ഫലം പ്രസിദ്ധീകരിക്കാന്‍ ബാലാവകാശ കമ്മീഷൻ്റെ നിർദേശം ഉണ്ടല്ലോയെന്നും, പരീക്ഷാഫലം പ്രസിദ്ധീകരിച്ചില്ലെങ്കില്‍ കുറ്റകരമായ അനാസ്ഥയായി കണക്കാക്കുമെന്നും ഹൈക്കോടതി അറിയിച്ചു
താമരശേരിയിലെ ഷഹബാസിൻ്റെ കൊലപാതക കേസിൽ കുറ്റാരോപിതരായ നാല് വിദ്യാര്‍ത്ഥികളുടെ പരീക്ഷാഫലം തടഞ്ഞുവെച്ച നടപടിക്കെതിരെ ഹൈക്കോടതി. വിദ്യാര്‍ഥികളുടെ പരീക്ഷാഫലം എങ്ങനെ തടഞ്ഞുവയ്ക്കാനാകും?, പരീക്ഷാഫലം തടഞ്ഞുവെയ്ക്കാന്‍ സര്‍ക്കാരിന് എന്ത് അധികാരമെന്നും ഹൈക്കോടതി ചോദ്യമുന്നയിച്ചു.
കുറ്റകൃത്യവും പരീക്ഷാഫലവും തമ്മില്‍ ബന്ധമില്ലല്ലോയെന്ന് നിരീക്ഷിച്ച ഹൈക്കോടതി,വിദ്യാർഥികളുട ഫലം പ്രഖ്യാപിക്കാത്ത നടപടി ആശ്ചര്യകരമെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി. ഫലം പ്രസിദ്ധീകരിക്കാന്‍ ബാലാവകാശ കമ്മീഷൻ്റെ നിർദേശം ഉണ്ടല്ലോയെന്നും, പരീക്ഷാഫലം പ്രസിദ്ധീകരിച്ചില്ലെങ്കില്‍ കുറ്റകരമായ അനാസ്ഥയായി കണക്കാക്കുമെന്നും ഹൈക്കോടതി അറിയിച്ചു. സര്‍ക്കാര്‍ യോഗം കൂടി തീരുമാനമെടുക്കാന്‍ എന്തിനാണ് വൈകുന്നതെന്നും ഹൈക്കോടതി ചോദ്യമുയർത്തി.
കുറ്റാരോപിതരായ ആറ് വിദ്യാർഥികളുടെ എസ്എസ്എൽസി പരീക്ഷാ ഫലം പരീക്ഷാഭവൻ തടഞ്ഞുവെച്ചിരുന്നു. പരീക്ഷാ ഭവൻ സൈറ്റിൽ വിത്ത് ഹെൽഡ് എന്നാണ് ഇവരുടെ ഫലം രേഖപ്പെടുത്തിയത്. ഇതിനുപിന്നാലെ കുറ്റാരോപിതരുടെ എസ്എസ്എൽസി ഫലം ഉടന്‍ പ്രഖ്യാപിക്കണമെന്നും പഠനവിലക്ക് പാടില്ലെന്നും ബാലാവകാശ കമ്മീഷൻ അറിയിച്ചിരുന്നു.
പരീക്ഷാഫലം തടഞ്ഞുവയ്ക്കാനുള്ള തീരുമാനത്തിന് നിയമപരമായ പിന്‍ബലമില്ല. പ്ലസ് ടു പ്രവേശത്തിനുള്ള അപേക്ഷാ തീയതി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍, പരീക്ഷാഫലം പ്രഖ്യാപിക്കാത്തത് കുട്ടികളുടെ ഉപരിപഠന സാധ്യതയെ ബാധിക്കുമെന്നും ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷന്റെ ഇത്തരവിട്ടത്. ഉത്തരവിന് പിന്നാലെ ബാലാവകാശ കമ്മീഷനെതിരെ ഷഹബാസിൻ്റെ പിതാവ് ഇക്‌ബാൽ രംഗത്തെത്തിയിരുന്നു. ഉത്തരവ് പിൻവലിക്കണമെന്നാണ് പിതാവ് പ്രധാനമായും ആവശ്യപ്പെട്ടത്.