
സിപിഎം ആലപ്പുഴ മുൻ ഏരിയ കമ്മറ്റി അംഗവും, ആലപ്പുഴ ജില്ലാ പഞ്ചായത്തംഗവുമായ ബിപിൻ സി. ബാബു ബിജെപിയിൽ ചേർന്നു. തിരുവനന്തപുരത്ത് നടക്കുന്ന സംഘടനാപർവം യോഗത്തിലെത്തിയ ബിപിൻ സി. ബാബു അഖിലേന്ത്യാ ജനറൽ സെക്രട്ടറി തരുൺ ചുഗിൽ നിന്നും അംഗത്വം സ്വീകരിച്ചു. സിപിഎമ്മിന് ഇടതു സ്വഭാവം നഷ്ടമായെന്നും,വർഗീയ ശക്തികളാണ് സിപിഎമ്മിനെ നിയന്ത്രിക്കുന്നതെന്നും, ബിജെപിയിൽ ചേർന്ന ശേഷം ബിപിൻ സി. ബാബു പ്രതികരിച്ചു. സംഘടനാ പർവം യോഗത്തിലെത്തിയ കെ. സുരേന്ദ്രൻ, ശോഭ സുരേന്ദ്രൻ, പി. കെ. കൃഷ്ണദാസ്, എം. ടി രമേശ് തുടങ്ങിയ നേതാക്കളാണ് ബിപിനെ സ്വീകരിച്ചത്.
പാർട്ടി മെമ്പറായ ബിപിൻ സി. ബാബുവിൻ്റെ ഭാര്യ നൽകിയ ഗാർഹിക പീഡന പരാതിയെ തുടർന്ന് ഇയാളെ പാർട്ടിയിൽ നിന്നും 6 മാസത്തേക്ക് സസ്പെൻഡ് ചെയ്‌തിരുന്നു. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ്റെ നിർദേശത്തെ തുടർന്നായിരുന്നു പാർട്ടി, ബിപിൻ സി. ബാബുവിനെതിരെ നടപടിയെടുത്തത്. കാലവധിക്കു ശേഷം ബിപിനെ പാർട്ടിയിലേക്ക് തിരിച്ചെടുത്തെങ്കിലും, സംഘടനാ നടപടി പ്രകാരം ബ്രാഞ്ചിലേക്ക് തരംതാഴ്ത്തുകയായിരുന്നു.
കുറച്ചുനാളുകൾക്ക് മുമ്പ് ഒരു തൊഴിലാളി നേതാവിൻ്റെ മരണവുമായി ബന്ധപ്പെട്ട് ഇയാൾ ചില വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. പാർട്ടിയുമായി ബന്ധപ്പെട്ട് ചില വിവരങ്ങൾ പങ്കുവച്ചുകൊണ്ട് ബിപിൻ സംസ്ഥാന സെക്രട്ടറിക്ക് നൽകിയ കത്തിൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുന്നുവെന്നും കുറിച്ചിരുന്നു. പിന്നീട് സജീവ പാർട്ടി പ്രവർത്തനത്തിൽ നിന്നും വിട്ടു നിന്ന ബിപിൻ ബിജെപിയുമായി ഒത്തുപോകാനുള്ള തീരുമാനമെടുക്കുകയും, പാർട്ടി അംഗത്വം സ്വീകരിക്കുകയും ചെയ്യുകയായിരുന്നു.
അതേസമയം വരുംദിവസങ്ങളിൽ കൂടുതൽ നേതാക്കൾ ബിജെപിയിലേക്ക് ഒഴുകിയെത്തുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ പറഞ്ഞു. ചില മാലിന്യങ്ങൾ പാർട്ടി വിട്ട് പോകുമ്പോൾ നല്ല ചിലർ ബിജെപിയിലേക്ക് വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പാർട്ടിയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നവരെ അതേ നാണയത്തിൽ നേരിടുമെന്നും,സംഘടനാ തെരഞ്ഞെടുപ്പിൽ ഒരിടത്തും ഒരു കല്ലുകടിയും ഉണ്ടാകില്ലെന്നും,സംഘടന തെരഞ്ഞെടുപ്പ് കഴിയുമ്പോൾ കള്ളക്കഥകൾ മെനയുന്നവർ നിരാശരാകേണ്ടി വരുമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു. എൽഡിഎഫും യുഡിഎഫും പ്രതിസന്ധികളെ നേരിട്ടുകൊണ്ടിരിക്കുന്ന കാലമാണിതെന്നു പറഞ്ഞ സുരേന്ദ്രൻ മാധ്യമങ്ങളെയം വിമർശിച്ചു.ഇടതു വലതു മുന്നണികളെയും മാധ്യമ മുന്നണികളെയും നേരിട്ടു കൊണ്ട് മുന്നോട്ടു പോകുമെന്നും, കെ.സുരേന്ദ്രൻ വ്യക്തമാക്കി.