ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ സംബന്ധിച്ച വിവരം ശേഖരിക്കാൻ ശ്രമം നടത്തിയതിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. ഫോൺ ചെയ്ത ആളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു
ഇന്ത്യ-പാക് അതിർത്തിയിലെ സംഘർഷത്തിനിടെ കൊച്ചി നേവൽ ബേസിൽ ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ സംബന്ധിച്ച വിവരം ശേഖരിക്കാൻ ശ്രമം നടത്തിയതിൽ അന്വേഷണം ഊർജിതമാക്കി പൊലീസ്. ഫോൺ ചെയ്ത ആളുടെ വിവരങ്ങൾ പൊലീസ് ശേഖരിച്ചു. പ്രതി ഉടൻ പിടിയിലാകുമെന്നാണ് വിവരം. സംഭവത്തിൽ കോഴിക്കോട് സ്വദേശി നിരീക്ഷണത്തിലാണ്.
വെള്ളിയാഴ്ച രാത്രി കൊച്ചി നേവൽ ബേസ് ആസ്ഥാനത്തെ ലാന്റ് ഫോണിൽ പ്രധാനമന്ത്രിയുടെ ഓഫിസിൽ നിന്നാണെന്ന വ്യാജേന വിളിച്ചാണ് ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചത്. രാഘവൻ എന്ന പേര് പറഞ്ഞാണ് അജ്ഞാതൻ ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻ സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കാൻ ശ്രമിച്ചത്. സംഭവത്തിൽ നേവിയുടെ പരാതിയിൽ ഹാർബർ പൊലീസ് കഴിഞ്ഞ ദിവസമാണ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
ALSO READ: INS വിക്രാന്തിൻ്റെ ലൊക്കേഷൻ സംബന്ധിച്ച വിവരം ശേഖരിക്കാൻ ശ്രമം; കേസെടുത്ത് കൊച്ചി ഹാർബർ പൊലീസ്
അതേസമയം, വെടിനിർത്തൽ കരാറിന് പിന്നാലെ ജമ്മു കശ്മീരിലെ അതിർത്തി ജില്ലകള്‍ ശാന്തമാകുന്നുവെന്നാണ് റിപ്പോർട്ടുകൾ. അര്‍ധരാത്രിക്കുശേഷം എവിടെയും അനിഷ്ട സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ശ്രീനഗറിലും പൂഞ്ചിലും അഖ്നൂരിലും പുതിയ ഡ്രോണ്‍ സെെറ്റിംഗുകളില്ല. ഡ്രോണ്‍ തകർന്നുവീണ പഞ്ചാബിലെ ഫിറോസ്‌പൂരിലും, പത്താന്‍കോട്ടിലും നിലവിൽ സ്ഥിതി ശാന്തമാണ്.
കശ്മീരടക്കം ഇന്ത്യ-പാകിസ്ഥാൻ തിര്‍ത്തി മേഖലകളിലെല്ലാം കനത്ത ജാഗ്രത തുടരുകയാണ്. ജമ്മു അടക്കമുള്ള അതിര്‍ത്തി മേഖലകളും സാധാരണ നിലയിലേക്ക് പോവുകയാണ്. ഇന്നത്തെ പകലും രാത്രിയും വെടിനിര്‍ത്തൽ കരാറിൽ നിര്‍ണായകമാണ്. അതേസമയം, അമൃത്സറില്‍ ഹെെ അലർട്ട് തുടരുന്നു. ജനങ്ങള്‍ വീടിനുള്ളില്‍ തുടരണമെന്നും ജനാലകള്‍ക്ക് സമീപം പോകരുതെന്നും കളക്ടറുടെ നിർദേശമുണ്ട്. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ജാഗ്രത തുടരണമെന്നാണ് നിർദേശം. ഇവിടങ്ങളിലെ വെെദ്യുതി പുനസ്ഥാപിച്ചു. സെെറണുകള്‍ മുഴങ്ങിയേക്കുമെന്നും മുന്നറിയിപ്പുണ്ട്.