വയനാട് തിരുനെല്ലിയിൽ ആദിവാസി കുടുംബങ്ങളുടെ കുടിൽ പൊളിച്ച സംഭവത്തിൽ വനപാലകന് സസ്പെൻഷൻ. സെക്ഷൻ ഫോറസ്റ്റ് ഓഫീസര്‍ ടി. കൃഷ്ണനെയാണ് ദക്ഷിണ മേഖല ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ദീപ കെ.എസ്. അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. ന്യൂസ് മലയാളം വാർത്തയെ തുടർന്നാണ് നടപടി.
ALSO READ: വയനാട്ടിൽ ശൈശവ വിവാഹമെന്ന് റിപ്പോർട്ട്; ഗോത്ര വിഭാഗങ്ങൾക്കിടയിൽ ബോധവത്കരണം നടത്തണമെന്ന് ഹൈക്കോടതി
വാർത്ത റിപ്പോർട്ട് ചെയ്തതിനു പിന്നാലെ വിഷയത്തിൽ കര്‍ശന നടപടി സ്വീകരിക്കാന്‍ വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് ടി. കൃഷ്ണനെതിരെ നടപടിയെടുത്തത്. സംഭവത്തിൽ ചീഫ് വൈല്‍ഡ് ലൈഫ് വാർഡനില്‍ നിന്നും റിപ്പോർട്ടും ആവശ്യപ്പെട്ടിരുന്നു. കുടുംബങ്ങൾക്ക് താൽക്കാലികമായി ഡോർമെറ്ററിയിൽ താമസം ഒരുക്കാനും വനംവകുപ്പിന് മന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
ആദിവാസി വിഭാഗങ്ങൾക്കുള്ള വനാവകാശ നിയമം പോലും കാറ്റിൽ പറത്തിയായിരുന്നു വനംവകുപ്പിന്റെ നടപടി. തിരുനെല്ലി പഞ്ചായത്തിലെ ബേഗൂർ കൊല്ലിമൂല പണിയ ഉന്നതിയിലെ മൂന്നു കുടുംബങ്ങളുടെ കുടിലുകളാണ് കഴിഞ്ഞദിവസം വനംവകുപ്പ് പൂർണമായും പൊളിച്ചുമാറ്റിയത്. 16 വർഷമായി ഈ കുടുംബങ്ങൾ ഇവിടെ കുടിൽകെട്ടി കഴിയുന്നവരാണ്. പഞ്ചായത്തിൽ വീട് ലഭിക്കാൻ അപേക്ഷ നൽകി കാത്തിരിക്കുന്നതിനിടയിലാണ് വനംവകുപ്പ് കുടിലുകൾ പൂർണമായും തകർത്തു കളഞ്ഞത്.
ഗ്രാമപഞ്ചായത്ത് വർഷങ്ങൾക്കു മുമ്പ് സ്ഥലമെടുത്ത് കൊല്ലിമൂലയിൽ ഗോത്ര വിഭാഗങ്ങൾക്ക് വീട് വെച്ച് നൽകിയിരുന്നു. ഇതിനു സമീപത്ത് വനത്തോട് ചേർന്നുള്ള സ്ഥലത്താണ് ഈ മൂന്നു കുടുംബങ്ങളും കുടിൽകെട്ടി കഴിഞ്ഞിരുന്നത്. ഇതിൽ ഒരു കുടുംബത്തിൻറെ വീട് നിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. ഒരു വിധവയുടെ കുടിൽ ഉൾപ്പെടെ രണ്ടു കുടുംബങ്ങളുടെ കിടപ്പാടമാണ് വനംവകുപ്പ് നടപടിയിൽ ഇല്ലാതായത്.