"ആന ഇടയാൻ കാരണം വെടിക്കെട്ട്, ചട്ടലംഘനത്തിന് എതിരെ നിയമനടപടി"; മണക്കുളങ്ങര ക്ഷേത്രവും മരിച്ചവരുടെ വീടുകളും സന്ദർശിച്ച് വനം മന്ത്രി

നാട്ടാന പരിപാലന ചട്ടത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും സർക്കാർ നിഷ്പക്ഷമായി നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു
"ആന ഇടയാൻ കാരണം വെടിക്കെട്ട്, ചട്ടലംഘനത്തിന് എതിരെ നിയമനടപടി"; മണക്കുളങ്ങര ക്ഷേത്രവും മരിച്ചവരുടെ വീടുകളും സന്ദർശിച്ച് വനം മന്ത്രി
Published on


കൊയിലാണ്ടിയിൽ ആന ഇടഞ്ഞ് മൂന്ന് പേരുടെ ജീവനെടുത്ത സംഭവത്തിന് പിന്നാലെ കുറുവങ്ങാട് മണക്കുളങ്ങര ക്ഷേത്രം സന്ദർശിച്ച് വനം മന്ത്രി എ.കെ. ശശീന്ദ്രൻ. അപകടത്തിൽ മരിച്ചവരുടെ വീടുകളിലും ശനിയാഴ്ച രാവിലെയോടെ മന്ത്രിയെത്തി. ക്ഷേത്രം സന്ദർശിച്ച മന്ത്രി ക്ഷേത്ര ഭാരവാഹികളുമായും കൂടിക്കാഴ്ച നടത്തി. നാട്ടാന പരിപാലന ചട്ടത്തിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും സർക്കാർ നിഷ്പക്ഷമായി നിയമനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.



"മുൻപ് ഇതുപോലൊരു സംഭവം ഉണ്ടായിട്ടില്ല. ആളുകൾ വലിയ നടുക്കത്തിലാണ്. മരിച്ചവരുടെ കുടുംബത്തിൻ്റെ ദുഃഖത്തിൽ പങ്ക് ചേരുന്നു. വകുപ്പുകൾ പരിശോധന നടത്തി റിപ്പോർട്ട്‌ നൽകിയിട്ടുണ്ട്. വെടിക്കെട്ടാണ് ആന ഇടയാൻ കാരണമായതെന്ന് മനസിലാക്കുന്നു. വെടിക്കെട്ടിലും ചട്ടങ്ങൾ പാലിച്ചിട്ടില്ല. സർക്കാർ നിയമ നടപടികളുമായി മുന്നോട്ടുപോകും. പൊലീസ് കേസ് എടുത്തിട്ടുണ്ട്. അവർ വിശദമായ അന്വേഷണം നടത്തും," മന്ത്രി പറഞ്ഞു.



"ആന എഴുന്നള്ളിപ്പിന് അനുമതി നൽകിയ മോണിറ്ററിംഗ് കമ്മിറ്റിക്ക് വീഴ്ച പറ്റിയോ എന്ന് പരിശോധിക്കും. വീഴ്ച വരുത്തിയവർക്കെതിരെ നടപടികൾ ഉണ്ടാവും. മുഖ്യമന്ത്രിയെ കാര്യങ്ങൾ ധരിപ്പിക്കും. നഷ്ടപരിഹാരം നൽകേണ്ടത് സംബന്ധിച്ച് സർക്കാർ ആലോചന നടത്തും. നഷ്ടപരിഹാരം നൽകേണ്ടത് ക്ഷേത്ര കമ്മിറ്റിയാണ്," മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞു.

നിയമനടപടി സ്വാഗതം ചെയ്യുന്നുവെന്ന് ക്ഷേത്രം ഭാരവാഹികൾ അറിയിച്ചു. വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കുമെന്നും മരിച്ചവർക്കും പരുക്കേറ്റവർക്കും ഉള്ള ധന സഹായം ഇൻഷൂറൻസിൽ നിന്ന് ലഭ്യമാക്കുമെന്നും മണക്കുളങ്ങര ക്ഷേത്രം ട്രസ്റ്റി ബോർഡ്‌ ചെയർമാൻ എൽ.വി. ഷെനിത്ത് അറിയിച്ചു. വരും വർഷങ്ങളിൽ എഴുന്നള്ളിപ്പിന് ആനയെ ഒഴിവാക്കാൻ കഴിയുമോ എന്ന് പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. സമഗ്രമായ അന്വേഷണം നടക്കട്ടെ. അശ്രദ്ധ ഉണ്ടായിട്ടുണ്ട് എന്നാണ് മനസിലാക്കുന്നത്. മരിച്ചവരുടെ കുടുംബങ്ങൾക്ക് സാധ്യമായതെല്ലാം നൽകും. ഇൻഷൂറൻസ് തുക കിട്ടിയ ഉടൻ തന്നെ എല്ലാ വിധ സഹായങ്ങളും ചെയ്യും. പരമാവധി എല്ലാ ചട്ടങ്ങളും പാലിച്ചിട്ടുണ്ടെന്നും ഷെനിത്ത് പറഞ്ഞു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com