
ബലാത്സംഗ കേസില്‍ സിദ്ദീഖിന്റെ അറസ്റ്റ് തടഞ്ഞ സുപ്രീം കോടതി വിധിയില്‍ ആശ്വാസമില്ലെന്ന് മകന്‍ ഷഹീന്‍. ദൈവത്തില്‍ വിശ്വസിക്കുന്നു. അന്വേഷണത്തില്‍ പൂര്‍ണമായും സഹകരിക്കുമെന്നും ഷഹീന്‍ പ്രതികരിച്ചു. മുതിര്‍ന്ന അഭിഭാഷകന്‍ മുകുള്‍ റോഹ്ത്തഗിയാണ് സിദ്ദീഖിന് വേണ്ടി സുപ്രീം കോടതിയില്‍ ഹാജരായത്.
രണ്ടാഴ്ചയ്ക്കു ശേഷം കേസ് വീണ്ടും പരിഗണിക്കും. പരാതി നല്‍കാന്‍ കാലതാമസമുണ്ടായെന്ന സിദ്ദീഖിന്റെ വാദം അടക്കം കണക്കിലെടുത്താണ് അറസ്റ്റ് തടഞ്ഞത്. പരാതി നല്‍കിയത് ഏറെ വൈകിയാണെന്നും എട്ടു വര്‍ഷത്തിന് ശേഷം ഉന്നയിക്കുന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും സിദ്ദീഖ് കോടതിയില്‍ വാദിച്ചു.
വിചാരണക്കോടതി വെക്കുന്ന നിബന്ധനകള്‍ക്ക് വിധേയമായിട്ടാണ് അറസ്റ്റ് തടഞ്ഞിരിക്കുന്നത്. അന്വേഷണവുമായി സഹകരിക്കാനും കോടതി നിര്‍ദേശം നല്‍കി. ബന്ധപ്പെട്ട കക്ഷികള്‍ക്ക് നോട്ടീസും അയച്ചിട്ടുണ്ട്.
അതേസമയം, പരാതി നല്‍കാന്‍ കാലതാമസം വന്നതില്‍ അതിജീവിത സത്യവാങ്മൂലം നല്‍കാനും സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. സിദ്ദീഖിനെതിരെ ശക്തമായ തെളിവുണ്ടെന്നാണ് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. പരാതിക്കാരിയുടെ മൊഴികള്‍ ശരിവെക്കുന്ന തരത്തില്‍ തെളിവുകള്‍ ലഭിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
അതിജീവിത മാനസിക ആഘാതത്തിലായിരുന്നു. ചികിത്സ തേടിയതിന് തെളിവുണ്ട്. പരാതി നല്‍കാന്‍ വൈകിയത് കേസിനെ ബാധിക്കുന്നതല്ല. സിദ്ദീഖ് സ്വാധീനശേഷിയുള്ള ആളാണ്. ജാമ്യം നല്‍കിയാല്‍ പരാതിക്കാരിക്ക് ഭീഷണിയുണ്ടാകുമെന്നും സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു.
ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വന്ന സാഹചര്യത്തിലാണ് പരാതി ഇപ്പോള്‍ നല്‍കിയതെന്ന് അതിജീവിതയും സര്‍ക്കാരും കോടതിയില്‍ വ്യക്തമാക്കി. ജസ്റ്റിസുമാരായ ബേല എം.ത്രിവേദി, സതീഷ് ചന്ദ്ര ശര്‍മ എന്നിവരടങ്ങിയ ബെഞ്ചാണ് സിദ്ദിഖിന്റെ ജാമ്യഹര്‍ജി പരിഗണിച്ചത്.
സര്‍ക്കാരിനായി അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ ഐശ്വര്യ ഭാട്ടിയും അതിജീവിതയ്ക്കായി മുതിര്‍ന്ന അഭിഭാഷക വൃന്ദ ഗ്രോവറും ഹാജരായി.