മലവെള്ളപ്പാച്ചിൽ കുടുംബത്തെ കവർന്നെടുത്തു, വാഹനാപകടം പ്രിയതമനേയും; ശ്രുതിയെ തനിച്ചാക്കി ജെൻസണും യാത്രയായി

വയനാട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കവെയാണ് ജെൻസൺ മരിച്ചത്
മലവെള്ളപ്പാച്ചിൽ കുടുംബത്തെ കവർന്നെടുത്തു, വാഹനാപകടം പ്രിയതമനേയും; ശ്രുതിയെ തനിച്ചാക്കി ജെൻസണും യാത്രയായി
Published on

കേരളത്തിൻ്റെ പ്രാർഥനകൾ വിഫലമാക്കി വയനാട് ദുരന്തത്തിലെ അതിജീവിതയുടെ പ്രതിശ്രുത വരൻ മരിച്ചു. വയനാട് ചൂരൽമല സ്വദേശി ജെൻസണാണ് മരിച്ചത്. കഴിഞ്ഞ ദിവസം കൽപ്പറ്റ കിൻഫ്രാ പാർക്കിന് സമീപം ദേശീയപാതയിലുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ജെൻസൺ വയനാട് മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. പത്ത് വർഷമായി കൂടെയുള്ള ജെൻസണായിരുന്നു, ചൂരൽമല ദുരന്തത്തിൽ മാതാപിതാക്കളും സഹോദരിയും ഉൾപ്പെടെ കുടുംബത്തിലെ ഒന്‍പത് പേരെ നഷ്ടപ്പെട്ട ശ്രുതിക്ക് താങ്ങും തണലുമായി നിന്നിരുന്നത്.

വൈകിട്ട് 9 മണിയോടെയാണ് ആശുപത്രി അധികൃതർ മരണം സ്ഥിരീകരിച്ചത്. ശ്രുതിയും പ്രതിശ്രുത വരൻ അമ്പലവയൽ സ്വദേശി ജെൻസനും സഞ്ചരിച്ച ഒമ്നി വാൻ ഇന്നലെ വൈകിട്ടാണ് അപകടത്തിൽപെട്ടത്. ചൊവ്വാഴ്ച സ്വകാര്യ ബസുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 9 പേർക്ക് പരുക്കേറ്റിരുന്നു. 

തലയ്ക്കു ഗുരുതരമായി പരുക്കേറ്റതോടെ ജെൻസൺ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. ജെൻസണ്‍ന്‍റെ നില അതീവഗുരുതരമാണെന്ന് മൂപ്പൻസ് മെഡിക്കൽ കോളേജ് മെഡിക്കൽ സൂപ്രണ്ട് മനോജ് നാരാണൻ അറിയിച്ചിരുന്നു. തുടർച്ചയായ രക്തസ്രാവമാണ് മരണത്തിന് കാരണം. അപകടത്തിൽ പരുക്കേറ്റ ശ്രുതി കൽപറ്റയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

ചൂരൽമല ഉരുൾപൊട്ടലിൽ അച്ഛൻ ശിവണ്ണൻ, അമ്മ സബിത, സഹോദരി ശ്രേയ എന്നിവരുൾപ്പെടെ കുടുംബത്തിലെ 9 പേരെയാണ് ശ്രുതിക്ക് നഷ്ടമായത്. കോഴിക്കോട് ജോലി സ്ഥലത്തായിരുന്നതിനാൽ മാത്രം ശ്രുതി ദുരന്തത്തിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. ഉറ്റവരെല്ലാം നഷ്ടപ്പെട്ടതോടെ പത്ത് വർഷമായി കൂടെയുള്ള ജെൻസൺ മാത്രമായിരുന്നു ശ്രുതിക്ക് ജീവിതത്തിലേക്കുള്ള തിരിച്ചുവരവിനുള്ള കൈത്താങ്ങായി നിന്നത്.

ചൂരൽമല ഉരുൾപൊട്ടൽ ദുരന്തത്തിന് ഒരു മാസം മുൻപ് ഇവരുടെ വിവാഹ നിശ്ച‌യം കഴിഞ്ഞിരുന്നു. അന്നു തന്നെയായിരുന്നു ശ്രുതിയുടെ പുതിയ വീടിൻ്റെ പാലു കാച്ചലും. വിവാഹത്തിനായി സ്വരുക്കൂട്ടിവെച്ചിരുന്നതെല്ലാം ഉരുൾപൊട്ടലിൽ നഷ്ട‌മായി. ഈ മാസം അവസാനം വിവാഹം നടത്താൻ തീരുമാനിച്ചിരിക്കെയാണ് ഈ ദുരന്തം.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com