
മാർക്കറ്റിംഗ് സ്ഥാപനമായ HPL-ൻ്റെ ഉല്പന്നങ്ങൾക്ക് വില നിർണയിക്കുന്നതിലും വൻ തട്ടിപ്പ് നടക്കുന്നതായി ആരോപണം. സ്ഥാപനത്തിന്റെ മുൻ ജീവനക്കാരനായ പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി അരുൺ കുമാറാണ് HPL നെതിരെ ഗുരുതര ആരോപണം ഉന്നയിച്ചത്. കൂടിയ വിലയ്ക്ക് വിറ്റ് നൽകിയാലും ജീവനക്കാർക്ക് വളരെ തുച്ഛമായ കമ്മീഷനാണ് നൽകിയിരുന്നതെന്നും അരുൺകുമാർ ന്യൂസ് മലയാളത്തോട് പറഞ്ഞു.
ഹിന്ദുസ്ഥാൻ പവർ ലിങ്ക്സിൽ ജീവനക്കാർ നേരിടേണ്ടി വന്ന ക്രൂരമായ തൊഴിൽ പീഡനങ്ങൾ ന്യൂസ് മലയാളം നേരത്തേ പുറത്തുവിട്ടിരുന്നു.ടാർഗറ്റ് തികയ്ക്കാത്തതിന് ടോയ്‌ലെറ്റിൽ ഉമ്മ വെപ്പിച്ചതടക്കം ഹിന്ദുസ്ഥാൻ പവർ ലിങ്കിലെ തൊഴിൽ പീഡനത്തിൽ ഗുരുതര വെളിപ്പെടുത്തലാണ് പാലക്കാട് ശ്രീകൃഷ്ണപുരം സ്വദേശി അരുൺകുമാർ നേരത്തെ നടത്തിയത്. പച്ചമുളക് തീറ്റിക്കുക, ഉപ്പുകല്ലിന് മുകളിൽ മുട്ടുകുത്തി നിർത്തുന്നതടക്കം പീഡനങ്ങൾ സഹിക്കവയ്യാതായപ്പോൾ ജോലി ഉപേക്ഷിച്ച് പോന്നതായും അരുൺ കുമാർ പറഞ്ഞു.
ടാർഗറ്റ് തികയ്ക്കാത്തതിനുള്ള ശിക്ഷയായി ബെൽറ്റ് കഴുത്തിന് ചുറ്റി മുട്ടിന് ഇഴയിക്കൽ, നാക്കുകൊണ്ട് നാണയം എടുപ്പിക്കുക, വായിൽ ഉപ്പ് നിറച്ച് മണിക്കൂറുകളോളം നിർത്തുക തുടങ്ങി നിരവധി പീഡന രീതികളാണ് മാനേജർമാരുടെ നേതൃത്വത്തിൽ നടത്തിയിരുന്നത് എന്ന വിവരങ്ങളാണ് പരാതിക്കാർ ന്യൂസ് മലയാളത്തോട് വെളിപ്പെടുത്തിയത്.മൂന്ന് വർഷത്തോളം ഈ കമ്പനിയിൽ ജോലി ചെയ്തു ഒടുവിൽ ഭീഷണി സഹിക്കാനാകാതെ അത് ഉപേക്ഷിച്ച് വന്നതാണ് അരുൺ.
എച്ച്പിഎല്ലിൽ ഒപ്പം ജോലി ചെയ്യുന്ന ആൺകുട്ടികളുടെ അടിവസ്ത്രം കഴുകേണ്ടി വന്നിട്ടുണ്ടെന്നും. ബ്രഷ് ഇല്ലാതെ കൈ ഉപയോഗിച്ച് ക്ളോസറ്റ് കഴുകിച്ചെന്നും. മാനേജർ ആയപ്പോൾ ട്രെയിനികളെ ഈ രീതിയിൽ ശിക്ഷിച്ചിട്ടുണ്ടെന്നും തിരുവനന്തപുരം സ്വദേശിയായ യുവതി വെളിപ്പെടുത്തി.
തൊഴിൽ പീഡനത്തിന്റെ കൂടുതൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് ദിനം പ്രതി പുറത്തുവരുന്നത്. എച്ച്പിഎല്ലിൻ്റെ ഫ്രാഞ്ചൈസിയായ കെൽട്രോയിൽ ജോലി ചെയ്തിരുന്ന തൃശൂർ സ്വദേശി സുബീഷ് തൊഴിലിടത്തെ പീഡനം സഹിക്കാനാകാതെ ജീവനൊടുക്കിയെന്ന ആരോപണവുമായി കുടുംബം രംഗത്തെത്തിയിരുന്നു.