ഹൈക്കോടതി നിർദേശപ്രകാരമാണ് കുറ്റാരോപിതരായ 6 വിദ്യാർഥികളുടെയും പരീക്ഷഫലം പ്രസിദ്ധീകരിച്ചത്
കോഴിക്കോട് താമരശേരി ഷഹബാസ് കൊലപാതക കേസിൽ കുറ്റാരോപിതരായ വിദ്യാര്‍ഥികളുടെ എസ്‌എസ്എൽസി പരീക്ഷാ ഫലം പുറത്ത്. 2 പേർക്ക് ഫുൾ A+ഉം, ഒരാൾക്ക് 7 A+ഉം നേടി. മറ്റു മൂന്നുപേരും പരീക്ഷയിൽ വിജയിച്ചു. ഫലം പ്രഖ്യാപിച്ചതോടെ കുറ്റാരോപിതർക്ക് തുടർ പഠനത്തിന് അവസരം ലഭിക്കും.
തടഞ്ഞുവെച്ച പരീക്ഷാ ഫലം ഹൈക്കോടതി നിർദേശപ്രകാരമാണ് പ്രസിദ്ധീകരിച്ചത്. കുറ്റാരോപിതരായ വിദ്യാർഥികളുടെ ഫലം തടഞ്ഞുവെച്ചതിൽ സർക്കാരിനെ ഹൈക്കോടതി വിമർശിച്ചിരുന്നു. പരീക്ഷാഫലം തടഞ്ഞുവെയ്ക്കാന്‍ സര്‍ക്കാരിന് എന്ത് അധികാരം എന്നായിരുന്നു കോടതി ചോദിച്ചത്.
കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലല്ലോയെന്ന് നിരീക്ഷിച്ച ഹൈക്കോടതി, വിദ്യാർഥികളുട ഫലം പ്രഖ്യാപിക്കാത്ത നടപടി ആശ്ചര്യകരമെന്നും ചൂണ്ടിക്കാട്ടിയിരുന്നു. ഫലം പ്രസിദ്ധീകരിക്കാന്‍ ബാലാവകാശ കമ്മീഷൻ്റെ നിർദേശം ഉണ്ടല്ലോയെന്നും, പരീക്ഷാഫലം പ്രസിദ്ധീകരിച്ചില്ലെങ്കില്‍ കുറ്റകരമായ അനാസ്ഥയായി കണക്കാക്കുമെന്നും ഹൈക്കോടതി അറിയിച്ചിരുന്നു. ഇതിനു പിന്നാലെയാണ് വിദ്യാർഥികളുടെ പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചത്.