ഗോപൻ സ്വാമിയുടെ 'സമാധി': വീണ്ടും മക്കളുടെ മൊഴിയെടുത്ത് പൊലീസ്, കല്ലറ പൊളിക്കേണ്ടതിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തിയെന്ന് സബ് കളക്ടർ

നെയ്യാറ്റിൻകര സി.ഐയുടെ നേതൃത്വത്തിൽ ഗോപൻ സ്വാമിയുടെ മക്കളായ സനന്ദൻ, രാജസേനൻ എന്നിവരുടെ മൊഴിയാണ് പൊലീസ് വീണ്ടും രേഖപ്പെടുത്തുന്നത്
ഗോപൻ സ്വാമിയുടെ 'സമാധി':  വീണ്ടും മക്കളുടെ മൊഴിയെടുത്ത് പൊലീസ്, കല്ലറ പൊളിക്കേണ്ടതിൻ്റെ ആവശ്യകത ബോധ്യപ്പെടുത്തിയെന്ന് സബ് കളക്ടർ
Published on


തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ ഗോപൻ സ്വാമിയുടെ 'സമാധി'യുമായി ബന്ധപ്പെട്ട ദുരൂഹതകൾക്കിടെ വീണ്ടും മക്കളുടെ മൊഴിയെടുത്ത് അന്വേഷണ സംഘം. നെയ്യാറ്റിൻകര സി.ഐയുടെ നേതൃത്വത്തിൽ ഗോപൻ സ്വാമിയുടെ മക്കളായ സനന്ദൻ, രാജസേനൻ എന്നിവരുടെ മൊഴിയാണ് പൊലീസ് വീണ്ടും രേഖപ്പെടുത്തുന്നത്.

പൊലീസ് സ്റ്റേഷനില്‍ വെച്ച് സബ് കളക്ടറും ആര്‍ഡിഒയും നെയ്യാറ്റിന്‍കര ഡിവൈഎസ്‌പിയും ഗോപന്‍ സ്വാമിയുടെ കുടുംബവുമായി സംസാരിച്ച് കല്ലറ പൊളിക്കേണ്ടതിൻ്റെ ആവശ്യകത അവരെ ബോധ്യപ്പെടുത്തി. നടന്നത് ചർച്ചയല്ലെന്നും കാര്യങ്ങൾ പറഞ്ഞ് മനസിലാക്കുകയായിരുന്നു എന്നും സബ് കളക്ടർ ഒ.എ. ആൽഫ്രഡ് മാധ്യമങ്ങളോട് വിശദീകരിച്ചു.

"കല്ലറ പൊളിക്കാനുള്ള ഉത്തരവിൻ്റെ പകർപ്പ് കുടുംബത്തിന് നൽകിയിട്ടുണ്ട്. നാളെ പൊളിക്കാനുള്ള തിയതി തീരുമാനിക്കും. കുടുംബത്തിന്റെ അഭിഭാഷകനെയും കാര്യങ്ങൾ ധരിപ്പിച്ചു. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കാനുള്ള നടപടികൾ സ്വീകരിക്കും," സബ് കളക്ടർ പറഞ്ഞു.

തിങ്കളാഴ്ച പകൽ ഗോപന്‍ സ്വാമിയുടെ കല്ലറ പൊളിക്കാന്‍ ഉത്തരവ് വന്നതിന് പിന്നാലെ നാടകീയ രംഗങ്ങളാണ് സ്ഥലത്ത് അരങ്ങേറിയത്. ഇന്ന് രാവിലെയാണ് കല്ലറ പൊളിക്കാന്‍ കളക്ടര്‍ ഉത്തരവിട്ടത്. തുടര്‍ന്ന് പൊലീസും ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയതോടെ കുടുംബം പ്രതിഷേധവുമായി രംഗത്തെത്തി. നാട്ടുകാരില്‍ ചിലരും കുടുംബത്തോടൊപ്പം ചേര്‍ന്നതോടെ സംഘര്‍ഷം ഉണ്ടാവുകയായിരുന്നു. തുടർന്ന് ഗോപൻ സ്വാമിയുടെ മക്കളേയും ഭാര്യയേയും പൊലീസ് ബലം പ്രയോഗിച്ച് കല്ലറയ്ക്ക് അരികിൽ നിന്നും മാറ്റി.

സമാധിയായെന്ന് അവകാശപ്പെട്ട് മകന്‍ മറവ് ചെയ്ത ഗോപന്‍ സ്വാമിയുടെ മരണത്തില്‍ കഴിഞ്ഞ ദിവസമാണ് പൊലീസ് കേസെടുത്തത്. കല്ലറ പൊളിക്കാനാകില്ലെന്ന നിലപാടാണ് കുടുബം ആദ്യം മുതൽക്കേ ഉയർത്തിയിരുന്നത്. ഇന്നത്തെ ചർച്ചയ്ക്ക് ശേഷം കല്ലറ പൊളിക്കാൻ കുടുംബം സമ്മതിച്ചേക്കുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം ആറാലുംമൂട്ടിലെ ഗോപന്‍ സ്വാമിയുടെ വീടിരിക്കുന്ന പരിസരങ്ങളില്‍ പതിച്ച പോസ്റ്ററുകള്‍ ശ്രദ്ധയില്‍പെട്ടതോടെയാണ് നാട്ടുകാര്‍ ഗോപന്‍സ്വാമിയുടെ മരണവിവരം അറിയുന്നത്. നാട്ടുകാരുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. എല്ലാര്‍ക്കും പരിചിതനായ ഗോപന്‍ സ്വാമി മരിച്ചതോ സംസ്‌കാര ചടങ്ങുകളോ നാട്ടുകാരാരും അറിഞ്ഞിരുന്നില്ല. തുടര്‍ന്ന് വാര്‍ഡ് കൗണ്‍സിലറേയും പൊലീസിനേയും നാട്ടുകാര്‍ വിവരം അറിയിക്കുകയായിരുന്നു.

അച്ഛന്‍ കുറിച്ചു തന്ന സമയവും കര്‍മങ്ങളും നോക്കിയാണ് സമാധി നടത്തിയെന്നാണ് മകന്‍ രാജസേനൻ പൊലീസിന് നൽകിയ മൊഴി. സമാധിയാകുന്നത് താനല്ലാതെ മറ്റാരും കാണാന്‍ പാടില്ലെന്നും മരിച്ച വിവരം സമാധിക്ക് ശേഷം മാത്രം നാട്ടുകാരെ അറിയിക്കണമെന്നും അച്ഛന്‍ ഗോപന്‍ സ്വാമി പറഞ്ഞതായാണ് രാജസേനൻ പറയുന്നത്. രാജസേനന് പുറമെ സഹോദരനും അമ്മയും മരുമകളുമാണ് വീട്ടിലുള്ളത്. ഗോപന്‍ സ്വാമിയുടേത് മരണമല്ലെന്നും സമാധിയാണെന്നുമാണ് കുടുംബം വാദിക്കുന്നത്.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com