സർക്കാർ ജീവനക്കാർ ക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയ സംഭവം; കര്‍ശന നടപടിക്കൊരുങ്ങി സർക്കാർ

സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറിയ ശേഷം മസ്റ്ററിങ്ങ് നടത്തി ആനുകൂല്യം കൈപ്പറ്റുന്നത് അശ്രദ്ധയല്ലെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ചൂണ്ടിക്കാട്ടി
സർക്കാർ ജീവനക്കാർ ക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയ സംഭവം; കര്‍ശന നടപടിക്കൊരുങ്ങി സർക്കാർ
Published on

സർക്കാർ ജീവനക്കാർ അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ കൈപ്പറ്റിയ സംഭവത്തിൽ കര്‍ശന നടപടിക്കൊരുങ്ങി സർക്കാർ. വകുപ്പ് തല അന്വേഷണം നടത്തുമെന്നും, വാർഷിക മസ്റ്ററിങ് നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. സര്‍ക്കാര്‍ ജീവനക്കാരും പെന്‍ഷന്‍കാരും അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങുന്നത് വ്യക്തമായ പശ്ചാത്തലത്തില്‍ ചേര്‍ന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം.


പെൻഷൻ കൈപ്പറ്റിവരിൽ നിന്നും തുക പലിശ സഹിതം തിരിച്ചടപ്പിക്കും. അനര്‍ഹര്‍ കയറിക്കൂടാന്‍ സാഹചര്യമൊരുക്കിയ  ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടിയുണ്ടാകുമെന്നും, അനര്‍ഹമായി പെന്‍ഷന്‍ വാങ്ങുന്ന ജീവനക്കാര്‍ അല്ലാത്തവര്‍ക്കെതിരെയും നടപടി യുണ്ടാകുമെന്നും മുഖ്യമന്ത്രി അറിയിച്ചു. മരണപ്പെട്ടവരെ അതത് സമയത്ത് കണ്‍കറിങ്ങ് മസ്റ്ററിങ്ങ് നടത്തി ലിസ്റ്റില്‍ നിന്ന് ഒഴിവാക്കും. വാര്‍ഷിക മസ്റ്ററിങ്ങ് നിര്‍ബന്ധമാക്കുമെന്നും,  ഇതിന് ഫെയ്സ് ഓതന്‍റിക്കേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുമെന്നും യോഗത്തിൽ തീരുമാനിച്ചതായി മുഖ്യമന്ത്രി പറഞ്ഞു.

വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ സീഡിങ്ങ് എന്നിവ നിര്‍ബന്ധമാക്കും. സര്‍ക്കാര്‍ സര്‍വ്വീസില്‍ കയറിയ ശേഷം മസ്റ്ററിങ്ങ് നടത്തി ആനുകൂല്യം കൈപ്പറ്റുന്നത് അശ്രദ്ധയല്ലെന്ന് മുഖ്യമന്ത്രി യോഗത്തില്‍ ചൂണ്ടിക്കാട്ടി. തദ്ദേശസ്വയംഭരണ സ്ഥാപന അടിസ്ഥാനത്തില്‍ ക്ഷേമ പെന്‍ഷൻകാരുടെ അര്‍ഹത വിലയിരുത്താനും ധനവകുപ്പ് പരിശോധന തുടരാനും മുഖ്യമന്ത്രി നിർദേശിച്ചു.

യോഗത്തില്‍ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍, ചീഫ് സെക്രട്ടറി ശാരദാ മുരളീധരന്‍, ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. എം. എബ്രഹാം, തദ്ദേശസ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ വി. സാംബശിവറാവു, ഐകെഎം എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു തുടങ്ങിയവര്‍ പങ്കെടുത്തു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com