കണ്ണൂർ ജില്ലാ കളക്ടറോട് പ്രാഥമികാന്വേഷണം നടത്താൻ നിർദേശിച്ചിട്ടുണ്ട്. സംഭവത്തിൽ വിശദമായ അന്വേഷണം നടക്കുമെന്നും മന്ത്രി കെ. രാജൻ വ്യക്തമാക്കി
കണ്ണൂർ എഡിഎം നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനെന്ന് റവന്യൂ മന്ത്രി കെ. രാജൻ. നവീൻ ബാബുവിൻ്റെ മരണം ഏറെ ദുഃഖകരമാണ്. അദ്ദേഹം റവന്യൂ കുടുംബത്തിലെ അംഗമാണ്. ഒരു പരാതിയും അദ്ദേഹത്തിനെതിരെ ഇതുവരെ ലഭ്യമായിട്ടില്ല. അദ്ദേഹത്തിൻ്റെ മരണം മരണം വ്യക്തിപരമായും ദുഃഖം ഉണ്ടാകുന്നു. സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തും. കണ്ണൂർ ജില്ലാ കളക്ടറോട് പ്രാഥമിക അന്വേഷണം നൽകാൻ നിർദേശിച്ചിട്ടുണ്ട്. മറ്റ് വിശദാംശങ്ങളിലേക്ക് കടക്കാൻ ഉദ്ദേശിക്കുന്നില്ല. ജനപ്രതിനിധികൾക്ക് പക്വതയും ധാരണയും വേണം. വിഷയങ്ങളിൽ ഇടപെടുന്നതിൽ ശ്രദ്ധ ഉണ്ടാകണമെന്നും മന്ത്രി പറഞ്ഞു.
ഇന്ന് രാവിലെയാണ് നവീൻ ബാബുവിനെ താമസ സ്ഥലത്ത് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. പള്ളിക്കുന്നിലെ വീട്ടിലാണ് ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. ഇന്നലെ കണ്ണൂര്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാള്‍ എഡിഎമ്മിൻ്റെ യാത്രയയപ്പ് യോഗത്തിലെത്തിയ പി.പി. ദിവ്യ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉന്നയിച്ചിരുന്നു. ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതിൽ എഡിഎം അഴിമതി നടത്തിയെന്നാണ് ആരോപണം. ഇതിൽ മനം നൊന്താണ് ജീവനൊടുക്കിയതെന്നാണ് റിപ്പോർട്ട്.
വ്യക്തിവിരോധം തീർക്കാനാണ് ദിവ്യ ക്ഷണിക്കപ്പെടാത്ത യോഗത്തിലെത്തി നവീനെ അപമാനിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും പറഞ്ഞു. എഡിഎമ്മിൻ്റെ മരണത്തിൽ പ്രതിപക്ഷ സംഘടനകളൊന്നടങ്കം പ്രതിഷേധം ശക്തമാക്കിയിരുന്നു.