
തെലങ്കാനയിലെ മഹാപ്രളയത്തിൽ നിന്ന് പിഞ്ചുകുഞ്ഞിനെ ചേർത്ത് പിടിച്ച് രക്ഷപ്പെടാൻ ശ്രമിക്കുന്ന കുടുംബത്തിൻ്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു. രണ്ട് യുവാക്കൾ ചേർന്ന് കുഞ്ഞിനെ രക്ഷപ്പെടുത്തുന്ന ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. അതിശക്തമായ മഴക്കെടുതിയിൽ കുടുങ്ങി കിടക്കുന്നവരെ രക്ഷപ്പെടുത്താനുള്ള ദൗത്യം തുടരുകയാണ്.
കഴുത്തോളം വെള്ളത്തിലൂടെ രണ്ട് പേർ ചേർന്ന്, ഒരു കുഞ്ഞിനെ പ്ലാസ്റ്റിക് പെട്ടിയിലാക്കി രക്ഷപ്പെടുത്തുന്നു. തെക്കൻ സംസ്ഥാനങ്ങളായ ആന്ധ്രാപ്രദേശ്, തെലങ്കാന എന്നിവിടങ്ങളിൽ പ്രളയം വിതച്ച ദുരിതത്തിൻ്റെ ആഴം കാണിക്കുന്ന ചിത്രമായിരുന്നു ഇത്. ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ ചെളി നിറഞ്ഞ വെള്ളത്തിലൂടെ മഞ്ഞ നിറത്തിലുള്ള പ്ലാസ്റ്റിക് ക്രേറ്റിൽ വച്ച് കുഞ്ഞിനെയുമായി രക്ഷപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു.
നഗരത്തിലെ മറ്റെല്ലാ പ്രദേശങ്ങളെയും പോലെ സിംഗ് നഗർ പ്രദേശത്തും വെള്ളപ്പൊക്കം രൂക്ഷമായതോടെയാണ് കുട്ടിയുമായി കുടുംബത്തിന് സുരക്ഷിത സ്ഥാനത്തേക്ക് മാറേണ്ട് വന്നത്. തെലങ്കാനയിലും ആന്ധ്രാപ്രദേശിലും തുടരുന്ന കനത്തമഴയിൽ മരണസംഖ്യ 35 കടന്നു. സെപ്റ്റംബർ ഏഴ് വരെ തെലങ്കാനയിൽ ശക്തമായ മഴ മുന്നറിയിപ്പും നൽകിയിട്ടുണ്ട് നാവികസേനയുടെ രണ്ട് ഹെലികോപ്റ്ററുകളും വ്യോമസേനയുടെ മൂന്ന് ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനങ്ങളിൽ സജീവമാണ്.
തെലങ്കാനയിലെ വെള്ളപ്പൊക്കത്തിൽ ഇതുവരെ 16 പേരാണ് മരിച്ചത്. സംസ്ഥാനത്തെ വെള്ളപ്പൊക്കം പ്രകൃതി ദുരന്തമായി പ്രഖ്യാപിക്കണമെന്നും 2000 കോടി രൂപ അടിയന്തര സഹായം നൽകണമെന്നും മുഖ്യമന്ത്രി റെഡ്ഡി കേന്ദ്രത്തോട് അഭ്യർത്ഥിച്ചിട്ടുണ്ട്. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അഞ്ച് ലക്ഷം രൂപയും വിളനാശത്തിന് ഏക്കറിന് 10,000 രൂപയും സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിട്ടുണ്ട്.