ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന ഇടങ്ങളിൽ നിന്നുമാണ് 19 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചത്
കോഴിക്കോട് മഴ കനത്തതോടെ വിലങ്ങാട് നിന്നും കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. ഉരുൾപൊട്ടൽ ഭീഷണി നിലനിൽക്കുന്ന ഇടങ്ങളിൽ നിന്നുമാണ് 19 കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചത്. ഇന്നലെ മഞ്ഞച്ചീളിലെ 9 കുടുംബങ്ങളിൽ നിന്നായി 36 പേരെ മാറ്റി താമസിപ്പിച്ചിരുന്നു.
വിലങ്ങാട് സെൻ്റ് ജോർജ് ഹൈസ്കൂളിലെ താത്കാലിക ക്യാമ്പിലേക്കാണ് കുടുംബങ്ങളെ മാറ്റിയത്. 19 കുടുംബങ്ങളിൽ നിന്നായി 56 പേരെയാണ് മാറ്റിപ്പാർപ്പിച്ചിരിക്കുന്നത്. വിലങ്ങാട് പന്നിയേരി ഉന്നതിയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് കഴിഞ്ഞ ദിവസം കുടുംബങ്ങളെ മാറ്റിപാർപ്പിച്ചിരുന്നു.
പന്നിയേരി പാലിൽ ലീലയുടെ വീടിന് പിൻവശത്താണ് കഴിഞ്ഞ ദിവസം മണ്ണിടിച്ചിൽ ഉണ്ടായത്. ശക്തമായ മഴയിൽ മണ്ണും, കല്ലും മഴവെള്ളത്തോടൊപ്പം പതിക്കുകയായിരുന്നു. കുടുംബത്തെ നിലവിൽ മാറ്റി താമസിപ്പിച്ചിരിക്കുകയാണ്. നാട്ടുകാർ ഇടപെട്ടാണ് ലീലയെയും കുടുംബത്തെയും മാറ്റി താമസിപ്പിച്ചത്. കഴിഞ്ഞ വർഷം ഉരുൾപൊട്ടലിനെ തുടർന്ന് ഇതേ സ്ഥലത്ത് മണ്ണിടിച്ചിൽ ഉണ്ടായിരുന്നു.
ALSO READ: നാശം വിതച്ച് പെരുമഴ; സംസ്ഥാനത്ത് വ്യാപക നാശനഷ്ടം; ആറ് മരണം നിരവധി പേർക്ക് പരിക്ക്
അതേസമയം പെരുമഴയിൽ സംസ്ഥാനത്തൊട്ടാകെ വലിയ നാശനഷ്ടങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മഴക്കെടുതിയിൽ ആറ് മരണം റിപ്പോർട്ട് ചെയ്തു. ഇടുക്കി, കോഴിക്കോട്, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ കനക്കുകയാണ്. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്ന് വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. മഴ കനത്തത്തോടെ കല്ലാർക്കുട്ടി, മലങ്കര അടക്കം വിവിധ ഡാമുകൾ തുറന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. തീരപ്രദേശങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
കോഴിക്കോട് വടകരയിൽ തെങ്ങ് കടപുഴകി വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. വില്ല്യാപ്പള്ളി സ്വദേശി പവിത്രനാണ് മരിച്ചത്. ഇടുക്കി പാമ്പാടുംപാറയിൽ മരം വീണ് പരിക്കേറ്റ ചികിത്സയിലായിരുന്ന മധ്യപ്രദേശ് സ്വദേശി മാലതി മരിച്ചു. കൊടുങ്ങല്ലൂരിൽ കാഞ്ഞിരപ്പുഴയിൽ മണൽ വാരുന്നതിനിടയിൽ വഞ്ചി മറിഞ്ഞ് കാണാതായ രണ്ടാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. കൊട്ടിക്കൽ ഓട്ടറാട്ട് പ്രദീപിൻ്റെ മൃതദേഹമാണ് പടിഞ്ഞാറെ വെമ്പല്ലൂർ കടപ്പുറത്തടിഞ്ഞത്. പാലക്കാട് തിരുമിറ്റക്കോട് മീൻപിടിക്കാൻ പോയ നാൽപ്പത്തിയെട്ടുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു. തിരുമിറ്റക്കോട് സ്വദേശി സുരേഷാണ് മരിച്ചത്.