കഴിഞ്ഞ ദിവസമാണ് ടൂറിസ്റ്റ് ബസിൽ തുടരും സിനിമയുടെ വ്യാജ പതിപ്പ് പ്രദർശിപ്പിച്ചത്
തുടരും സിനിമയുടെ വ്യാജ പതിപ്പ് ടൂറിസ്റ്റ് ബസിൽ പ്രദർശിപ്പിച്ചു. സമീപകാലത്ത് ഏറ്റവും ജനപ്രീതി നേടിയ മോഹൻലാൽ ചിത്രം ബോക്സ് ഓഫീസിൽ മികച്ച കളക്ഷനുമായി പ്രദർശനം തുടരുന്നതിനിടെയാണ് വ്യാജ പതിപ്പ് ഇറങ്ങിയിരിക്കുന്നത്. സംഭവത്തിൽ നിർമാതാവ് എം. രഞ്ജിത്ത് പരാതി നൽകി.
കഴിഞ്ഞ ദിവസമാണ് ടൂറിസ്റ്റ് ബസിൽ തുടരും സിനിമയുടെ വ്യാജ പതിപ്പ് പ്രദർശിപ്പിച്ചത്. മറ്റൊരു ബസിൽ യാത്ര ചെയ്തിരുന്നവർ ഇത് കാണുകയും വിവരം സിനിമയിലെ അഭിനേതാവായ ബിനു പപ്പുവിനെ അറിയിക്കുകയുമായിരുന്നു. ബിനുവാണ് ഇക്കാര്യം നിർമാതാവിന്‍റെ ശ്രദ്ധയില്‍പ്പെടുത്തിയത്. വ്യാജ പതിപ്പ് പ്രദർശിപ്പിക്കുന്ന ചിത്രങ്ങൾ സഹിതമാണ് നിർമാതാവ് പരാതി നൽകിയിരിക്കുന്നത്.
Also Read: ലിസ്റ്റിൻ സ്റ്റീഫൻ്റെ വാക്കുകളിലും പ്രവൃത്തികളിലും ഒറ്റുകാരൻ്റെ കൊതിയും കിതപ്പും: സാന്ദ്രാ തോമസ്
ഫാമിലി ഡ്രാമ എന്ന നിലയ്ക്ക് ചെറിയ ബജറ്റിൽ ഇറങ്ങിയ ചിത്രത്തിന് നിർമാതാക്കള്‍ വലിയ തോതിൽ പ്രചരണം നൽകിയിരുന്നില്ല. എന്നാൽ, റിലീസായതിനു ശേഷം ചിത്രത്തിലെ ആക്ഷൻ, ത്രില്ലർ രംഗങ്ങളും മോഹൻലാലിന്റെയും പ്രതിനായകനായ പ്രകാശ് വർമയുടേയും പ്രകടനങ്ങൾക്ക് വലിയതോതിലുള്ള മൗത്ത് പബ്ലിസിറ്റിയാണ് ലഭിച്ചത്. റിലീസായി രണ്ടാം ഞായറാഴ്ചയിലെ കണക്കുകൾ പരിശോധിച്ചാൽ 9.08 കോടിയാണ് ഇന്ത്യയിലെ മൊത്തം കളക്ഷൻ. ഓൺലൈൻ ട്രാക്കർമാർ പുറത്തുവിടുന്ന കണക്കുകൾ പ്രകാരം, ചിത്രം ആഗോള ബോക്സ് ഓഫീസിൽ നിന്ന് 150 കോടി കടന്നിട്ടുണ്ട്. ഇത് ശരിയാണെങ്കിൽ 150 കോടിയിൽ അധികം നേടുന്ന ആറാമത്തെ മലയാള ചിത്രമായിരിക്കുകയാണ് തുടരും.
റാന്നിയിലെ ഒരു ഗ്രാമത്തിലുള്ള ഷൺമുഖം എന്ന ടാക്‌സി ഡ്രൈവറായാണ് മോഹൻലാൽ സിനിമയിൽ അഭിനയിച്ചിരിക്കുന്നത്. തരുണ്‍ മൂർത്തിയാണ് സംവിധാനം. കെ.ആർ. സുനിലിന്റെ കഥയ്ക്ക് തിരക്കഥ എഴുതിയിരിക്കുന്നത് തരുൺ മൂർത്തിയും കെ.ആർ. സുനിലും ചേർന്നാണ്.
Also Read: Darlings : 'സ്ത്രീകള്‍ക്കെതിരായ അതിക്രമം ആരോഗ്യത്തിന് ഹാനികരം' എന്ന് പഠിപ്പിച്ച ബദ്രുന്നീസ
രജപുത്ര വിഷ്വൽ മീഡിയയുടെ ബാനറിൽ എം. രഞ്ജിത്താണ് ചിത്രം നിർമിച്ചിരിക്കുന്നത്. മോഹൻലാൽ, ശോഭന എന്നിവരെ കൂടാതെ ബിനു പപ്പു, മണിയൻ പിള്ള രാജു, ഫർഹാൻ ഫാസിൽ എന്നിവരാണ് ചിത്രത്തിലെ പ്രധാന അഭിനേതാക്കൾ. ശബ്ദ സംവിധാനം വിഷ്ണു ഗോവിന്ദ്, കലാസംവിധാനം ഗോകുൽ ദാസ്.