കുട്ടിയാന ആയിരുന്നപ്പോൾ മുതൽ ജനവാസ മേഖലയിൽ സ്ഥിരമായി എത്തിത്തുടങ്ങി. മറ്റ് കാട്ടാനകളിൽ നിന്നും വ്യത്യസ്തമായി ഗണപതി മനുഷ്യരെ ഉപദ്രവിക്കാറില്ല
അതിരപ്പിള്ളി നിവാസികൾക്കും തൃശൂർകാർക്കും മാത്രമല്ല ലോകമെമ്പാടുമുള്ള മുഴുവൻ ആന പ്രേമികൾക്കും ഇന്ന് ഏഴാറ്റുമുഖം ഗണപതിയെന്ന കാട്ടാന സുപരിചിതനാണ്. അതുകൊണ്ടുതന്നെ ഗണപതിയുടെ കാലിൽ പരിക്കേറ്റെന്ന വാർത്ത എല്ലാവരെയും ആശങ്കപ്പെടുത്തുന്നുമുണ്ട്. ഗണപതി എന്ന കാട്ടാന എന്തുകൊണ്ടാണ് ഇത്രയും ജനകീയനായത്.
നീളം കുറഞ്ഞ കുഞ്ഞൻ കൊമ്പുകൾ, തലയെടുപ്പുള്ള മസ്തകം, കരുത്ത് എടുത്തെറിയിക്കും വിധം ആരെയും കൂസാതെയുള്ള ഭാവം. എത്ര അകലെ നിന്ന് കണ്ടാലും ഏഴാറ്റുമുഖം ഗണപതിയെ അതിരപ്പള്ളിക്കാർക്ക് തിരിച്ചറിയാം. എന്നാൽ ലോകം മുഴുവൻ അവനെ ശ്രദ്ധിച്ചു തുടങ്ങിയത് മയക്കു വെടിയേറ്റ് തളർന്നു നിന്ന തൻ്റെ ചങ്ങാതിയോടുള്ള കൊമ്പൻ്റെ കരുതലിൻ്റെയും സ്നേഹത്തിൻ്റെയും കാഴ്ചകൾ കണ്ടാണ്.
അതിരപ്പള്ളി - ഏഴാറ്റുമുഖം ഭാഗങ്ങൾ ഉൾപ്പെടുന്ന വാഴച്ചാൽ ഫോറസ്റ്റ് ഡിവിഷന് കീഴിലാണ് നാട്ടുകാരുടെ പ്രിയപ്പെട്ടവനായ ഗണപതി ജനിച്ചതും വളർന്നതും. കുട്ടിയാന ആയിരുന്നപ്പോൾ മുതൽ ജനവാസ മേഖലയിൽ സ്ഥിരമായി എത്തിത്തുടങ്ങി. മറ്റ് കാട്ടാനകളിൽ നിന്നും വ്യത്യസ്തമായി ഗണപതി മനുഷ്യരെ ഉപദ്രവിക്കാറില്ല. അപരിചിതരായ ആളുകൾ പറഞ്ഞാൽ പോലും പലപ്പോഴും അവൻ അനുസരണ കാട്ടും. ഇങ്ങനെ പറയാനാണെങ്കിൽ കാരണങ്ങൾ നിരവധിയാണ് ആനയുടെ ജനകീയതയ്ക്ക് പിന്നിൽ.
ചട്ടം പഠിച്ച നാട്ടാനയെ പോലെ പെരുമാറുന്ന ഈ കാട്ടാനയെ കാണാൻ കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആനപ്രേമികൾ അതിരപ്പള്ളിയിലേക്ക് എത്താറുണ്ട്. വർഷങ്ങളായി സ്ഥിരമായി എഴാറ്റുമുഖം ഭാഗങ്ങളിൽ കാണുന്നത് കൊണ്ട് നാട്ടുകാർ ചേർന്നാണ് അവന് ഏഴാറ്റുമുഖം ഗണപതി എന്ന പേരിട്ടത്. കേരളം മുഴുവൻ ആരാധകരുള്ള കൊമ്പന് 25 വയസ്സിലേറെ പ്രായവും നാല് ടണ്ണിലേറെ ഭാരവും ഉണ്ടെന്നാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ കണക്കുകൂട്ടുന്നത്. ഇടതുകാലിൽ കാണുന്ന ചെറിയ മുഴയാണ് അവനെ എളുപ്പത്തിൽ തിരിച്ചറിയാനുള്ള അടയാളം.
സംഭവം ഒക്കെ ശരിയാണെങ്കിലും ഗണപതി കാട്ടാന തന്നെയാണ്. അതുകൊണ്ടുതന്നെ ഇഷ്ടത്തോടെ തന്നെ പരാതി പറയാനും ആളുകൾ ഏറെയുണ്ട്. ജനവാസ മേഖലയിൽ പതിവായി ഇറങ്ങുന്ന കൊമ്പൻ സ്ഥിരമായി കൃഷിനാശം ഉണ്ടാക്കും. പ്ലാൻ്റേഷൻ കോർപ്പറേഷൻ്റെ എണ്ണപ്പനകളും നാട്ടുകാർ നട്ടുവളർത്തിയ വാഴകളുമാണ് ഇഷ്ട ആഹാരം. ചാലക്കുടി പുഴയും പരിസരവുമാണ് ഗണപതിയുടെ വിഹാരകേന്ദ്രങ്ങൾ.
കഴിഞ്ഞ ഞായറാഴ്ച ജനവാസ മേഖലയിൽ ഇറങ്ങിയ ഗണപതി മുടന്തി നടന്നതോടെയാണ് കാലിൽ പരിക്കുള്ളതായി നാട്ടുകാർ സംശയം പ്രകടിപ്പിച്ചത്. വനം വകുപ്പ് നടത്തിയ പരിശോധനയിൽ കാൽപാദത്തിൽ പരിക്ക് കണ്ടെത്തുകയും ചെയ്തു. പരിക്ക് സ്ഥിരീകരിച്ചതോടെ ആന പ്രേമികളും മൃഗസ്നേഹികളുമടക്കം നിരവധിപ്പേരാണ് ഇപ്പോൾ ഇക്കാര്യത്തിൽ ആശങ്കപ്പെടുന്നത്. വനംമന്ത്രിക്ക് പോലും ഇതിനോടകം പരാതികൾ ലഭിച്ചു. ഇത്തരം പരാതികൾ കൂടി പരിഗണിച്ചാണ് കൊമ്പന് ചികിത്സ നൽകാൻ ഇപ്പോൾ വനംവകുപ്പ് തീരുമാനിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ചുരുങ്ങിയ ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തീകരിച്ച് എത്രയും വേഗത്തിൽ തന്നെ ഗണപതിയുടെ ചികിത്സ ഉറപ്പാക്കുമെന്നാണ് ഉദ്യോഗസ്ഥർ അറിയിക്കുന്നത്.