പുലിപ്പല്ല് സ്വർണ്ണം കെട്ടിച്ച ജ്വല്ലറിയിലും തൃശൂർ പൂമലയിലെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടത്തി
പുലിപ്പല്ല് കേസിൽ അറസ്റ്റിലായ റാപ്പർ വേടനെ തൃശൂർ വിയ്യൂരിലെ ജ്വല്ലറിയിൽ എത്തിച്ചുള്ള തെളിവെടുപ്പ് പൂർത്തിയായി. പുലിപ്പല്ല് സ്വർണ്ണം കെട്ടിച്ച ജ്വല്ലറിയിലാണ് തെളിവെടുപ്പ് നടന്നത്. ലോക്കറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾ വനംവകുപ്പ് ഉദ്യോഗസ്ഥർ ജ്വല്ലറി ഉടമയോട് ചോദിച്ചറിഞ്ഞു. യഥാർഥ പുലിപ്പല്ലാണെന്ന് അറിയാതെയാണ് ലോക്കറ്റ് കെട്ടി നൽകിയതെന്ന് ഉടമ പറയുന്നു.
തൃശൂർ പൂമലയിലെ വീട്ടിലെത്തിച്ചും തെളിവെടുപ്പ് നടന്നു. പാവങ്ങളാണ്, വീട്ടുകാരെ ചോദ്യം ചെയ്ത് ബുദ്ധിമുട്ടിക്കരുതെന്നാണ് വീട്ടിലെത്തിയ മാധ്യമങ്ങളോട് വേടൻ പറഞ്ഞത്. വേടനെ അറിയാമോയെ, ലോക്കറ്റ് ഇവിടെ ചെയ്യിച്ചതാണോ എന്നതുൾപ്പെടെയുള്ള കാര്യങ്ങളാണ് വനംവകുപ്പ് ജ്വല്ലറി ഉടമ സന്തോഷ് കുമാറിനോട് ചോദിച്ചത്. യഥാർഥ പുലിപ്പല്ലാണെന്ന് അറിഞ്ഞല്ല ലോക്കറ്റ് കെട്ടി നൽകിയതെന്നാണ് ഉടമ വനംവകുപ്പിന് നൽകിയ മൊഴി.
ഇന്ന് വൈകുന്നേരം അഞ്ച് മണിയോടെ വേടനെ തിരികെ കോടതിയ്ക്ക് കൈമാറും. രണ്ടാം തിയതിയാണ് വേടൻ്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുക. അതുവരെ വേടൻ ജയിലിൽ തുടരും. വേടനെ കോടതി രണ്ട് ദിവസത്തേക്ക് വനം വകുപ്പിൻ്റെ കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് നടപടി. കേസിനെ കുറിച്ച് ഇപ്പോൾ ഒന്നും പറയാനില്ലെന്നായിരുന്നു കഴിഞ്ഞ ദിവസം വേടന്റെ പ്രതികരണം.
രണ്ട് ദിവസം മുൻപാണ് വേടൻ്റെ ഫ്ലാറ്റിൽ നിന്നും തൃപ്പൂണിത്തുറ പൊലീസ് 7 ഗ്രാം കഞ്ചാവ് കണ്ടെത്തിയത്. എന്നാൽ പൊലീസ് പിടിയിലായശേഷം നടത്തിയ ദേഹ പരിശോധനയിൽ വേടനിൽ നിന്ന് കഞ്ചാവ് കണ്ടെത്തിയിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
ലഹരിക്കേസിനിടെ വേടന് കുരുക്കായി വന്നത് മാലയിലെ പുലിപ്പല്ലാണ്. മാലയിൽ നിന്ന് പുലിയുടെ പല്ല് കണ്ടെത്തിയതിനെ തുടർന്ന് എടുത്ത കേസിൽ റാപ്പർ വേടനെ വനം വകുപ്പ് കസ്റ്റഡിയിലെടുത്തു പിന്നീട് അറസ്റ്റ് ചെയ്തു. മൃഗവേട്ടയടക്കമുള്ള വകുപ്പുകൾ പ്രകാരമാണ് വനം വകുപ്പ് കേസെടുത്തത്.
ALSO READ: പുലിപ്പല്ല് കേസ്; റാപ്പർ വേടനുമായുള്ള തെളിവെടുപ്പ് ഇന്നും തുടരും
അതേസമയം ഫ്ലാറ്റിൽ നിന്ന് കഞ്ചാവ് കണ്ടെടുത്ത കേസിൽ റാപ്പർ വേടൻ ഉൾപ്പെടെ 9 പേർക്കും സ്റ്റേഷൻ ജാമ്യം ലഭിച്ചു. കഞ്ചാവിന്റെ അളവ് കുറവായതിനാൽ നടപടികൾ പൂർത്തിയാക്കി 9 പേർക്കും രാത്രിയോടെ സ്റ്റേഷൻ ജാമ്യം നൽകുകയായിരുന്നു. കഞ്ചാവ് കേസിൽ തന്നെ ആരും കുടുക്കിയതല്ലെന്നും കേസിൽ ഗൂഢാലോചനയൊന്നുമില്ലെന്നും വേടൻ പ്രതികരിച്ചു.