കഞ്ചാവ് കേസിൽ നിന്ന് യു. പ്രതിഭയുടെ മകനെ ഒഴിവാക്കി എക്സൈസ്; ഇടക്കാല റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു

മൂന്ന് മുതൽ ഒൻപത് വരെയുള്ള പ്രതികളെയാണ് ഒഴിവാക്കിയത്
കഞ്ചാവ് കേസിൽ നിന്ന് യു. പ്രതിഭയുടെ മകനെ ഒഴിവാക്കി എക്സൈസ്; ഇടക്കാല റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു
Published on

കായംകുളം എംഎൽഎ യു. പ്രതിഭയുടെ മകനെ കഞ്ചാവ് കേസിൽ നിന്ന് ഒഴിവാക്കി എക്സൈസ്. എംഎൽഎയുടെ മകൻ കനിവിനെ ഒഴിവാക്കിക്കൊണ്ടുള്ള ഇടക്കാല റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചു. കേസിലെ കുറ്റപത്രവും ഉടൻ കോടതിയിൽ സമർപ്പിക്കും.

കഞ്ചാവ് കേസിലെ ഒൻപതാം പ്രതിയാണ് കനിവ്. മൂന്ന് മുതൽ ഒൻപത് വരെയുള്ള പ്രതികളെയാണ് ഒഴിവാക്കിയത്. ഇവർക്കെതിരെ തെളിവില്ലെന്നും എക്സൈസിന്റെ ഇടക്കാല റിപ്പോർട്ടിൽ പറയുന്നു. കനിവ് ഉൾപ്പടെ ഒൻപത് പേരെയാണ് കഞ്ചാവുമായി കുട്ടനാട് എക്സൈസ് സംഘം പിടികൂടിയത്.

ഡിസംബർ 28നാണ് കഞ്ചാവ് കൈവശം വെച്ചതിന് യു. പ്രതിഭ എംഎൽഎയുടെ മകനും സുഹൃത്തുക്കൾക്കും എതിരെ കുട്ടനാട് എക്സൈസ് കേസെടുത്തത്. പ്രതിഭയുടെ മകനടക്കം ഉള്ളവർക്കെതിരെ എക്സൈസ് ചട്ടം 27-ാം വകുപ്പ് പ്രകാരം ആണ് കേസെടുത്തത്. പൊതുസ്ഥലത്ത് ഇരുന്ന് പരസ്യമായി കഞ്ചാവ് വലിച്ചെന്നാണ് കേസ്. കുപ്പിയിൽ വെള്ളം നിറച്ച് കഞ്ചാവ് ഇട്ട് കുഴലുപയോഗിച്ച് വലിക്കുന്ന സംവിധാനം (ബോങ്ങ്) ഇവരിൽ നിന്ന് കണ്ടെടുത്തിരുന്നുവെന്നും കേസിൽ പറയുന്നു. മൂന്ന് ഗ്രാം കഞ്ചാവ് മാത്രമാണ് ഇവരിൽ നിന്ന് കണ്ടെത്തിയതെന്നാണ് എക്സൈസ് റിപ്പോർട്ട്.

എന്നാൽ, മകനെ കഞ്ചാവുമായി പിടികൂടിയെന്ന വാർത്ത വ്യാജമാണെന്നായിരുന്നു യു. പ്രതിഭയുടെ പ്രതികരണം. ഫേസ്ബുക്ക് ലൈവിലൂടെയാണ് സംഭവത്തിൽ എംഎൽഎ വിശദീകരണവുമായി എത്തിയത്. സുഹൃത്തുക്കളുമായി ചേർന്ന് ഇരുന്നപ്പോൾ ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്നും മാധ്യമങ്ങൾ തന്നെ വേട്ടയാടുന്നുവെന്നും യു. പ്രതിഭ ലൈവിൽ പറഞ്ഞിരുന്നു.





Related Stories

No stories found.
News Malayalam 24x7
newsmalayalam.com