ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിൻ്റെ ഫോമിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഇന്ത്യൻ കോച്ച് നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ പിടിച്ചുപറ്റുന്നത്
ബോർഡർ-ഗവാസ്കർ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്ക് മുന്നോടിയായി ഇന്ത്യൻ കോച്ച് ഗൗതം ഗംഭീർ ഞായറാഴ്ചയാണ് ഓസ്ട്രേലിയയിൽ എത്തിയത്. പെർത്തിൽ വിമാനമിറങ്ങിയതിന് പിന്നാലെ വൻ മാധ്യമപ്പട തന്നെ ഗംഭീറിനെ വളഞ്ഞിരുന്നു. ഇന്ത്യയുടെ സമീപകാലത്തെ ന്യൂസിലൻഡിനെതിരായ വൻ പരാജയത്തെ കുറിച്ചായിരുന്നു പ്രധാനമായും ചോദ്യങ്ങളെല്ലാം. എന്നാൽ അതിനെല്ലാം സ്വതസിദ്ധമായ ഗൗരവ ഭാവത്തിൽ തന്നെ ഗംഭീർ മറുപടിയും നൽകി.
എന്നാൽ, ദക്ഷിണാഫ്രിക്കയിൽ ടി20 പരമ്പര കളിക്കുന്ന ഇന്ത്യൻ ഓപ്പണർ സഞ്ജു സാംസണിൻ്റെ ഫോമിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഇന്ത്യൻ കോച്ച് നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ പിടിച്ചുപറ്റുന്നത്. സഞ്ജുവിൻ്റെ ഇപ്പോഴത്തെ ഫോമിനും സെഞ്ചുറി നേട്ടങ്ങൾക്കും പിന്നിൽ കോച്ച് എന്ന നിലയിലുള്ള ഗംഭീറിൻ്റെ പിന്തുണയല്ലേ കാരണമെന്ന ചോദ്യത്തിന് മറുപടിയായി എനിക്ക് ഒരു ക്രെഡിറ്റും നൽകരുതെന്നാണ് ഗംഭീറിൻ്റെ അപേക്ഷിച്ചത്.
ALSO READ: ചാംപ്യൻസ് ട്രോഫി നടത്തിപ്പിൽ നിന്ന് പാകിസ്ഥാൻ പിന്മാറിയേക്കുമെന്ന് റിപ്പോർട്ട്
"സഞ്ജുവിൻ്റെ നിലവിലത്തെ ഫോമിന് ഞാൻ ഒരിക്കലുമൊരു കാരണക്കാരനല്ല. അത് താരത്തിൻ്റെ കഴിവാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്. സഞ്ജുവിന് ശരിയായ ബാറ്റിങ് പൊസിഷൻ നൽകുകയും അവനെ പിന്തുണയ്ക്കുകയും ചെയ്യുക എന്നതായിരുന്നു പ്രധാനം. ആത്യന്തികമായി ഇത് അദ്ദേഹത്തിൻ്റെ കഠിനാധ്വാനത്തിൻ്റെ ഫലമാണെന്ന് ഞാൻ കരുതുന്നു. ഇന്ത്യൻ ക്രിക്കറ്റിനായി ഇപ്പോൾ ചെയ്യുന്നതെല്ലാം നല്ലൊരു തുടക്കം മാത്രമാണ്, ഇത് അവസാനമല്ല. സഞ്ജുവിന് ഈ ഫോം മുന്നോട്ട് കൊണ്ടുപോകാൻ കഴിയുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” ഗംഭീർ പത്രസമ്മേളനത്തിൽ പറഞ്ഞു.
"എന്നെ സംബന്ധിച്ചിടത്തോളം, ഇന്ത്യൻ ടീമിലേക്ക് യുവ താരങ്ങൾ കടന്നുവരുന്നു എന്നത് നല്ല സൂചനയാണ്. അത് എല്ലായ്പ്പോഴും ആരോഗ്യകരവും, ഇന്ത്യൻ ക്രിക്കറ്റിന് നല്ലതുമാണ്," ഗൗതം ഗംഭീർ കൂട്ടിച്ചേർത്തു.