ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട അഞ്ച് ഭീകരരുടെ വിവരങ്ങള്‍ പുറത്ത്; 'ഔദ്യോഗിക ബഹുമതികളോടെ' സംസ്കാരമൊരുക്കി പാകിസ്ഥാന്‍

മൂന്ന് ജയ്ഷെ ഭീകരരും രണ്ട് ലഷ്കറെ ത്വയ്ബ ഭീകരരുമാണ് കൊല്ലപ്പെട്ടത്
ഓപ്പറേഷന്‍ സിന്ദൂറില്‍ കൊല്ലപ്പെട്ട അഞ്ച് ഭീകരരുടെ വിവരങ്ങള്‍ പുറത്ത്; 'ഔദ്യോഗിക ബഹുമതികളോടെ' സംസ്കാരമൊരുക്കി പാകിസ്ഥാന്‍
Published on


പാകിസ്ഥാനിലെ ഭീകര കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി നടന്ന ഇന്ത്യൻ തിരിച്ചടിയിൽ കൊല്ലപ്പെട്ട അഞ്ച് ഭീകരരുടെ പേരുവിവരങ്ങള്‍ പുറത്ത്. മൂന്ന് ജയ്ഷെ ഭീകരരെയും രണ്ട് ലഷ്കറെ ത്വയ്ബ ഭീകരരെയുമാണ് ഇന്ത്യ കൊലപ്പെടുത്തിയത്. മെയ് ഏഴിന് നടന്ന ഓപ്പറേഷൻ സിന്ദൂറിലാണ് ഇവർ കൊല്ലപ്പെട്ടത്. ഇവരില്‍ പലരുടെയും ശവസംസ്കാര ചടങ്ങുകള്‍ ഔദ്യോഗിക ബഹുമതികളോടെയാണ് പാകിസ്ഥാന്‍ സംഘടിപ്പിച്ചത്. ഗാർഡ് ഓഫ് ഓണറും പുഷ്പ ചക്രങ്ങളുമായി 'രക്തസാക്ഷി' പരിവേഷമാണ് ഇവർക്ക് പാകിസ്ഥാന്‍ സൈന്യം നല്‍‌കിയത്. 


മുഹമ്മദ് യൂസഫ് അസ്ഹർ (ജയ്ഷെ-ഇ-മുഹമ്മദ്), മുദാസർ ഖാദിയാൻ ഖാസ് (ലഷ്കറെ ത്വയ്ബ), മുഹമ്മദ് ഹസൻ ഖാൻ, ഹാഫിസ് മുഹമ്മദ് ജമീൽ (ജയ്‌ഷെ മുഹമ്മദ്), ഖാലിദ് (ലഷ്‌കറെ ത്വയ്ബ)എന്നീ ഭീകരരാണ് കൊല്ലപ്പെട്ടത്. ജയ്ഷെ മുഹമ്മദ് തലവൻ മസൂദ് അസ്ഹറിന്റെ സഹോദരിമാരുടെ ഭർത്താക്കന്മാരാണ് ഹാഫിസ് മുഹമ്മദ് ജലീലും മുഹമ്മദ് യൂസഫ് അസ്ഹറും.

കൊല്ലപ്പെട്ട ഭീകരരെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ:

1. മുദാസർ ഖാദിയാൻ ഖാസ് / മുദാസർ / അബു ജുൻഡാൽ

സംഘടന: ലഷ്കറെ ത്വയ്ബ

• മുരീദ്കെ മർകസ് തയ്ബയുടെ ചുമതലക്കാരൻ.
• പാകിസ്ഥാൻ സൈന്യം ഇയാളുടെ സംസ്കാര ചടങ്ങിൽ ഗാർഡ് ഓഫ് ഓണർ നൽകിയിരുന്നു.
• പാക് ആർമി മേധാവിയുടെയും പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസിന്റെയും പേരിൽ പുഷ്പചക്രങ്ങൾ അർപ്പിച്ചു.
• ജമാഅത്ത് ഉദ്-ദഅവ ഭാകരൻ ഹാഫിസ് അബ്ദുൾ റൗഫിന്റെ നേതൃത്വത്തിൽ ഒരു സർക്കാർ സ്കൂളിലാണ് സംസ്കാര ചടങ്ങുകൾ നടന്നത്.
• പാക് ആർമിയിലെ ഒരു ലെഫ്റ്റനന്റ് ജനറലും പഞ്ചാബ് പൊലീസ് ഐജിയും പ്രാർത്ഥനാ ചടങ്ങിൽ പങ്കെടുത്തു.

2. ഹാഫിസ് മുഹമ്മദ് ജമീൽ

സംഘടന: ജയ്ഷെ മുഹമ്മദ്

• മൗലാന മസൂദ് അസ്ഹറിന്റെ മൂത്ത ഭാര്യാസഹോദരൻ.
• ബഹവൽപൂരിലെ മർകസ് സുബ്ഹാൻ അല്ലയുടെ ചുമതലക്കാരൻ.
• യുവാക്കളെ പരിശീലിപ്പിക്കുന്നതിനും ജയ്‌ഷെ മുഹമ്മദിനായി ധനസമാഹരിക്കുന്നതിലും സജീവമായി പങ്കാളിയായി.

3. മുഹമ്മദ് യൂസഫ് അസ്ഹർ / ഉസ്താദ് ജി അഥവാ മുഹമ്മദ് സലിം / ഘോസി സാഹബ്

സംഘടന: ജയ്ഷെ മുഹമ്മദ്

• മൗലാന മസൂദ് അസ്ഹറിന്റെ ഭാര്യാസഹോദരൻ.
• ജയ്‌ഷെ മുഹമ്മദിനായി ആയുധ പരിശീലനം നടത്തി.
• ജമ്മു കശ്മീരിലെ നിരവധി ഭീകരാക്രമണങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.
• ഐസി-814 ഹൈജാക്കിങ് കേസിൽ പങ്കാളി.

4. ഖാലിദ് / അബു ആകാസ

സംഘടന: ലഷ്കറെ ത്വയ്ബ

• ജമ്മു കശ്മീരിൽ ഒന്നിലധികം ഭീകരാക്രമണങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.
• അഫ്ഗാനിസ്ഥാനിൽ നിന്ന് ആയുധങ്ങൾ കടത്തുന്നതിൽ പ്രധാനി.
• ഫൈസലാബാദിൽ നടന്ന ശവസംസ്കാരത്തിൽ മുതിർന്ന പാകിസ്ഥാൻ സൈനിക ഉദ്യോഗസ്ഥരും ഫൈസലാബാദ് ഡെപ്യൂട്ടി കമ്മീഷണറും പങ്കെടുത്തു.

5. മുഹമ്മദ് ഹസൻ ഖാൻ

സംഘടന: ജയ്ഷെ മുഹമ്മദ്

• പാകിസ്ഥാൻ അധിനിവേശ കശ്മീരിലെ (പിഒകെ) ജയ്‌ഷെ മുഹമ്മദിന്റെ ഓപ്പറേഷണൽ കമാൻഡറായ മുഫ്തി അസ്ഗർ ഖാൻ കശ്മീരിയുടെ മകൻ.
• ജമ്മു കശ്മീരിലെ ഭീകരാക്രമണങ്ങൾ ഏകോപിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com