fbwpx
നാശം വിതച്ച് പെരുമഴ; സംസ്ഥാനത്ത് വ്യാപക നാശനഷ്ടം; ആറ് മരണം നിരവധി പേർക്ക് പരിക്ക്
logo

ന്യൂസ് ഡെസ്ക്

Last Updated : 25 May, 2025 08:02 PM

പ്രതികൂല കാലാവസ്ഥയെ തുടർന്ന് സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി

KERALA

സംസ്ഥാനത്ത് മഴക്കെടുതിയിൽ മരണം ആറായി. ഇടുക്കി, കോഴിക്കോട്, തൃശൂർ, പാലക്കാട് എന്നീ ജില്ലകളിലാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. സംസ്ഥാനത്ത് എല്ലാ ജില്ലകളിലും മഴ കനക്കുകയാണ്. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ നിന്ന് വ്യാപക നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. മഴ കനത്തത്തോടെ കല്ലാർക്കുട്ടി, മലങ്കര അടക്കം വിവിധ ഡാമുകൾ തുറന്നു. പ്രതികൂല കാലാവസ്ഥയെ തുടർന്ന് സംസ്ഥാനത്തെ ടൂറിസം കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. തീരപ്രദേശങ്ങളിലും ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.


കോഴിക്കോട് വടകരയിൽ തെങ്ങ് കടപുഴകി വീണ് ബൈക്ക് യാത്രക്കാരൻ മരിച്ചു. വില്ല്യാപ്പള്ളി സ്വദേശി പവിത്രനാണ് മരിച്ചത്. ഇടുക്കി പാമ്പാടുംപാറയിൽ മരം വീണ് പരിക്കേറ്റ ചികിത്സയിലായിരുന്ന മധ്യപ്രദേശ് സ്വദേശി മാലതി മരിച്ചു. കൊടുങ്ങല്ലൂരിൽ കാഞ്ഞിരപ്പുഴയിൽ മണൽ വാരുന്നതിനിടയിൽ വഞ്ചി മറിഞ്ഞ് കാണാതായ രണ്ടാമത്തെ ആളുടെ മൃതദേഹവും കണ്ടെത്തി. കൊട്ടിക്കൽ ഓട്ടറാട്ട് പ്രദീപിൻ്റെ മൃതദേഹമാണ് പടിഞ്ഞാറെ വെമ്പല്ലൂർ കടപ്പുറത്തടിഞ്ഞത്. പാലക്കാട് തിരുമിറ്റക്കോട് മീൻപിടിക്കാൻ പോയ നാൽപ്പത്തിയെട്ടുകാരൻ വെള്ളക്കെട്ടിൽ വീണ് മരിച്ചു. തിരുമിറ്റക്കോട് സ്വദേശി സുരേഷാണ് മരിച്ചത്.


ALSO READ: കേരളാ തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; മെയ് 29 വരെ മത്സ്യബന്ധനത്തിന് വിലക്ക്


മലപ്പുറം വാലില്ലാപുഴയിൽ വീടിൻ്റെ ഭിത്തി തകർന്ന് വീണ് ഒന്നര മാസം പ്രായമായ കുഞ്ഞിന് പരിക്കേറ്റു. വാലില്ലാപുഴ ഒളിപാറമ്മൽ അജിയുടെയും അലീനയുടെയും മകൾ അൻഹക്കാണ് പരിക്കേറ്റത്. ആലപ്പുഴ തകഴിയിൽ ശക്തമായകാറ്റിൽ മരം വീണ് വീട് ഭാഗികമായി തകർന്ന് വീണ് 5 പേർക്ക് പരിക്കേറ്റു. ഇടുക്കിയിൽ ശക്തമായ കാറ്റിൽ ഏക്കർ കണക്കിന് റബ്ബർ കൃഷി നശിച്ചു. നിരവധി വൈദ്യുത പോസ്റ്റുകൾ നിലംപതിച്ചു. ഇടുക്കി മലങ്കര ഡാം മുന്നറിയിപ്പില്ലാതെ തുറന്നത് ആശങ്കയ്ക്ക് ഇടയാക്കി. ഡാമിന്റെ അഞ്ച് ഷട്ടറുകളും രാത്രി തുറക്കുകയായിരുന്നു.


വിവിധ ജില്ലകളിൽ കനത്ത നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോഴിക്കോട്, മലപ്പുറം, വയനാട്, ഇടുക്കി, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ കാറ്റിലും മഴയിലും മരങ്ങൾ കടപുഴയി വൈദ്യുത പോസ്റ്റുകൾ തകർന്നു. കല്ലാർകുട്ടി ഡാമിന്റെയും ഷട്ടറുകൾ വീണ്ടും ഉയർത്തി. 15 സെന്റിമീറ്ററാണ് ഇന്ന് ഉയർത്തിയത്. എറണാകുളം ജില്ലയിൽ ഭൂതത്താൻകെട്ട് ഡാമിന്റെ 4 ഷട്ടറുകൾ തുറന്നു. ആവശ്യമെങ്കിൽ ഇനിയും ഷട്ടർ ഉയർത്തുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി. ഡാമുകൾ തുറന്നതോടെ പെരിയാറിന്റെയും തൊടുപുഴ, മൂവാറ്റുപുഴ നദികളുടെയും തീരത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം നിർദേശം പുറപ്പെടുവിച്ചു.


കാലവർഷം കനത്ത കോഴിക്കോട് ഉരുൾപൊട്ടൽ ഭീഷണിയുള്ള മേഖലകളിൽ ക്യാമ്പുകൾ തുറന്നു. തൊട്ടിൽപ്പാലത്ത് കുറ്റ്യാടി പുഴയുടെ കൈവഴിയായ കരിങ്ങാട് തോടിന്റെ തീരം ഇടിഞ്ഞതിനെ തുടർന്ന് 14 പേരെ മാറ്റി താമസിപ്പിച്ചു. പത്തോളം കുടുംബങ്ങളെ ക്യാമ്പിലേക്കു മാറ്റി. നല്ലളത്ത് താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്നുണ്ട്.


ALSO READ: അതിതീവ്ര മഴ; പത്ത് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി


മാനന്തവാടിയിൽ റോഡ് നിർമാണം നടക്കുന്ന കൊയിലേരി - പയ്യമ്പള്ളി പ്രദേശത്ത് കനത്ത മഴയിൽ റോഡിൽ നിന്നുള്ള ചെളിയടക്കം വീടുകളിലേക്ക് കയറുന്ന സ്ഥിതിയാണ്. പടിഞ്ഞാറത്തറ പഞ്ചായത്തിൽ അഞ്ച് വീടുകളിൽ വെള്ളം കയറി. സുത്താൻബത്തേരിയിൽ ശക്തമായ കാറ്റിൽ വീടിന് മുകളിലേക്ക് മരം വീണ് ഒരാൾക്ക് പരിക്കേറ്റു. ചുരത്തിൽ മരങ്ങൾ വീഴാനും, മണ്ണിടിച്ചിലിനും സാധ്യതയുള്ളതിനാൽ ചുരത്തിലെ വാഹന പാർക്കിംഗ് ഒഴിവാക്കണമെന്ന് താമരശ്ശേരി ചുരം സംരക്ഷണ സമിതി അറിയിച്ചു.

കനത്ത മഴയിൽ കണ്ണൂർ കുപ്പത്ത് ഇന്ന് വീണ്ടും മണ്ണിടിച്ചിലുണ്ടായി. നേരത്തെ ഇടിഞ്ഞ സ്ഥലത്തോട് ചേർന്നാണ് മണ്ണിടിഞ്ഞത്. പാലക്കാട് കുളപ്പുള്ളി പാതയിലും ഒറ്റപ്പാലം കിഴക്കേത്തോട് പാലത്തിൽ മണ്ണിടിച്ചിലുണ്ടായി, ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.



പ്രതികൂല കാലാവസ്ഥയെത്തുടർന്ന് സംസ്ഥാനത്തെ വിനോദ സഞ്ചാരകേന്ദ്രങ്ങളിലെല്ലാം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള തീരമേഖലകളിൽ റെഡ് അലേർട്ട് പുറപ്പെടുവിച്ചു. 3 മുതൽ 4.2 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ കനത്ത മഴയിൽ മരം വീണ് വീടുകൾക്കും വസ്തുവകകൾക്കും നാശനഷ്ടങ്ങളുണ്ടായി. പലയിടത്തും ഗതാഗതം തടസ്സപ്പെട്ടു. നദികളിൽ നീരൊഴുക്ക് കൂടുകയും ഡാമുകളിലെ ജലനിരപ്പ് ഉയരുകയും ചെയ്യുന്ന പശ്ചാത്തലത്തിൽ വിവിധ ജില്ലകളിൽ ജാഗ്രതാ നിർദേശങ്ങൾ നൽകിയിട്ടുണ്ട്.

IPL 2025
ക്ലാസിക് ക്ലാസന്‍ - തകര്‍പ്പന്‍ ജയത്തോടെ ഹൈദരാബാദിന്റെ മടക്കം
Also Read
user
Share This

Popular

KERALA
KERALA
കെട്ടിടത്തിലെ അഞ്ചാം നിലയിൽ നിന്നും വീണു; കൊച്ചിയിലെ ബാർ ഉടമ മൂന്നാറിൽ മരിച്ച നിലയിൽ