
പൂനെയിൽ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച് ഫുഡ് ഡെലിവറി ജീവനക്കാരന് ദാരുണാന്ത്യം. റൗഫ് അക്ബർ ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. പൂനെ ഗൂഗിൾ ഓഫീസിന് സമീപമുള്ള കൊറേഗാവ് പാർക്കിലാണ് അപകടമുണ്ടായത്. റൗഫ് അക്ബർ സംഭവസ്ഥലത്തു നിന്ന് തന്നെ മരിച്ചതായാണ് വിവരം. സംഭവത്തിൽ സ്വകാര്യ സ്ഥാപനത്തിലെ സീനിയർ എക്‌സിക്യുട്ടീവ് തലവൻ ആയുഷ് തയാലിനെ പൂനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വെള്ളിയാഴ്ച പുലർച്ചെ ആയുഷ് തയാൽ ഓടിച്ച കാർ റൗഫ് അക്ബറിൻ്റെ ബൈക്കിൽ ഇടിക്കുകയായിരുന്നു. അപകടത്തിന് പിന്നാലെ പ്രതി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. പൊലീസ് സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കാർ തിരിച്ചറിയുകയും, തുടർന്ന് ആയുഷിനെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതായി എസിപി മനോജ് പൈൽ പറഞ്ഞു.
ALSO READ: മക്കൾ ഭക്ഷണം നൽകിയില്ല, വസ്തുവിനെ ചൊല്ലി സ്ഥിരമായി മർദനം; രാജസ്ഥാനിൽ സ്വന്തം വീട്ടിലെ വാട്ടർ ടാങ്കിൽ ചാടി ജീവനൊടുക്കി വൃദ്ധ ദമ്പതികൾ
അപകടസമയത്ത് ആയുഷ് തയാൽ മദ്യപിച്ചിരുന്നെന്നാണ് സൂചന. ഇത് സ്ഥിരീകരിക്കാനായി ഇയാളെ വൈദ്യപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. ഭാരതീയ ന്യായ സംഹിതയിലെ വകുപ്പുകൾ പ്രകാരവും എംവിഡി ആക്ട് പ്രകാരവുമാണ് തയാലിനെതിരെ കേസെടുത്തതെന്നും പൊലീസ് വ്യക്തമാക്കി.
പൂനെയിൽ മുമ്പ് പതിനേഴ് വയസുകാരൻ ഓടിച്ച പോർഷെ കാറിടിച്ച് ബൈക്ക് യാത്രികരായ രണ്ട് എഞ്ചിനീയര്‍മാര്‍ മരിച്ച സംഭവം വലിയ ചർച്ചയായിരുന്നു. ഈ കുറ്റകൃത്യം മറച്ചുവെക്കാനായി ഡോക്ടർമാരും രക്ഷിതാക്കളുമുൾപ്പെടെ നിരവധിയാളുകൾ ഇടപെട്ടതോടെയാണ് കേസ് വലിയ വിവാദമായത്.