കാവിവൽക്കരണത്തിനു വേണ്ടി ആർഎസ്എസ് ഗവർണറെ ഉപയോഗിക്കുന്നു: എം. വി. ഗോവിന്ദൻ

ഗവർണറുടെ നടപടി സംബന്ധിച്ച് യുഡിഎഫിന്റെ നിലപാടെന്താണ് എന്നും എം.വി. ഗോവിന്ദൻ ചോദിച്ചു
കാവിവൽക്കരണത്തിനു വേണ്ടി ആർഎസ്എസ് ഗവർണറെ ഉപയോഗിക്കുന്നു: എം. വി. ഗോവിന്ദൻ
Published on


വൈസ് ചാൻസലർ നിയമനത്തിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ആർഎസ്എസിനുമെതിരെ വിമർശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം. വി. ഗോവിന്ദൻ. ആർഎസ്എസ് കാവിവൽക്കരണത്തിനു വേണ്ടി ഗവർണറെ ഉപയോഗിക്കുന്നു. ഗോൾവാള്‍ക്കറുടെ മുമ്പിൽ പോയി നമസ്ക്കരിച്ചാണ് വി.സി ചാർജെടുത്തത്. അദ്ദേഹത്തിന്റെ മനോനില എന്താണെന്ന് പറയാതെ തന്നെ ബോധ്യമാണെന്നും എം. വി. ഗോവിന്ദൻ പറഞ്ഞു. ഗവർണറുടെ നടപടി സംബന്ധിച്ച് യുഡിഎഫിന്റെ നിലപാടെന്താണ് എന്നും എം.വി. ഗോവിന്ദൻ ചോദിച്ചു.

ചേലക്കര ഉപതെരഞ്ഞെടുപ്പിലെ യുഡിഎഫിന്റെ തോൽവിയെയും എം.വി. ഗോവിന്ദൻ പരിഹസിച്ചു. പ്രതിസന്ധിയുടെ ഘട്ടത്തിലാണ് ഉപതെരഞ്ഞെടുപ്പ് നടന്നത്. യുഡിഎഫ് ചേലക്കരയിൽ വിജയിക്കുമെന്ന് വലിയ ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു. ചേലക്കരയിലേത് രാഷ്ട്രീയ പോരാട്ടമാണെന്നാണ് അവർ ജനങ്ങൾക്കു മുന്നിൽ അവതരിപ്പിച്ചത്. എന്നാൽ വലതുപക്ഷത്തിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ച് ഇടത് സ്ഥാനാർഥി യു.ആർ. പ്രദീപ് നല്ല വിജയം നേടിയെന്നും അദ്ദേഹം പറഞ്ഞു. ശക്തമായ ഭരണവിരുദ്ധ വികാരം അലയടിക്കുന്നു എന്നാണ് ബൂർഷ്വാ പ്രതിപക്ഷ രാഷ്ട്രീയ പ്രസ്ഥാനങ്ങളും മാധ്യമങ്ങളും വിലയിരുത്തിയത് എന്നും അദ്ദേഹം പറഞ്ഞു.

പാലക്കാട് മണ്ഡലത്തിൽ എൽഡിഎഫിന്റെ വോട്ട് വർധിപ്പിക്കാനായിട്ടുണ്ട്. മണ്ഡലത്തിലെ ബിജെപിയുടെ വോട്ട് യുഡിഎഫ് വാങ്ങിയിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു. ഇത് ഗൗരവമായി പരിശോധിക്കണം. കോൺഗ്രസ് വാങ്ങിയത് ഭൂരിപക്ഷ വർഗീയതയുടെ വോട്ടാണ്. ന്യൂനപക്ഷ വർഗീയ ശക്തികളെ ചേർത്തുനിർത്തുന്നതിനുള്ള പ്രവർത്തനവും കോൺഗ്രസ് നടത്തിയിട്ടുണ്ടെന്ന് എം.വി. ഗോവിന്ദൻ ആരോപിച്ചു.

എസ്‌ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും അതിശക്തിയായി കോൺഗ്രസിനു വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. കോൺഗ്രസ് വിജയിച്ചപ്പോൾ ആദ്യം ആഹ്ലാദപ്രകടനം നടത്തിയത് എസ്‌ഡിപി ഐയാണ്. ആഹ്ലാദപ്രകടനത്തിനുശേഷം പത്രസമ്മേളനം നടത്തി പതിനായിരം വോട്ട് യുഡിഎഫിന് നൽകിയിട്ടുണ്ടെന്ന് പറയുകയും ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com