കാട്ടുതീ വിഴുങ്ങിയതിൽ ഒളിമ്പിക്‌സ് മെഡലുകളും; ലോസ് ആഞ്ചലസിൽ കത്തിയെരിഞ്ഞ് നീന്തൽ താരത്തിൻ്റെ വീട്

യുഎസ് ഒളിംപിക് നീന്തല്‍ താരം ഗാരി ഹാള്‍ ജൂനിയറിനാണ് കാട്ടുതീയിൽ വീടും 10ഓളം ഒളിമ്പിക്സ് മെഡലുകളും നഷ്ടമായത്
കാട്ടുതീ വിഴുങ്ങിയതിൽ ഒളിമ്പിക്‌സ് മെഡലുകളും; ലോസ് ആഞ്ചലസിൽ കത്തിയെരിഞ്ഞ് നീന്തൽ താരത്തിൻ്റെ വീട്
Published on
Updated on

അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ പടര്‍ന്നു പിടിക്കുന്ന കാട്ടു തീയില്‍ ഒളിംപിക്‌സ് നീന്തല്‍ താരത്തിന് വീടും മെഡലുകളും നഷ്ടമായി. മുന്‍ യുഎസ് ഒളിംപിക് നീന്തല്‍ താരം ഗാരി ഹാള്‍ ജൂനിയറിനാണ് കാട്ടുതീയിൽ വീടും 10ഓളം ഒളിമ്പിക്സ് മെഡലുകളും നഷ്ടമായത്. 5 സ്വര്‍ണം, 3 വെള്ളിയും 2 വെങ്കലവുമാണ് താരത്തിന് നഷ്ടമായത്. കരിയറിലെ മികച്ച കാലഘട്ടം അടയാളപ്പെടുത്തിയ സമ്പാദ്യമാണ് താരത്തിനെ സംബന്ധിച്ചിടത്തോളം നഷ്ടമായത്.

പടർന്നു പിടിക്കുന്ന കാട്ടുതീയിൽ തൻ്റെ പത്തോളം മെഡലുകളും, വീടും കുട്ടികളെ നീന്തൽ പഠിപ്പിക്കാൻ വേണ്ടി തയ്യാറാക്കിയ നീന്തൽ കുളവും എല്ലാം തീയിൽ അകപ്പെട്ടു. കുറച്ച് സ്വകാര്യവസ്തുക്കളും വളർത്തുനായയേയും മാത്രമാണ് ഒഴിപ്പിക്കാൻ കഴിഞ്ഞതെന്നും ഗാരി ഹാൾ ജൂനിയർ പറഞ്ഞു.

50 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ തുടരെ രണ്ട് വട്ടം ഒളിംപിക്‌സ് സ്വര്‍ണം നേടിയ താരമാണ് ഗാരി ഹാള്‍ ജൂനിയര്‍. 2000ത്തില്‍ സിഡ്‌നിയിൽ വച്ചും, 2004ല്‍ ഏഥന്‍സിൽ വച്ചും നടന്ന ഒളിംപിക്‌സുകളിലായിരുന്നു താരം നേട്ടം കൈവരിച്ചത്. 1996ലെ അറ്റ്‌ലാന്റ ഒളിംപിക്‌സില്‍ റിലേ പോരാട്ടങ്ങളില്‍ 3 സ്വര്‍ണ മെഡലുകളും താരത്തിനുണ്ട്.ഇതിനോടൊപ്പം മറ്റ് ചില മത്സരങ്ങളിൽ പങ്കെടുത്ത് നേടിയ 3 വെള്ളിയും 2 വെങ്കലവും ഗാരി ഹാള്‍ ജൂനിയർ സ്വന്തമാക്കിയിരുന്നു.

"മകളോട് സംസാരിക്കുന്നതിനിടെയായിരുന്നു തീപടർന്നു പിടിച്ചത്. പ്രാണരക്ഷാർഥം ഓടിരക്ഷപ്പെടുന്ന സമയത്ത് മെഡലുകളെ കുറിച്ചോർത്തു, എന്നാൽ ഒന്നും ചെയ്യാൻ സാധിച്ചില്ല. ഇതൊക്കെ വീണ്ടും നേടിയെടുക്കാൻ സാധിക്കും, കുറച്ചു കഠിനാധ്വാനം വേണ്ടി വരുമെന്ന് മാത്രം", ഗാരി ഹാള്‍ ജൂനിയർ പറഞ്ഞതായി സിഡ്‌നി മോർണിംഗ് ഹെറാൾഡ് റിപ്പോർട്ട് ചെയ്തു.



Related Stories

No stories found.
News Malayalam 24x7
newsmalayalam.com