എറണാകുളത്ത് വിനോദയാത്രയ്ക്കെത്തിയ വിദ്യാർഥികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. താമരശ്ശേരിയിൽ നിന്നും കൊച്ചിയിലേക്ക് വിനോദ യാത്രയ്ക്ക് എത്തിയ വിദ്യാർഥി സംഘത്തിനാണ് ഭക്ഷ്യവിഷബാധയേറ്റത്. ടൂറിസ്റ്റ് ബോട്ടിലെ ഭക്ഷണത്തിൽ നിന്നാണ് സംഘത്തിന് ഭക്ഷ്യവിഷബാധയേറ്റതെന്നാണ് റിപ്പോർട്ട്. 50 ഭിന്നശേഷി കുട്ടികൾ ഉൾപ്പെടെ 72 പേരടങ്ങിയ സംഘത്തിനാണ് കഴിഞ്ഞ ദിവസം ഭക്ഷ്യ വിഷബാധയേറ്റത്.
മറൈൻഡ്രൈവിൽ സർവീസ് നടത്തുന്ന മരിയ ടൂറിസ്റ്റ് ബോട്ടിൽ നിന്നാണ് ഇവർ കഴിഞ്ഞ ദിവസം ഉച്ചഭക്ഷണം കഴിച്ചത്. ഊണിനൊപ്പം വിളമ്പിയ മോര് കറി കഴിച്ചവർക്കാണ് ഛർദ്ദിയും വയറിളക്കവും പിടിപെട്ടത്. പിന്നാലെ ഇന്നലെ രാത്രി 10 മണിയോടെ കുട്ടികളും മുതിർന്നവരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി.
സംഘത്തിൻ്റെ നില തൃപ്തികരമാണെന്നാണ് ലഭിക്കുന്ന വിവരം. കട്ടിപ്പാറ കാരുണ്യ തീരം സ്പെഷ്യൽ സ്കൂളിൽ നിന്നെത്തിയ സംഘം ഇപ്പോഴും കളമശേരി മെഡിക്കൽ കോളജിൽ തുടരുകയാണ്.