പരീക്ഷാഫലം പ്രഖ്യാപിക്കാത്തത് കുട്ടികളുടെ ഉപരിപഠന സാധ്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷൻ ഉത്തരവ് പുറത്തിറക്കിയത്
കോഴിക്കോട് താമരശേരിയിലെ ഷഹബാസ് കൊലക്കേസിൽ കുറ്റാരോപിതരുടെ ഫലം പുറത്തുവിടണമെന്ന ബാലാവകാശ കമ്മീഷൻ ഉത്തരവിനെതിരെ ഷഹബാസിൻ്റെ പിതാവ്. ഉത്തരവ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ഷഹബാസിൻ്റെ പിതാവ് ഇക്ബാൽ ബാലാവകാശ കമ്മീഷന് കത്തയച്ചു.
കഴിഞ്ഞ ദിവസമാണ് ബാലാവകാശ കമ്മീഷൻ കുറ്റാരോപിതരായ വിദ്യാർഥികളുടെ ഫലം 18നകം പുറത്തുവിടണം എന്ന ഉത്തരവ് പുറത്തുവിട്ടത്. പ്ലസ് ടു പ്രവേശത്തിനുള്ള അപേക്ഷാ തീയതി തീരുമാനിച്ചിരിക്കുന്ന സാഹചര്യത്തില്‍, പരീക്ഷാഫലം പ്രഖ്യാപിക്കാത്തത് കുട്ടികളുടെ ഉപരിപഠന സാധ്യതയെ ബാധിക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് ബാലാവകാശ കമ്മീഷൻ ഉത്തരവ് പുറത്തിറക്കിയത്.
പരീക്ഷാഫലം പ്രഖ്യാപിക്കാത്തത് കുട്ടികളുടെ ഉപരിപഠന സാധ്യതയെ ബാധിക്കുമെന്നും ഉത്തരവിൽ പറയുന്നു. കുറ്റാരോപിതരുടെ പരീക്ഷാ ഫലം പരീക്ഷാഭവൻ തടഞ്ഞുവെച്ചിരുന്നു. പരീക്ഷാ ഭവൻ സൈറ്റിൽ ഇവരുടെ ഫലം വിത്ത് ഹെൽഡ് എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിനുപിന്നാലെയാണ് ബാലാവകാശ കമ്മീഷൻ ഇടപെട്ടത്.
കുറ്റരോപിതർക്ക് പരീക്ഷ എഴുതാൻ അനുമതി നൽകിയതിനെതിരെയും പിതാവ് കോടതിയെ സമീപിച്ചിരുന്നു. കുറ്റകൃത്യത്തിന്റെ തീവ്രത മനസിലാക്കാതെ കേസിലെ ഒന്ന് മുതൽ അഞ്ചു വരെയുള്ള പ്രതികളെ പരീക്ഷ എഴുതാൻ അനുവദിച്ച് കോഴിക്കോട് ബാലനീതി ബോർഡ് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഹർജി നൽകിയത്. വിദ്യാർഥികളെ പരീക്ഷ എഴുതുന്നതിൽ നിന്ന് വിലക്കാൻ നിയമമില്ലലെന്ന് അറിയിച്ച കോടതി ആരോപണ വിധേയരെ പരീക്ഷ എ ഴുതാൻ അനുവാദം നൽകുകയും ചെയ്തു.
ഫെബ്രുവരി 28നാണ് വിദ്യാർഥികൾ തമ്മിൽ ഏറ്റുമുട്ടിയതിനെ തുടർന്ന് പത്താം ക്ലാസുകാരനായ ഷഹബാസ് കൊല്ലപ്പെട്ടത്. സംഘർഷത്തിൽ ഷഹബാസിൻ്റെ തലയോട്ടി തകർന്നുവെന്നാണ് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിലുണ്ടായിരുന്നത്.അടിയുടെ ആഘാതത്തിൽ തലച്ചോർ ഇളകിപോയ നിലയിലായിരുന്നെന്നും ഡോക്ടർമാർ പറഞ്ഞത്.