
റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്ന മലയാളികളുടെ ആദ്യ സംഘം ശനിയാഴ്ച ജന്മനാട്ടിൽ തിരിച്ചെത്തും. മൂന്ന് മലയാളികൾ അടക്കം 11 ഇന്ത്യക്കാരാണ് തിരിച്ചെത്തുന്നത്. എറണാകുളം കുറുമ്പശേരി സ്വദേശി റെനിൽ തോമസ്, കൊല്ലം മേയനൂർ സ്വദേശി സിബി ബാബു, തൃശൂർ കൊരട്ടി സ്വദേശി സന്തോഷ് ഷൺമുഖൻ എന്നിവരാണ് തിരിച്ചെത്തുന്നത്.
റഷ്യയില്‍ തൊഴില്‍ തട്ടിപ്പിനിരയായി മലയാളികൾ കുടുങ്ങികിടക്കുന്നെന്ന ന്യൂസ് മലയാളം വാർത്തക്ക് പിന്നാലെയാണ് റഷ്യന്‍ കൂലിപ്പട്ടാളത്തില്‍ അകപ്പെട്ടിരിക്കുന്ന മലയാളികളുടെ മോചനത്തിനായുള്ള നടപടികൾ ഇന്ത്യൻ എംബസിയും റഷ്യൻ ഗവൺമെൻ്റും ആരംഭിച്ചത്.കഴിഞ്ഞ ദിവസം ആറ് പേരടങ്ങുന്ന ആദ്യ സംഘം ഇന്ത്യയിൽ തിരിച്ചെത്തിയിരുന്നു. പഞ്ചാബ് സ്വദേശികളായ അഞ്ച് പേരും ഒരു ഹരിയാന സ്വദേശിയും ഉൾപ്പെടുന്ന സംഘമാണ് മടങ്ങിയെത്തിയത്.
ചെറിയ ജോലികളാണെങ്കിലും മികച്ച ശമ്പളം ലഭിക്കുമെന്നുള്ള വാഗ്ദാനം വിശ്വസിച്ചാണ് മലയാളികൾ റഷ്യയിലെത്തിയത്. ഏജന്റ് മുഖേന ടൂറിസ്റ്റ് വിസയിൽ എത്തിയതിന് ശേഷമാണ് ഇവർക്ക് റഷ്യൻ പൗരത്വം എടുക്കണമെന്നും സൈന്യത്തിൽ ചേരണമെന്നും മനസിലായത്. ഇക്കാര്യങ്ങൾ നാട്ടിലറിയാതിരിക്കാൻ പലരും രഹസ്യമായി സൂക്ഷിച്ചെങ്കിലും സന്ദീപിന്റെ മരണ വാർത്തയോടെ പ്രശ്നങ്ങൾ ബന്ധുക്കളെ അറിയിക്കുകയായിരുന്നു.
അതേസമയം, റഷ്യൻ കൂലിപ്പട്ടാളത്തിൽ ചേർന്നവരുടെ ആദ്യ സംഘം നാട്ടിലെത്തിയിട്ടും രണ്ട് മലയാളി യുവാക്കളുടെ മോചനത്തിൽ അനിശ്ചിതത്വം തുടരുകയാണ്. തൃശൂർ സ്വദേശികളായ ബിനിൽ ബാബു, ജെയ്ൻ കുര്യൻ എന്നിവരാണ് യുദ്ധമുഖത്ത് ഇപ്പോഴും ആശങ്കയിൽ കഴിയുന്നത്. ഇരുവരെയും മോചിപ്പിക്കുന്നതിനായി ശ്രമങ്ങൾ തുടരുമ്പോഴും റഷ്യയുടെ ഭാഗത്ത് നിന്നും അനുകൂല നടപടികൾ ഉണ്ടാകുന്നില്ലെന്നാണ് ഇന്ത്യൻ എംബസി അധികൃതർ ബന്ധുക്കൾക്ക് നൽകുന്ന വിവരം.
റഷ്യയിലെ ബഹ്മത്തിനോട് അടുത്ത് യുക്രെയിനിലെ അധിനിവേശ മേഖലയിലാണ് ബിനിൽ ബാബുവും ജെയ്ൻ കുര്യനും നിലവിൽ കഴിയുന്നത്. ഓരോ ദിവസവും പട്ടാളം മുന്നോട്ട് പോകുന്നതിനാൽ തങ്ങൾ ഇപ്പോഴുള്ളത് എവിടെയാണെന്ന് കൃത്യമായി ഇരുവർക്കും അറിയില്ല. ഇതിനിടെ ആരോഗ്യ പ്രശ്നങ്ങൾ നേരിട്ട ബിനിൽ അവശനിലയിലുമാണ്. ഇക്കാര്യങ്ങളെല്ലാം എംബസി അധികൃതരെ അറിയിക്കുന്നുണ്ടെങ്കിലും തങ്ങളുടെ കാര്യത്തിൽ മാത്രം അനുകൂല നടപടികൾ ഉണ്ടായിട്ടില്ലെന്നാണ് ഇരുവരും ബന്ധുക്കളെ അറിയിച്ചിട്ടുള്ളത്.