പാത്രിയര്‍ക്കീസ്മാര്‍ മാത്യൂസ് തൃതീയന്‍ കാതോലിക്ക ബാവയെ ബദല്‍ കാതോലിക്കായെന്നാണ് കൂട്ടായ്മ വിശേഷിപ്പിച്ചത്.
ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ് സഭകളുടെ കൂട്ടായ്മയില്‍ നിന്ന് മലങ്കര ഓര്‍ത്തഡോക്‌സ് സഭ പുറത്തേക്ക്. അംഗീകാരം യാക്കോബായ സഭാ വിഭാഗത്തിന്. മലങ്കര സുറിയാനി സഭ ഓര്‍ത്തഡോക്‌സ് സഭയുമായുള്ള കൂദാശ ബന്ധം വിഛേദിച്ച യാക്കോബായ പാത്രിയര്‍ക്കീസ് ബാവയുടെ തീരുമാനം സഭകളുടെ കൂട്ടായ്മ അംഗീകരിച്ചു. ബദല്‍ മാര്‍ഗമായി റഷ്യന്‍ ഓര്‍ത്തഡോക്‌സ് സഭയുമായും, കത്തോലിക്ക സഭയുമായും കൂടുതല്‍ അടുക്കുകയാണ് ഓര്‍ത്തഡോക്‌സ് സഭ.
കോട്ടയം, ദേവലോകം ആസ്ഥാനമായുള്ള മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭക്ക് കൂദാശ മുടക്ക് ഏര്‍പ്പെടുത്തിയ യാക്കോബായ സുറിയാനി സഭയുടെ നിലപാട് ഓറിയന്റല്‍ സഭകളുടെ പൊതുവേദി അംഗീകരിച്ചു. ഇതുസംബന്ധിച്ച സംയുക്ത പ്രഖ്യാപനം ഒരു പൊതുരേഖയായി പുറത്തിറക്കി. ഓറിയന്റല്‍ സഭകളുടെ കീഴ്‌വഴക്ക പ്രകാരം ഒരു സഭാ തലവന്‍ ഏര്‍പ്പെടുത്തിയ മുടക്ക് മറ്റുള്ളവരും പിന്തുടരും. ഇതോടെ ഈ കൂട്ടായ്മയില്‍ മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭക്ക് ഇനി ഇടം കിട്ടുക എളുപ്പമല്ല.
ക്രൈസ്തവ സഭകളുടെ പൊതു വിശ്വാസ പ്രമാണം രൂപപ്പെട്ട നിഖ്യാ സൂന്നഹദോസിന്റെ 1700-ാം വാര്‍ഷിക വേളയില്‍ വച്ചാണ് ഈ രേഖ പുറത്തിറക്കിയത്. പാത്രിയര്‍ക്കീസുമാരായ, അലക്‌സാണ്ട്രിയയിലെ പരിശുദ്ധ തവാദ്രോസ് രണ്ടാമന്‍ പാപ്പാ, അന്ത്യോഖ്യയിലെ പരിശുദ്ധ മോറാന്‍ മോര്‍ ഇഗ്‌നേഷ്യസ് അഫ്രേം രണ്ടാമന്‍ പാത്രിയര്‍ക്കീസ് ബാവ, സിലീഷ്യയിലെ അര്‍മേനിയന്‍ കാതോലിക്കോസ് പരിശുദ്ധ ആരാം ഒന്നാമന്‍ കാതോലിക്ക ബാവ എന്നിവരാണ് രേഖയില്‍ ഒപ്പുവെച്ചത്.
എന്നാല്‍ ആഗോള തലത്തില്‍ ഓര്‍ത്തഡോക്‌സ് സഭ കളുടെ കൂട്ടായ്മ ശക്തിപ്പെടുത്താന്‍ കേരളത്തിലെ ഇരു സഭകളോടും ചര്‍ച്ച നടത്താന്‍ നിര്‍ദേശമുണ്ട്. ഇതിനായി ശ്രേഷ്ഠ ബസേലിയോസ് ജോസഫ് കാതോലിക്ക ബാവയെയും, പരിശുദ്ധ കാതോലിക്ക ബസേലിയോസ് മാത്യൂസ് തൃതീയന്‍ ബാവയേയും സമാധാന ചര്‍ച്ചകള്‍ക്കായി കെയ്‌റോയിലേക്ക് കോപ്റ്റിക്ക് പോപ്പ് തവാദ്രോസ് രണ്ടാമന്‍ ക്ഷണിച്ചിട്ടുമുണ്ട്. എന്നാല്‍ ഏതൊരു ചര്‍ച്ചയും അന്ത്യോഖ്യന്‍ പാത്രിയര്‍ക്കീസിന്റെ സാന്നിധ്യത്തിലാകണമെന്നും വ്യവസ്ഥയിലുണ്ട്.
ഇതിനിടെ ആഗോള തലത്തില്‍ ഓര്‍ത്തഡോക്‌സ് സഭകളുടെ ബദല്‍ കൂട്ടായ്മക്ക് വഴിതേടുകയാണ് മലങ്കര ഓര്‍ത്തഡോക്ക്‌സ് സഭ. റഷ്യന്‍ ഓര്‍ത്തഡോക്ക്‌സ് സഭയുമായി ചേര്‍ന്നാണ് ഇതിനുള്ള ശ്രമം ആരംഭിച്ചത്. ഇതിനൊപ്പം കത്തോലിക്ക സഭയുമായും മികച്ച ബന്ധത്തിനുള്ള സാധ്യത തേടുന്നുണ്ട് മലങ്കര ഓര്‍ത്തഡോക്ക്‌സ് സഭ.