
ഗാസയിലെ വെടിനിർത്തൽ കരാറിന്റെ ഭാഗമായി ഇന്ന് മോചിപ്പിക്കുന്ന ബന്ദികളുടെ പട്ടിക ഇസ്രയേലിന് കൈമാറിയതായി ഹമാസ്. ബന്ദികളാക്കിയ റോമി ഗോണൻ (24), എമിലി ഡമാരി (28), ഡോറോൺ സ്റ്റെയിൻബ്രെച്ചർ (31) എന്നിവരെ ഇന്ന് മോചിപ്പിക്കുമെന്ന് ഹമാസ് പ്രസ്താവനയിൽ പറഞ്ഞു.
"അൽ-അഖ്‌സ വെള്ളപ്പൊക്ക തടവുകാരുടെ കൈമാറ്റ കരാറിന്റെ ചട്ടക്കൂടിനുള്ളിൽ, 2025 ജനുവരി 19 ഞായറാഴ്ച, അൽ-ഖസ്സാം ബ്രിഗേഡുകൾ ഇനിപ്പറയുന്ന തടവുകാരെ മോചിപ്പിക്കാൻ തീരുമാനിച്ചിരിക്കുന്നു", ഹമാസ് വക്താവ് അബൂ ഉബൈദ പ്രസ്താവനയിൽ പറയുന്നു.
അതേസമയം, വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നത് വൈകിയതിനു പിന്നാലെ ഗാസ മുനമ്പിൽ ഇസ്രയേൽ നടത്തിയ ആക്രമണങ്ങളിൽ എട്ട് പലസ്തീനികൾ കൊല്ലപ്പെട്ടതായി ഹമാസിന്റെ സിവിൽ ഡിഫൻസ് ഏജൻസി അറിയിച്ചു. വടക്കൻ, മധ്യ ഗാസയിലെ ഹമാസ് കേന്ദ്രങ്ങൾ ലക്ഷ്യമാക്കിയായിരുന്നു ഇസ്രയേൽ പ്രതിരോധ സേനയുടെ ഷെല്ലാക്രമണങ്ങൾ. ഡ്രോൺ ആക്രമണങ്ങള്‍ നടത്തിയതായും ഐഡിഎഫ് വെളിപ്പെടുത്തി. ബന്ദികളുടെ പേരുകൾ ഹമാസ് നൽകാത്തതിനാലാണ് വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നത് വൈകിയതെന്നാണ് ഇസ്രയേൽ വാദം. എന്നാൽ സാങ്കേതിക തടസങ്ങള്‍ മൂലമാണ് ബന്ദികളുടെ ലിസ്റ്റ് കൈമാറുന്നത് വൈകിയതെന്നാണ് ഹമാസ് പറയുന്നത്.
അന്താരാഷ്ട്ര സമയം, പകല്‍ 6.30 ഓടെ മൂന്നുഘട്ടങ്ങളിലായുള്ള വെടിനിർത്തല്‍ കരാറിന്‍റെ ആദ്യഘട്ടം ആരംഭിക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ബന്ദികളുടെ മോചനം, ഗാസയിലെ ജനസാന്ദ്രതയേറിയ പ്രദേശങ്ങളില്‍ നിന്നുള്ള ഇസ്രയേല്‍ സേനയുടെ പിന്മാറ്റം, വടക്കന്‍ ഗാസയിലേക്ക് കുടിയൊഴിക്കപ്പെട്ടവർക്ക് മടങ്ങാനുള്ള അവസരം, വർധിച്ച മാനുഷിക സഹായം എന്നിവയാണ് ആദ്യഘട്ടത്തിൽ നടപ്പിലാക്കുക. ഒന്നാം ഘട്ടത്തിന്‍റെ ഭാഗമായി ഹമാസിന്‍റെ പിടിയിലുള്ള 33 ബന്ദികളെ മോചിപ്പിക്കുന്നതിന് പകരമായി നൂറോളം വരുന്ന പലസ്തീന്‍ ബന്ദികളെ ഇസ്രയേലും കൈമാറാനാണ് കരാർ. ആദ്യ ദിനമായ ഇന്ന് മൂന്ന് സിവിലിയന്‍ വനിതകളെ ഹമാസ് മോചിപ്പിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്.