
രാജസ്ഥാനിൽ സ്വന്തം വീട്ടിലെ വാട്ടർ ടാങ്കിൽ ചാടി ജീവനൊടുക്കി വൃദ്ധ ദമ്പതികൾ. നാഗൗറിൽ താമസിച്ചിരുന്ന 70 കാരനായ ഹസാരിറാം ബിഷ്‌ണോയിയുടെയും 68 കാരിയായ ഭാര്യ ചാവാലി ദേവിയുടെയും മൃതദേഹമാണ് വീട്ടിനുള്ളിലെ വാട്ടർ ടാങ്കിൽ നിന്നും കണ്ടെടുത്തത്. ഇവർ വാട്ടർ ടാങ്കിന് സമീപം മക്കൾ തങ്ങൾക്കെതിരെ നടത്തിയ അതിക്രമങ്ങൾ രേഖപ്പെടുത്തി ചുവരിൽ ഒട്ടിച്ച് വെക്കുകയും ചെയ്തിരുന്നു.
ഹസാരി റാമിൻ്റെയും ചവാലിയുടെയും വീട്ടിൽ നിന്ന് ആളനക്കം ഉണ്ടാവാത്തതിനെ തുടർന്ന് പ്രദേശവാസികൾ നാഗൗർ പൊലീസിൽ പരാതി നൽകുകയായിരുന്നു. പിന്നീട് പൊലീസെത്തി നടത്തിയ അന്വേഷണത്തിലാണ് വീട്ടിലെ ടാങ്കിൽ നിന്ന് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തത്.
ഇവർക്ക് രണ്ട് ആൺമക്കളും രണ്ട് പെൺമക്കളുമുൾപ്പെടെ നാല് മക്കളാണുള്ളത്. സ്വത്ത് എഴുതി നൽകുന്ന വിഷയം പറഞ്ഞ് മക്കളും മരുമക്കളും ചേർന്ന് പല തവണ മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി ചുവരിൽ നിന്ന് കണ്ടെടുത്ത കുറിപ്പിൽ പറയുന്നു. ഇക്കാര്യങ്ങൾ പുറത്ത് പറഞ്ഞാൽ ഉറങ്ങികിടക്കുമ്പോൾ കൊല്ലുമെന്ന് സ്ഥിരമായി ഭീഷണിപ്പെടുത്തും. പ്രയമായ ഇവർക്ക് ഭക്ഷണം നൽകാതിരുന്ന മക്കൾ, ഒരു പാത്രമെടുത്ത് യാചിക്കാൻ ആവശ്യപ്പെട്ടതായും കുറിപ്പിലുണ്ട്.
മക്കളായ രാജേന്ദ്ര, ഭാര്യ റോഷ്‌നി, സുനിൽ, ഭാര്യ അനിത, ഇവരുടെ മകൻ പ്രണവ്, പെൺമക്കളായ മഞ്ജു, സുനിത ഒപ്പം ചില ബന്ധുക്കളുടെയും പേരാണ് കുറിപ്പിൽ പരാമർശിച്ചിരിക്കുന്നത്. ഇവർ പ്രായമായ ദമ്പതികളുടെ പേരിലുള്ള മുഴുവൻ സ്വത്തും കൈക്കലാക്കാൻ ശ്രമിച്ചന്നും, ബന്ധുക്കൾ ഇതിന് കൂട്ടുനിന്നെന്നും ദമ്പതികൾ കുറിച്ചു.
വീടിൻ്റെ താക്കോൽ ഹസാരിറാമിൻ്റെ പോക്കറ്റിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഫോറൻസിക് സംഘം തെളിവുകൾ ശേഖരിച്ചുകഴിഞ്ഞെന്നും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് അയച്ചെന്നും നാഗൗർ പൊലീസ് സൂപ്രണ്ട് അറിയിച്ചു. വീടിനുള്ളിലെ സിസിടിവി ക്യാമറയുടെ ദൃശ്യങ്ങൾ പരിശോധിച്ചുകൊണ്ടിരിക്കുകയാണെന്നും പൊലീസ് കൂട്ടിചേർത്തു.