
പൊലീസ് സേനയിലെ ഉന്നത ഉദ്യോഗസ്ഥർക്കെതിരെയുള്ള പരാതി പി.വി. അന്‍വർ എംഎല്‍എ ആഭ്യന്തര വകുപ്പിന്‍റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രിക്ക് കൈമാറി. ഉച്ചയോടെ സെക്രട്ടറിയേറ്റിലെത്തിയാണ് വിശദമായ സംഭവ വികാസങ്ങള്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയത്. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയുടെ കോപ്പി സിപിഎം പാർട്ടി സെക്രട്ടറി എം.വി ഗോവിന്ദന് നല്‍കുമെന്നും അന്‍വർ അറിയിച്ചു.
ഇന്നലത്തെ പത്രസമ്മേളനത്തിലൂടെ വിഷയത്തിന്‍റെ ഒന്നാം ഘട്ടം അവസാനിച്ചു. മുഖ്യമന്ത്രി ആരോപണത്തിന്‍റെ വിശദീകരണം ചോദിച്ചു. എല്ലാം ശ്രദ്ധാപൂർവം കേട്ടു. വിഷയത്തില്‍ സത്യസന്ധമായ അന്വേഷണം നടക്കുമെന്ന് ഉറപ്പുണ്ട്. സഖാവ് എന്ന നിലയിലാണ് ഈ പ്രശ്നത്തിലിറങ്ങിയത്. ഒരു സഖാവെന്ന നിലയിലുള്ള ഉത്തരവാദിത്തം അവസാനിച്ചെന്നും, ഇനി അന്വേഷണവുമായി സഹകരിക്കുമെന്നും പി.വി. അന്‍വർ മാധ്യമങ്ങളോട് പറഞ്ഞു.
എം.ആർ. അജിത് കുമാറിനെ മാറ്റി നിർത്തണമെന്ന് പറഞ്ഞിട്ടില്ല. ഇനി കാര്യങ്ങള്‍ മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും കൈയ്യിലാണ്. ആരെ മാറ്റി നിർത്തണമെന്ന് മുഖ്യമന്ത്രി തീരുമാനിക്കട്ടെയെന്നും തന്‍റെ നയം വ്യക്തമാണെന്നും അന്‍വർ പറഞ്ഞു.
കേരളത്തിലെ ഒരു വിഭാഗം പൊലീസിന്‍റെ പ്രവർത്തനം ഗ്രൗണ്ട് ലെവലില്‍ പാർട്ടിക്ക് ദോഷം ചെയ്തു. അതാണ് മുഖ്യമന്ത്രിയുടെയും പാർട്ടിയുടെയും ശ്രദ്ധയില്‍പ്പെടുത്തിയത്. പൊലീസ് സേനയിലെ പുഴുക്കുത്തുകള്‍ നീക്കും. ഇതൊരു കമ്മ്യൂണിസ്റ്റ് സർക്കാരാണെന്നും അന്‍വർ പറഞ്ഞു. പിറകില്‍ ആരെങ്കിലുമുണ്ടൊയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് തന്‍റെ പിറകില്‍ സർവശക്തനായ ദൈവം മാത്രമാണുള്ളതെന്നാണ് അന്‍വർ പ്രതികരിച്ചത്.
ഇന്നലെ നടത്തിയ വാർത്താസമ്മേളനത്തില്‍ എഡിജിപി അജിത് കുമാർ, എസ്‍പി സുജിത് ദാസ് എന്നിവർക്കെതിരെ സ്വർണക്കടത്തക്കമുള്ള ആരോപണങ്ങള്‍ അന്‍വർ ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്ന് സർക്കാരും പാർട്ടിയും പ്രതിരോധത്തിലായിരുന്നു. തുടർന്ന് എസ്‍പി സുജിത് ദാസിനെ പത്തനംതിട്ട എസ്‍പി സ്ഥാനത്ത് നിന്നും നീക്കി. പകരം ചുമതല നല്‍കിയിട്ടില്ല. ഡിജിപി ഷെയ്ഖ് ദർവിഷ് സാഹിബിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തെ എംഎല്‍എയുടെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയിട്ടുണ്ട്.