'അവൾ വീട്ടിൽ തിരിച്ചെത്തിയിരിക്കുന്നു'; ഹമാസ് കൈമാറിയ മൃതദേഹം ഷിരി ബിബാസിൻ്റേതെന്ന് കുടുംബം

മൃതദേഹം പരിശോധിച്ച ഇസ്രയേല്‍ ഫോറൻസിക് ഉദ്യോഗസ്ഥർ ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല
ഷിരി ബിബാസ്
ഷിരി ബിബാസ്
Published on

ഹമാസ് കൈമാറിയ മൃതദേഹം ഷിരി ബിബാസിൻ്റെ തന്നെയെന്ന് കുടുംബം. എന്നാൽ മൃതദേഹം പരിശോധിച്ച ഇസ്രയേല്‍ ഫോറൻസിക് ഉദ്യോഗസ്ഥർ ഇതുവരെ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. വെടിനിർത്തൽ കരാറിന്റെ ഭാ​ഗമായി ഇസ്രയേല്‍ ബന്ദിയായിരുന്ന ഷിരിയുടെ അടക്കം നാല് മൃതദേഹങ്ങള്‍ കൈമാറുമെന്നായിരുന്നു ഹമാസ് അറിയിച്ചിരുന്നത്. എന്നാൽ പരിശോധനയിൽ ഷിരിയുടെ ഭൗതികശരീരമല്ല ലഭിച്ചതെന്ന് ഇസ്രയേൽ കണ്ടെത്തി. ഇതിനു പിന്നാലെയാണ് ഹമാസ് ഷിരിയുടെ മൃതദേഹാവശിഷ്ടങ്ങൾ കൈമാറിയത്.


"ഞങ്ങളുടെ ഷിരി തടവിൽ വെച്ച് കൊല്ലപ്പെട്ടു, അവൾ ഇപ്പോൾ വീട്ടിൽ തിരിച്ചെത്തിയിരിക്കുന്നു. 16 മാസമായി ഞങ്ങൾ ഒരു ഉറപ്പ് തേടുകയായിരുന്നു. ഇപ്പോൾ ഞങ്ങൾക്ക് അത് ലഭിച്ചു. അത് വലിയ ആശ്വാസമൊന്നും നൽകുന്നില്ല. പക്ഷേ എല്ലാത്തിനും ഒരു അവസാനമാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്" ഷിരിയുടെ കുടുംബം പറഞ്ഞു.



വെടിനിർത്തൽ കരാറിൻ്റെ ഭാഗമായി കൊല്ലപ്പെട്ട ബന്ദികളുടെ മൃതദേഹം ആദ്യമായിട്ടാണ് ഹമാസ് ഇസ്രയേലിന് കൈമാറിയത്. ബന്ദികളായിരുന്ന ഷിരി ബിബാസ്, കുട്ടികളായ ഏരിയൽ, ക്ഫി‍ർ എന്നിവരുടെയും മറ്റൊരു ബന്ദിയായ ഒഡെഡ് ലിഫ്ഷിറ്റ്സ് എന്നിവരുടെ മൃതദേഹങ്ങളാണ് കൈമാറുക എന്നാണ് ഹമാസ് അറിയിച്ചിരുന്നത്. എന്നാൽ ഗാസയിലെ ഖാൻ യൂനിസിലെ ബനി സുഹൈലയിൽ വച്ച് കൈമാറ്റം ചെയ്ത മൃതദേഹം ഷിരിയുടേത് അല്ല എന്ന ഇസ്രയേൽ അറിയിച്ചു. ഇസ്രയേൽ വ്യോമാക്രമണത്തിൽ ഷിരി ബിബാസിന്റെ മൃതദേഹഭാഗങ്ങൾ മറ്റ് ശരീരാവശിഷ്ടങ്ങളുമായി കൂടിക്കലർന്നതാണ് ആശയക്കുഴപ്പത്തിനു കാരണമെന്നായിരുന്നു ഹമാസിന്റെ വിശദീകരണം. ഇതിനു പിന്നാലെയാണ് ഷിരിയുടെ മൃതദേഹാവശിഷ്ടങ്ങള്‍ ഹമാസ് ഇസ്രയേലിനു കൈമാറിയത്. 


ഷിരി ബിബാസും അവരുടെ രണ്ട് മക്കളും ഇസ്രയേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് കഴിഞ്ഞ ഒരു വർഷമായി ഹമാസ് അവകാശപ്പെടുന്നു. എന്നാൽ ഹമാസ് തടവിൽ വെച്ചാണ് ഇവർ കൊല്ലപ്പെട്ടതെന്നാണ് ഇസ്രയേലിന്റെ വാദം. 2023 ഒക്ടോബർ 7 ന് ഇസ്രയേലിൽ നടന്ന ഹമാസ് ആക്രമണത്തിനിടെയാണ് ഷിരി, ഭർത്താവ് യാർദൻ, ഏരിയൽ, ക്ഫിർ ബിബാസ് എന്നിവരെ ഹമാസ് ബന്ദികളാക്കിയത്. ഫെബ്രുവരി ഒന്നിന് യാർദൻ ബിബാസിനെ ഹമാസ് മോചിപ്പിച്ചിരുന്നു.

അതേസമയം, വെടിനിർത്തൽ കരാറിന്റെ ഭാ​ഗമായി അഞ്ച് ഇസ്രയേല്‍ ബന്ദികളെ കൂടി ഹമാസ് റെഡ് ക്രോസിന് കൈമാറി. എലിയ കോഹൻ, ഒമർ ഷെം ടോവ്, ഒമർ വെങ്കർട്ട്, താൽ ഷോഹാം, അവെര മെൻഗിസ്റ്റോ എന്നിവരെയാണ് ഹമാസ് മോചിപ്പിച്ചത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com