സലിം യൂസഫ്, സിദ്ധാർത്ഥൻ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്
എറണാകുളം പെരുമ്പാവൂരിൽ ഇതരസംസ്ഥാന തൊഴിലാളികളുടെ പണവും മൊബൈൽ ഫോണും മോഷ്ടിച്ച എക്സൈസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ. സലിം യൂസഫ്, സിദ്ധാർത്ഥൻ എന്നീ ഉദ്യോഗസ്ഥരെയാണ് സസ്പെൻഡ് ചെയ്തത്. ഇതിൽ സലിം യൂസഫ് എന്ന ഉദ്യോഗസ്ഥൻ വിജിലൻസിൻ്റെ നോട്ടപ്പുള്ളിയാണ്. ഇയാൾ മുൻപും സമാനരീതിയിലുള്ള കുറ്റകൃത്യങ്ങൾ ചെയ്തിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. നിരവധി പരാതികളും ഇയാൾക്കെതിരെ നിലവിലുണ്ട്.
കഴിഞ്ഞദിവസമാണ് എക്സൈസ് ഉദ്യോഗസ്ഥരടങ്ങിയ നാലംഗ സംഘം ഇതരസംസ്ഥാന തൊഴിലാളികളിൽ നിന്ന് പണം തട്ടിയത്. പൊലീസ് ആണെന്ന് പറഞ്ഞ് തൊഴിലാളികളെ ഭയപ്പെടുത്തിയാണ് 70,000 രൂപയും നാലു മൊബൈൽ ഫോണുകളും തട്ടിയെടുത്തത്.
സംഭവത്തിൽ സലീം യൂസഫ്, സിദ്ധാർത്ഥൻ എന്നിവരടക്കം മൂന്നുപേരെ ഇതിനോടകം തന്നെ തടിയിട്ടപറമ്പ് പൊലീസ് പിടികൂടിയിട്ടുണ്ട്. കൊലപാതകം അടക്കം നിരവധി കേസുകളിൽ പ്രതിയായ എടത്തല സ്വദേശി മണികണ്ഠനാണ് പിടികൂടിയ മറ്റൊരു പ്രതി. സലീം യൂസഫ് പെരുമ്പാവൂരിലെയും, സിദ്ധാർത്ഥൻ ആലുവയിലെയും എക്സൈസ് ഉദ്യോഗസ്ഥരാണ്.