നീലേശ്വരം വെടിക്കെട്ടപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും; മന്ത്രിസഭാ യോഗത്തിൽ തീരുമാനം

വെടിക്കെട്ടപകടത്തിൽ പരുക്കേറ്റ ആറ് പേർ കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്
നീലേശ്വരം വെടിക്കെട്ടപകടം: പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും; മന്ത്രിസഭാ യോഗത്തിൽ തീരുമാനം
Published on

നീലേശ്വരത്ത് കളിയാട്ടത്തിനിടെയുണ്ടായ വെടിക്കെട്ടപകടത്തിൽ പരുക്കേറ്റവരുടെ ചികിത്സാ ചെലവ് സർക്കാർ ഏറ്റെടുക്കും. ഇന്ന് ചേർന്ന മന്ത്രിസഭായോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമായത്.

അതേസമയം, പരുക്കേറ്റ ആറ് പേർ കോഴിക്കോട് മിംസ് ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. നാല് പേരുടെ നില അതീവ ഗുരുതരമാണ്. നാല് പേരും വെന്റിലേറ്ററിൽ തുടരുന്നു. കഴിഞ്ഞ ദിവസമുണ്ടായ ദുരന്തത്തിൽ, സ്ത്രീകളും കുട്ടികളുമുൾപ്പെടെ 150ലധികം ആളുകൾക്കാണ് പരുക്കേറ്റത്. ആളുകൾ തടിച്ചുകൂടുന്ന സ്ഥലമായത് കൊണ്ട് തന്നെ പെട്ടെന്ന് ഒരു അപകടം സംഭവിച്ചാൽ ആൾക്കാരെ എളുപ്പത്തിൽ മാറ്റുകയെന്നത് പ്രയാസകരമായ ഒന്നാണ്. മൂവാളംകുഴി ചാമുണ്ഡി തെയ്യത്തിന്‍റെ കുളിച്ചുതോറ്റം ചടങ്ങിനിടെയാണ് അപകടം നടന്നത്. പടക്കം സൂക്ഷിച്ച കെട്ടിടത്തിലേക്ക് തീപ്പൊരി വീണതാണ് അപകടകാരണം എന്നാണ് പ്രാഥമിക നിഗമനം.

വെടിക്കെട്ടപകടത്തിൽ അന്വേഷണത്തിന് കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘത്തെ വിന്യസിച്ചിരുന്നു. കാഞ്ഞങ്ങാട് ഡിവൈഎസ്‌പിക്കാണ് മേല്‍നോട്ട ചുമതല. ഇതിൻ്റെ ഭാഗമായി അപകടങ്ങൾ ആവർത്തിക്കാതിരിക്കാന്‍ ക്ഷേത്ര കമ്മിറ്റികളുമായി ചര്‍ച്ച നടത്തും.

വെടിക്കെട്ട് നടത്തിയത് സുരക്ഷാ മാനദണ്ഡങ്ങൾ കാറ്റിൽ പറത്തിയെന്നതിന് ഉത്തമ ഉദാഹരണമാണ്. സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിക്കുന്നതില്‍ ക്ഷേത്ര ഭാരവാഹികളുടെ ഭാഗത്തുനിന്നും ഗുരുതര വീഴ്ചയുണ്ടായെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച ശേഷം ജില്ലാ പൊലീസ് മേധാവി ഡി. ശില്പ പ്രതികരിച്ചു.

അഞ്ഞൂറ്റമ്പലം വീരർക്കാവ് ക്ഷേത്രത്തിലെ കളിയാട്ടത്തിനിടെയാണ് പടക്കശേഖരത്തിന് തീപിടിച്ചത്. സംഭവത്തില്‍ ക്ഷേത്രകമ്മിറ്റി അംഗങ്ങളായ എട്ട് പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. ക്ഷേത്രം കമ്മിറ്റി ഭാരവാഹികളായ മൂന്നു പേര്‍ പൊലീസ് കസ്റ്റഡിയിലാണ്.

ALSO READ: നീലേശ്വരത്തെ വെടിക്കെട്ടപകടം: പ്രത്യേക സംഘം അന്വേഷിക്കും; 8 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ്

Related Stories

No stories found.
News Malayalam 24x7
newsmalayalam.com