
ഉരുൾപൊട്ടൽ ദുരന്തം അതിജീവിച്ച വയനാട് മുണ്ടക്കൈ സ്വദേശി ശ്രുതിക്കും പ്രതിശ്രുത വരനും വാഹനാപകടത്തിൽ പരുക്ക്. ചികിൽസയിൽ കഴിയുന്ന ശ്രുതിയുടെ പ്രതിശ്രുത വരൻ ജെൻസൻ്റെ ആരോഗ്യ നില ഗുരുതരമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പത്ത് വർഷമായി കൂടെയുള്ള ജെൻസണായിരുന്നു മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ 9 പേരെ നഷ്ടപ്പെട്ട ശ്രുതിക്ക് താങ്ങായി നിന്നത്.
ശ്രുതിയും പ്രതിശ്രുത വരൻ അമ്പലവയൽ സ്വദേശി ജെൻസനും സഞ്ചരിച്ച ഓമ്നി വാൻ ഇന്നലെ വൈകിട്ടാണ് അപകടത്തിൽ പെട്ടത്. കൽപ്പറ്റ കിൻഫ്രാ പാർക്കിന് സമീപം ദേശീയപാതയിലായിരുന്നു അപകടം. സ്വകാര്യ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 9 പേർക്ക് പരുക്കേറ്റു.
തലയ്ക്കു ഗുരുതരമായി പരിക്കേറ്റ ജെൻസൻ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ജെൻസൻ്റെ തലയ്ക്കാണ് ഗുരുതര പരിക്കേറ്റിട്ടുള്ളത്. ഇയാളുടെ നില ഗുരുതരമായി തുടരുന്നുവെന്ന് മൂപ്പൻസ് മെഡിക്കൽ കോളേജ് മെഡിക്കൽ സൂപ്രണ്ട് മനോജ് നാരായണൻ അറിയിച്ചു. പൂർണമായും മെഡിക്കൽ സപ്പോർട്ട് കൂടിയാണ് ഇപ്പോൾ ജീവൻ നിലനിർത്തുന്നത്. പൂർണ ആരോഗ്യവാനായി തിരിച്ചെത്തുമെന്ന് ഇപ്പോഴത്തെ സാഹചര്യത്തിൽ പറയാനാവില്ല. തുടർച്ചയായ രക്തസ്രാവം ആരോഗ്യസ്ഥിതി വഷളാക്കുകയാണെന്നും കൊടുക്കാൻ കഴിയാവുന്ന എല്ലാ ആധുനിക ചികിത്സാമുറകളും നൽകുന്നുണ്ടെന്നും ഡോക്ടർ പറഞ്ഞു. അപകടത്തിൽ പരുക്കേറ്റ ശ്രുതി കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിലാണ്.
വയനാട് ഉരുൾപൊട്ടലിൽ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരുൾപെടെ കുടുംബത്തിലെ 9 പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട് ജോലി സ്ഥലത്തായതിനാൽ മാത്രം ശ്രുതി ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഉറ്റവരെല്ലാം നഷ്ടപ്പെട്ടതോടെ പത്ത് വർഷമായി കൂടെയുള്ള ജെൻസൺ മാത്രമാണ് ശ്രുതിക്ക് ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനുള്ള കൈത്താങ്ങ്.
ALSO READ: വാഹനത്തിന് സൈഡ് നൽകിയില്ല; പഞ്ചായത്ത് അംഗത്തിനും മകൾക്കും മർദനം
വയനാട് ദുരന്തത്തിന് ഒരു മാസം മുൻപ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞിരുന്നു. അന്നു തന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിൻ്റെ പാലു കാച്ചലും.വിവാഹത്തിനായി സ്വരുക്കൂട്ടിവച്ചിരുന്നതെല്ലാം ഉരുൾപൊട്ടലിൽ നഷ്ടമായി. ഈ മാസം അവസാനം വിവാഹം നടത്താൻ തീരുമാനിച്ചിരിക്കെയാണ് വാഹനാപകടം.