
ബഹിരാകാശയാത്രയ്ക്കുള്ള പരിശീലന സ്യൂട്ട് രൂപകൽപ്പന ചെയ്‌ത് ഫ്രഞ്ച് ഫാഷൻ ഹൗസ് പിയറി കാർഡിൻ. പാരിസിലെ പിയറി കാർഡിൻ്റെ വർക്ക്‌ഷോപ്പിലായിരുന്നു നിർമാണം. കൂടുതൽ മാറ്റങ്ങൾക്ക് ശേഷം ഇഎസ്എയിലെ ന്യൂ മൂൺ സർഫേസ് സിമുലേഷൻ ബിൽഡിംഗായ ലൂണയിൽ സ്യൂട്ടുകൾ ഉപയോഗിക്കും.
ഫാഷൻ ലോകത്ത് പേര് കേട്ടവരാണ് പിയറി കാർഡിൻ. ഇപ്പോഴിതാ രണ്ട് വർഷത്തെ പരിശ്രമത്തിന് ശേഷം ബഹിരാകാശയാത്രികർക്കായി സ്പേസ് സ്യൂട്ട് നിർമിച്ചിരിക്കുകയാണിവർ. സ്യൂട്ടിൻ്റെ നിർമാണം പൂർത്തിയായ ഉടൻ, ജർമൻ ബഹിരാകാശ സഞ്ചാരി മത്തിയാസ് മൗറർ സ്യുട്ട് പരീക്ഷിക്കുകയും ചെയ്തു. യഥാർത്ഥ സ്പേസ് സ്യൂട്ടുകളിൽ ധാരാളം പ്രഷർ പോയിൻ്റുകളുണ്ട്. എന്നാൽ പിയറി കാർഡിൻ്റെ സ്യൂട്ട് വളരെ സുഖപ്രദമാണെന്നാണ് മൗററിൻ്റെ അഭിപ്രായം.
ചന്ദ്രനിലെ അന്തരീക്ഷത്തിന് അനുയോജ്യമായ രീതിയിൽ ഒരു സ്യൂട്ട് രൂപകൽപ്പന ചെയ്യുകയെന്നത് വലിയ വെല്ലുവിളിയാണ്. അതിന് തീവ്രമായ താപനിലയെ പ്രതിരോധിക്കാൻ കഴിയുന്ന തുണിത്തരങ്ങൾ വികസിപ്പിക്കണം. എന്നാൽ അതോടൊപ്പം സ്യൂട്ട് സുഖകരവും ചലനാത്മകവുമാകണം. നീണ്ട നാളത്തെ പരിശ്രമത്തിന് ശേഷമാണ് സംഘം ലക്ഷ്യത്തിലെത്തിയത്. ഫാഷനൊടൊപ്പം അല്പം സാങ്കേതിക വിദ്യ കൂടി കലർത്തിയായിരുന്നു സ്യൂട്ടിൻ്റെ നിർമാണമെന്ന് കമ്പനിയുടെ സിഇഒ റോഡ്രിഗോ ബസിലിക്കറ്റി പറയുന്നു.
കൂടുതൽ മാറ്റങ്ങൾക്ക് ശേഷം, ഇഎസ്എയിലെ ന്യൂമൂൺ സർഫേസ് സിമുലേഷൻ ബിൽഡിംഗായ ലൂണയിൽ സ്യൂട്ടുകൾ ഉപയോഗപ്പെടുത്തും. നിലവിലെ സ്യൂട്ടിന് എയർ, കൂളിംഗ്, റേഡിയോ, നാവിഗേഷൻ സംവിധാനങ്ങളുണ്ട്. ഇവ ബഹിരാകാശയാത്രികർക്കുള്ള പരിശീലനത്തിനായി ഉപയോഗപ്പെടുത്താം. കൂടുതൽ സംവിധാനങ്ങൾ ഉൾപ്പെടുത്തിയ സ്യൂട്ടുകൾ നിർമിക്കാനുള്ള നീക്കം പിയറി കാർഡിൻ ആരംഭിച്ചു കഴിഞ്ഞു.