'ഡൽഹി ചലോ' മാർച്ചിൽ വീണ്ടും സംഘർഷം; കണ്ണീർ വാതക പ്രയോഗത്തിൽ 9 കർഷകർക്ക് പരുക്ക്

സമാധാനപരമായി ഡൽഹിയിലേക്ക് മാർച്ച് നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും അതിന് അനുവദിക്കണമെന്നും കർഷക നേതാക്കൾ ആവശ്യം ഉന്നയിച്ചെങ്കിലും പൊലീസ് അനുമതി നിഷേധിച്ചു
'ഡൽഹി ചലോ' മാർച്ചിൽ വീണ്ടും സംഘർഷം; കണ്ണീർ വാതക പ്രയോഗത്തിൽ 9 കർഷകർക്ക് പരുക്ക്
Published on

രണ്ട് ദിവസത്തിന് ശേഷം ശംഭു അതിർത്തിയിൽ നിന്ന് പുനരാരംഭിച്ച കർഷക സംഘടനകളുടെ ഡൽഹി ചലോ മാർച്ചിന് നേരെ വീണ്ടും ഹരിയാന പൊലീസിൻ്റെ അതിക്രമം. കഴിഞ്ഞ ദിവസത്തേതിന് സമാനമായി കർഷകരുടെ ജാഥയ്ക്ക് നേരെ ഇന്നും കണ്ണീർ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. സമാധാനപരമായി ഡൽഹിയിലേക്ക് മാർച്ച് നടത്താനാണ് ഉദ്ദേശിക്കുന്നതെന്നും അതിന് അനുവദിക്കണമെന്നും കർഷക നേതാക്കൾ ആവശ്യം ഉന്നയിച്ചെങ്കിലും പൊലീസ് അനുമതി നിഷേധിച്ചു.

തുടർന്ന് ഹരിയാനയിലേക്ക് കടക്കാനുള്ള കർഷകരുടെ ശ്രമം ബലം പ്രയോഗിച്ച് പൊലീസ് തടഞ്ഞു. ടിയർ ഗ്യാസ് ഷെല്ലിലെ പെല്ലറ്റ് തറച്ച് അഞ്ച് കർഷകർക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ ചണ്ഡീഗഡിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭുവിൽ രാവിലെ മുതൽ പൊലീസ് സംഘത്തെ വിന്യസിച്ചിട്ടുണ്ടെന്ന് ഡിഎസ്‌പി ഷഹബാദ് രാംകുമാർ ദേശീയ വാർത്താ ഏജൻസിയായ എഎൻഐയോട് പറഞ്ഞു.

"ഹരിയാനയിലേക്ക് കടക്കേണ്ട കർഷകരുടെ തിരിച്ചറിയൽ രേഖകളും അനുമതിയും ഞങ്ങൾ പരിശോധിക്കുമെന്ന് നേരത്തെ വ്യക്തമായ നിർദേശം നൽകിയിരുന്നു. അതിനുശേഷം മാത്രമേ അവരെ മുന്നോട്ട് പോകാൻ അനുവദിക്കൂയെന്നും അറിയിച്ചിരുന്നു. എന്നാൽ പ്രതിഷേധക്കാർ ഈ ആവശ്യം തള്ളി. അവർ സമാധാനം പാലിക്കണം. അനുവാദം വാങ്ങിയ ശേഷം മാത്രം ഹരിയാനയിലേക്ക് പ്രവേശിക്കണമെന്നാണ് ഞങ്ങൾ നിർദേശിക്കുന്നത്," ഡിഎസ്‌പി ഷഹബാദ് രാംകുമാർ പറഞ്ഞു.

ഇന്നത്തെ 'ജാഥ' പിൻവലിക്കാൻ തീരുമാനിച്ചതായി കർഷക നേതാവ് സർവാൻ സിങ് പന്ദേർ പറഞ്ഞു. "പ്രക്ഷോഭം തുടരും, ഗുരുതരമായി പരുക്കേറ്റ ഒരു കർഷകനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഒൻപത് കർഷകർക്ക് പരുക്കേറ്റു. അതിനാൽ ഞങ്ങൾ ഇന്നത്തെ ജാഥ പിൻവലിച്ചു. ഭാവി പരിപാടിയെക്കുറിച്ച് ഞങ്ങൾ മാധ്യമങ്ങളെ അറിയിക്കും," സർവാൻ സിങ് പന്ദേർ വ്യക്തമാക്കി.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com