
കണ്ണൂർ എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. കണ്ണൂർ ജില്ലാ കളക്ടർക്കാണ് അന്വേഷണ ചുമതല. സംഭവവുമായി ബന്ധപ്പെട്ട് റവന്യൂ മന്ത്രി കെ. രാജൻ കളക്ടറോട് അടിയന്തര റിപ്പോർട്ട് തേടിയിട്ടുണ്ട്. ആത്മഹത്യ ചെയ്ത എഡിഎം നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നാണ് അറിയാൻ കഴിഞ്ഞത്. അന്വേഷണത്തിൽ യാതൊരു പക്ഷപാതവും ഉണ്ടായിരിക്കില്ല. മുൻവിധികൾ ഉണ്ടാകില്ലെന്നും, ആരെയും സർക്കർ സംരക്ഷിക്കില്ലെന്നും മന്ത്രി കെ. രാജൻ നിയമസഭയിൽ വ്യക്തമാക്കി.
നവീൻ ബാബുവിൻ്റെ മരണം ഏറെ ദുഃഖകരമാണ്. അദ്ദേഹം റവന്യൂ കുടുംബത്തിലെ അംഗമാണ്. ഒരു പരാതിയും അദ്ദേഹത്തിനെതിരെ ഇതുവരെ ലഭ്യമായിട്ടില്ല. അദ്ദേഹത്തിൻ്റെ മരണം വ്യക്തിപരമായും ദുഃഖം ഉണ്ടാകുന്നുവെന്നും നേരത്തെ കെ രാജൻ പറഞ്ഞിരുന്നു.
അതേസമയം നവീൻ ബാബു ജീവനൊടുക്കുന്നതിന് മുമ്പ് സുഹൃത്തിന് അയച്ച സന്ദേശം പുറത്തുവന്നിരുന്നു. കണ്ണൂരിൽ ജോലി ചെയ്യാൻ താത്പര്യമില്ലെന്നും സ്വന്തം സർവീസ് സംഘടന സ്ഥലം മാറ്റത്തിന് അനുകൂലമായി സഹകരിച്ചില്ലെന്നുമാണ് സുഹൃത്തിനയച്ച അയച്ച വാട്സ്ആപ്പിൽ സന്ദേശത്തിൽ നവീൻ ബാബു പറഞ്ഞത്.
'എനിക്ക് പത്തനംതിട്ട എഡിഎം ആയി സിപിഐക്കാര്‍ തരാന്‍ റെഡിയായി. അപ്പോള്‍ എന്റെ സ്വന്തം സംഘടന ഞാന്‍ അറിയാതെ ഇടപെട്ടു. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും റവന്യൂ മന്ത്രിയെ വിളിച്ചു പറഞ്ഞു കണ്ണൂര്‍ എഡിഎം നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്, മാറ്റരുത് എന്ന്,' സന്ദേശത്തില്‍ പറയുന്നു.
ഇതറിഞ്ഞ ശേഷം കണ്ണൂരിലേക്ക് വരുന്നില്ലെന്ന് പറഞ്ഞ് മൂന്ന് മാസത്തെ ലീവ് എഴുതികൊടുത്തു. പരിഗണിക്കാമെന്ന് ഗവൺമെൻ്റ് പറഞ്ഞതാണ്. എന്നാൽ മൂന്നു ദിവസത്തിനു ശേഷം വയനാട് ഉരുൾപൊട്ടൽ ഉണ്ടായെന്നും തൻ്റെ ലീവ് റദ്ദാക്കുകയായിരുന്നെന്നും സന്ദേശത്തിൽ നവീൻ ബാബു പറയുന്നു.
ഇന്ന് രാവിലെയാണ് പള്ളിക്കുന്നിലെ വീട്ടിൽ എഡിഎം നവീന്‍ ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളിൽ വെച്ച് നടന്ന എഡിഎമ്മിന്റെ യാത്രയയപ്പ് യോഗത്തിലെത്തിയ പി.പി. ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ചെങ്ങളായിലെ പെട്രോള്‍ പമ്പിന് അനുമതി നല്‍കുന്നതില്‍ എഡിഎം അഴിമതി നടത്തിയെന്നായിരുന്നു ആരോപണം. ഇതില്‍ മനം നൊന്താണ് ജീവനൊടുക്കിയതെന്നാണ് റിപ്പോര്‍ട്ട്.