പ്രതീക്ഷിച്ച വിധിയാണ് വന്നതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വി.എസ്. വിനീത് കുമാർ പറഞ്ഞു
കാട്ടാക്കട ആദിശേഖർ കൊലക്കേസിലെ കോടതി വിധിയിൽ തൃപ്തനാണെന്ന് ആദിശേഖറിന്റെ പിതാവ് അരുൺ. പ്രതീക്ഷിച്ച വിധിയല്ല വന്നത്. വധശിക്ഷയാണ് പ്രതീക്ഷിച്ചത്. എങ്കിലും വിധിയിൽ തൃപ്തനാണ്. പ്രോസിക്യൂഷനുമായി ആലോചിച്ച് മുന്നോട്ടുള്ള നിയമനടപടിയിൽ തീരുമാനമെടുക്കുമെന്നും പിതാവ് അരുൺ ന്യൂസ് മലയാളത്തോട് പറഞ്ഞു.
അതേസമയം, പ്രതീക്ഷിച്ച വിധിയാണ് വന്നതെന്ന് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. വി.എസ്. വിനീത് കുമാർ പറഞ്ഞു. സിസിടിവി ദൃശ്യങ്ങളാണ് കേസിൽ നിർണായകമായത്. സംഭവം നേരിട്ട് കണ്ടതുപോലെ കോടതിക്ക് തെളിവ് ലഭിച്ചു. അപകടമരണം എന്നാണ് പ്രതിഭാഗം വാദിച്ചത്. ഹാൻഡ് ബ്രേക്ക് എടുത്തതിനു പിന്നാലെ വാഹനം മുന്നോട്ടു നീങ്ങിയെന്നും, ബ്രേക്കിന് പകരം ആക്സിലറേറ്ററിൽ കാലമർത്തിപ്പോയി എന്നുമാണ് പ്രതി വാദിച്ചത്. എന്നാൽ വാദിക്കാൻ അല്ലാതെ തെളിയിക്കാൻ പ്രതിഭാഗത്തിന് കഴിഞ്ഞില്ല. ആദിശേഖറിനൊപ്പം കളിച്ചുകൊണ്ടു നിന്ന മൂന്ന് കുട്ടികളുടെ മൊഴിയും നിർണായകമായി. അപൂർവങ്ങളിൽ അപൂർവ്വമായ കേസ് എന്നാണ് ഞാൻ വാദിച്ചത്. എന്നാൽ കോടതി അംഗീകരിച്ചില്ല. കുടുംബം ആഗ്രഹിച്ചത് വധശിക്ഷയാണ് വി.എസ്. വിനീത് കുമാർ കൂട്ടിച്ചേർത്തു.
കേസിൽ പ്രതി പ്രിയരഞ്ജന് ജീവപര്യന്തവും പത്തുലക്ഷം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. തിരുവനന്തപുരം വഞ്ചിയൂർ കോടതിയാണ് ശിക്ഷ വിധിച്ചത്. 2023 ആഗസ്റ്റ് 30നാണ് പ്രതി 15 വയസുകാരനായ ആദിശേഖറിനെ കാറിടിച്ച് കൊലപ്പെടുത്തിയത്. പൂവച്ചൽ പുളിങ്കോട് ഭദ്രകാളി ക്ഷേത്ര മതിലിൽ പ്രിയരഞ്ജൻ മൂത്രമൊഴിച്ചത് ചോദ്യം ചെയ്തതാണ് ബന്ധു കൂടിയായ ആദിശേഖറിനെ പ്രതി കൊലപ്പെടുത്താൻ കാരണം.