ഫവാദ് ഖാന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇന്ത്യയില്‍ നിരോധിച്ചു
പാകിസ്ഥാനി നടന്‍ ഫവാദ് ഖാന്‍ ബോളിവുഡ് തിരിച്ചുവരവിന് ഒരുങ്ങിയ ചിത്രമായിരുന്നു അബിര്‍ ഗുലാല്‍. എന്നാല്‍ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ചിത്രം ഇന്ത്യയില്‍ നിരോധിക്കണമെന്ന ആവശ്യം സമൂഹമാധ്യമത്തില്‍ ഉയര്‍ന്നുവന്നിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തില്‍ തന്റെ അഭിപ്രായം അറിയിച്ചിരിക്കുകയാണ് നടന്‍ പ്രകാശ് രാജ്. ലാലന്‍ടോപ്പിന് നല്‍കിയ അഭിമുഖത്തിലാണ് പ്രകാശ് രാജ് തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
"സിനിമ നിരോധിക്കുന്നതിന് എതിരാണ് ഞാന്‍. അതിപ്പോള്‍ തീവ്ര വലതുപക്ഷ സിനിമയാണെങ്കിലും പ്രൊപ്പഗാണ്ട സിനിമയാണെങ്കിലും. പ്രേക്ഷകര്‍ തീരുമാനിക്കട്ടെ. അവര്‍ക്കാണ് അതിന് അവകാശം. പോണോഗ്രഫിയോ കുട്ടികള്‍ക്കെതിരെയുള്ള ആക്രമണമോ അല്ലാത്ത പക്ഷം സിനിമകള്‍ നിരോധിക്കാനാവില്ല", എന്നാണ് പ്രകാശ് രാജ് പറഞ്ഞത്.
ALSO READ : "കള്ളന്‍മാര്‍ എങ്ങനെ ക്രിയേറ്റീവ് ആകും?"; മോഷണം പണ്ടേ ബോളിവുഡില്‍ പതിവാണെന്ന് നവാസുദ്ദീന്‍ സിദ്ദിഖി
ഭീകരാക്രമണത്തിന് ശേഷം, ഇന്ത്യന്‍ ഫിലിം & ടെലിവിഷന്‍ ഡയറക്ടേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് അശോക് പണ്ഡിറ്റ് അബിര്‍ ഗുലാല്‍ ഇന്ത്യയില്‍ നിരോധിക്കണമെന്ന് പറഞ്ഞിരുന്നു. 30 വര്‍ഷമായി ഈ ആക്രമണങ്ങള്‍ തുടരുന്നതിനാല്‍ ഇത് രാജ്യത്തിന് എതിരായ യുദ്ധമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം ഫവാദ് ഖാന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഇന്ത്യയില്‍ നിരോധിച്ചു. ഫവാദിനെ കൂടാതെ ആതിഫ് അസ്ലം തുടങ്ങി മറ്റ് പാകിസ്ഥാനി താരങ്ങളുടെയും അക്കൗണ്ട് നിരോധിച്ചിട്ടുണ്ട്. അബിര്‍ ഗുലാല്‍ മെയ് 9നാണ് റിലീസ് ചെയ്യാന്‍ തീരുമാനിച്ചിരുന്നത്. വാണി കപൂറാണ് ചിത്രത്തിലെ നായിക.