
പൊതുവിതരണ വകുപ്പിന്റെ ബിപിഎല്‍, എഎവൈ കാര്‍ഡുകാരുടെ ഇ-കെവൈസി അപേക്ഷകള്‍ സാങ്കേതിക പ്രശ്‌നങ്ങളാല്‍ കെട്ടിക്കിടക്കുന്നു. സംസ്ഥാനത്താകെ 2.29 ലക്ഷം അപേക്ഷകളാണു തീരുമാനമാകാതെ കിടക്കുന്നത്. 1.10 ലക്ഷം അപേക്ഷകള്‍ സാങ്കേതിക പ്രശ്‌നങ്ങളെ തുടര്‍ന്ന് താലൂക്ക് സപ്ലെ ഓഫീസര്‍മാര്‍ തള്ളി.
റേഷന്‍ വിതരണവുമായി ബന്ധപ്പെട്ട് ബയോമെട്രിക് സംവിധാനവും KYC അപ്‌ഡേഷനും വന്നതോടെ സാധാരണക്കാരന്‍ പട്ടിണിയിലാവുകയാണ്. ആധാറും റേഷന്‍ കാര്‍ഡും ലിങ്ക് ചെയ്യാത്തതിനാല്‍ പല ഉപഭോക്താക്കള്‍ക്കും റേഷന്‍ ലഭിക്കാതായി. സംസ്ഥാനത്ത് 2.29 ലക്ഷം KYC അപേക്ഷകളാണ് കെട്ടിക്കിടക്കുന്നത്. ആധാറിലും റേഷന്‍ കാര്‍ഡിലുമുള്ള വ്യക്തിവിവരങ്ങളില്‍ വ്യത്യാസമുണ്ടെങ്കില്‍ അപേക്ഷ തള്ളുകയാണ്.
വിവരങ്ങള്‍ ക്രമപ്പെടുത്തിയ ശേഷം ഇവര്‍ വീണ്ടും അപേക്ഷിക്കേണ്ടി വരും. സര്‍ക്കാര്‍ അപേക്ഷയെത്തുടര്‍ന്ന് ഇ-കെവൈസി പൂര്‍ത്തീകരിക്കാനുള്ള തീയതി ജൂണ്‍ 30 വരെ നീട്ടിയിരുന്നു. എന്നാല്‍ രേഖകള്‍ ക്രമപ്പെടുത്താന്‍ സമയമെടുക്കുന്നുണ്ട്.
സംസ്ഥാനത്ത് ഇതുവരെ ലഭിച്ച 2.08 കോടി അപേക്ഷകളില്‍ 2.05 കോടി അപേക്ഷകള്‍ അംഗീകരിച്ചു. കഴിഞ്ഞ ദിവസം മാത്രം 321 പുതിയ അപേക്ഷകള്‍ ലഭിച്ചു. തൃശൂര്‍ ജില്ലയിലാണു കൂടുതല്‍ അപേക്ഷകള്‍ കെട്ടിക്കിടക്കുന്നത്. ഏതാണ്ട് അന്‍പതിനായിരത്തോളം അപേക്ഷകള്‍.
2915 അപേക്ഷകള്‍ മാത്രം കെട്ടിക്കിടക്കുന്ന ഇടുക്കിയാണ് ഏറ്റവും കുറവ്. മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ അംഗീകരിച്ചത്. കുറവ് വയനാട്ടിലും. അടിയന്തരമായി ഇ-കെ.വൈ.സി. അംഗീകരിച്ചില്ലെങ്കില്‍ നിരവധി കുടുംബങ്ങള്‍ക്ക് അര്‍ഹമായ റേഷന്‍ നഷ്ടമാകുന്ന സ്ഥിതിയുണ്ടാകും.