ഐപിഎല്ലില്‍ മാറ്റുരയ്ക്കാനെത്തുന്ന ഇറ്റലിക്കാരന്‍; ആരാണ് തോമസ് ജാക്ക് ഡ്രാക്ക

മെഗാ ലേലത്തില്‍ 30 ലക്ഷം രൂപയാണ് ഡ്രാക്കയുടെ അടിസ്ഥാന വില
ഐപിഎല്ലില്‍ മാറ്റുരയ്ക്കാനെത്തുന്ന ഇറ്റലിക്കാരന്‍; ആരാണ് തോമസ് ജാക്ക് ഡ്രാക്ക
Published on

2025 ഐപിഎല്ലിലേക്കുള്ള മെഗാ ലേലം നവംബര്‍ 24, 25 തീയതികളില്‍ ജിദ്ദയില്‍ നടക്കാനിരിക്കുകയാണ്. 1,165 ഇന്ത്യന്‍ കളിക്കാരും 409 വിദേശ കളിക്കാരും അടക്കം 1574 കളിക്കാരാണ് രണ്ട് ദിവസം നീണ്ടുനില്‍ക്കുന്ന ലേലത്തില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. മെഗാ ലേലത്തില്‍ പങ്കെടുക്കുന്ന വിദേശ കളിക്കാരുടെ രാജ്യം തിരിച്ചുള്ള പട്ടിക കഴിഞ്ഞ ദിവസം ബിസിസിഐ പുറത്തുവിട്ടിരുന്നു.


അഫ്ഗാനിസ്ഥാന്‍: 29
ഓസ്‌ട്രേലിയ: 76
ബംഗ്ലാദേശ്: 13
കാനഡ: 4
ഇംഗ്ലണ്ട്: 52
അയര്‍ലന്‍ഡ്: 9
ഇറ്റലി: 1
നെതര്‍ലന്‍ഡ്സ്: 12
ന്യൂസിലന്‍ഡ്: 39
സ്‌കോട്ട്ലന്‍ഡ്: 2
ദക്ഷിണാഫ്രിക്ക: 91
ശ്രീലങ്ക: 29
യുഎഇ: 1
യുഎസ്എ: 10
വെസ്റ്റ് ഇന്‍ഡീസ്: 33
സിംബാബ്വെ : 8

എന്നിങ്ങനെയാണ് 16 രാജ്യങ്ങളില്‍ നിന്നായുള്ള വിദേശ കളിക്കാരുടെ ലിസ്റ്റ്. ഇറ്റലിയില്‍ നിന്ന് ആദ്യമായി ഐപിഎല്ലില്‍ മാറ്റുരയ്ക്കാന്‍ ഒരു കളിക്കാരന്‍ എത്തുന്നുവെന്നതും ഇത്തവണത്തെ ലേലത്തിന്റെ പ്രത്യേകതയാണ്. ഇതിനകം തന്നെ ഫ്രാഞ്ചൈസികളുടെ നോട്ടപ്പുള്ളിയായി മാറിയിരിക്കുകയാണ് ഇറ്റലിയില്‍ നിന്നുള്ള ഫാസ്റ്റ് ബൗളര്‍ തോമസ് ജാക്ക് ഡ്രാക്ക. ഇറ്റലിയില്‍ നിന്നും രജിസ്റ്റര്‍ ചെയ്ത ഒരേയൊരു കളിക്കാരനാണ് 24 കാരനായ ഡ്രാക്ക.

മെഗാ ലേലത്തില്‍ 30 ലക്ഷം രൂപയാണ് ഡ്രാക്കയുടെ അടിസ്ഥാന വില.


ഇറ്റലിയില്‍ നിന്നൊരു ഡ്രാക്ക

ഫുട്‌ബോളിന് കൂടുതല്‍ പ്രാധാന്യം നല്‍കുന്ന രാജ്യമായാണ് ഇറ്റലി പരമ്പരാഗതമായി കണക്കാക്കപ്പെടുന്നത്. ഇങ്ങ് കേരളത്തിലടക്കം ഇറ്റലിയുടെ ഫുട്‌ബോള്‍ ടീമിന് ആരാധകരുണ്ട്. അവിടെ നിന്നാണ് ഐപിഎല്‍ പോലൊരു ക്രിക്കറ്റ് മാമാങ്കത്തിനായി ഡ്രാക്ക എന്ന ഫാസ്റ്റ് ബൗളര്‍ എത്തുന്നത് എന്നത്. ഇത് തന്നെയാകും ഡ്രാക്കയെ മറ്റ് ഓവര്‍സീസ് താരങ്ങളില്‍ നിന്നും വ്യത്യസ്തനാക്കുന്നതും. ഇറ്റാലിയന്‍ ക്രിക്കറ്റിലേക്ക് ലോകശ്രദ്ധയാകര്‍ഷിക്കാന്‍ ഈ ഇരുപത്തിനാലുകാരന് കഴിയുമോ എന്ന് കാത്തിരുന്ന് കാണാം.

ഇതിനകം തന്നെ അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള മികച്ച കളിക്കാരില്‍ ഒരാളാണ് ഡ്രാക്ക. ഗ്ലോബല്‍ ടി 20 കാനഡ 2024 ലീഗില്‍ ബ്രാംപ്ടണ്‍ വോള്‍വ്സിനായി ആറ് മത്സരങ്ങളില്‍ നിന്ന് 11 വിക്കറ്റുകളാണ് താരം വീഴ്ത്തിയത്. ഈ വര്‍ഷമാണ് ഇറ്റലിക്കു വേണ്ടി താരം കളിച്ചു തുടങ്ങിയത് എന്നതു കൂടി ഈ അവസരത്തില്‍ അറിയണം.

2024 ജൂണിലാണ് ഇറ്റലിക്കായി ടി20 ഡ്രാക്ക ആദ്യമായി പന്തെറിയുന്നത്. നാല് മത്സരങ്ങളില്‍ നിന്നായി എട്ട് വിക്കറ്റുകളാണ് അരങ്ങേറ്റത്തില്‍ തന്നെ താരം സ്വന്തമാക്കിയത്. സുനില്‍ നരൈന്‍, ഡേവിഡ് വീസ്, കെയ്ല്‍ മേയേഴ്‌സ, ഇഫ്തികാര്‍ അഹ്‌മദ... ഗ്ലോബല്‍ ടി20 കാനഡ ലീഗില്‍ ഡ്രാക്ക പുറത്താക്കിയവരും ചില്ലറക്കാരല്ല.


ആധുനിക ടി20 ബൗളങ്ങിലെ പുതിയ മുഖം

പ്രവചനാതീതമായ ബൗളിങ് സ്‌കില്‍ ആണ് ഡ്രാക്കയുടെ സവിശേഷത. ഷോര്‍ട് ബോളില്‍ ഡ്രാക്കയുടെ കൈയ്യടക്കം കാനഡയില്‍ കണ്ടതാണ്. എതിരാളിയെ തെറ്റിദ്ധരിപ്പിക്കുകയും ആശയക്കുഴപ്പത്തിലാക്കുകയും ചെയ്യുന്നതാണ് അദ്ദേഹത്തിന്റെ ബൗളിങ് രീതി.

ഐപിഎല്‍ ലേലത്തില്‍ ഡ്രാക്കയെ ആര് സ്വന്തമാക്കും?

മെഗാ ലേലത്തില്‍ സാധ്യത കല്‍പ്പിക്കുന്ന കളിക്കാരില്‍ ഒരാളാണ് ഡ്രാക്ക. മുംബൈ ഇന്ത്യന്‍സിന്റെ ഉടമസ്ഥതയിലുള്ള എംഐ എമിറേറ്റ്‌സ് ടീമിനായി ഐഎല്‍ടി 20യില്‍ ഡ്രാക്ക കളിച്ചിട്ടുണ്ട്. അടുത്ത സീസണിലേക്കും താരത്തെ എംഐ എമിറേറ്റ്‌സ് ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ തന്നെ, ഡ്രാക്കയെ മുംബൈ ഇന്ത്യന്‍സ് കൈവിടില്ലെന്നാണ് പ്രതീക്ഷിക്കുന്നത്.

മെഗാ ലേലത്തില്‍ ഓള്‍ റൗണ്ടര്‍ ആയാണ് ഡ്രാക്ക രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബാറ്റിങ്ങില്‍ താരത്തിന്റെ പവര്‍ എന്താണെന്ന് ഇതുവരെ കണ്ടിട്ടില്ലെങ്കിലും, കാത്തിരിക്കാന്‍ ഇനിയും ഒരുപാടുണ്ടെന്ന സൂചനയാണ് ഈ ഇറ്റലിക്കാരന്‍ നല്‍കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com