥാ വിവാദത്തിലെ അന്വേഷണ റിപ്പോ‍‍ർട്ട് കോട്ടയം എസ്പി, ഡിജിപിക്ക് കൈമാറിയിരുന്നു. വിഷയത്തില്‍ പൊലീസിന് നേരിട്ട് കേസെടുക്കാൻ ആവില്ലെന്നായിരുന്നു റിപ്പോ‍ർട്ടില്‍ പറഞ്ഞിരുന്നത്. ഡിസി ബുക്ക്സ് പബ്ലിക്കേഷൻസ് വിഭാഗം മാനേജർ ശ്രീകുമാറാണ് ആത്മകഥയിലെ ഭാഗങ്ങൾ ചോർത്തി നൽകിയതെന്നാണ് റിപ്പോർട്ടിലെ കണ്ടെത്തൽ. ഇതിനു പിന്നാലെയാണ് എഫ്ഐആർ രജിസ്റ്റ‍ ചെയ്ത് അന്വേഷിക്കാന്‍ എഡിജിപി നിർദേശം നൽകിയിരിക്കുന്നത്.



പൊലീസ് റിപ്പോർട്ട്‌ വന്നതിനു ശേഷമായിരിക്കും തുടർനടപടികൾ സ്വീകരിക്കുകയെന്നാണ് ഇ.പി. ജയരാജന്‍റെ നിലപാട്. കോടതിയെ സമീപിക്കണമെങ്കിൽ സമീപിക്കും. പുതിയ പരാതി നൽകാൻ പൊലീസ് ആവശ്യപ്പെട്ടാൽ നൽകും. രാഷ്ട്രീയ ഗൂഢാലോചന പുറത്തുവരണമെന്നും ഇ.പി അറിയിച്ചു. ഡിസി ബുക്സ് പബ്ലിക്കേഷൻസ് വിഭാഗം മാനേജർ ശ്രീകുമാറിനെ ആരാണ് സ്വാധീനിച്ചതെന്ന് കണ്ടെത്തണമെന്നും ഇ.പി. ജയരാജൻ കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് സമയത്ത് വലിയ ചർച്ചാ വിഷയമായ സംഭവമായിരുന്നു ഇ.പിയുടേത് എന്ന പേരില്‍ പുറത്തുവന്ന കട്ടന്‍ചായയും പരിപ്പുവടയും എന്ന ആത്മകഥ. പിഡിഎഫ് ഫോർമാറ്റിലാണ് ആത്മകഥ പുറത്തുവന്നത്. എന്നാൽ, ഇത് താൻ എഴുതിയതല്ലെന്ന് ഇ.പി ആദ്യം തന്നെ പ്രതികരിച്ചിരുന്നു.



News Malayalam 24x7
newsmalayalam.com