സാമൂഹ്യ സുരക്ഷ പെൻഷൻ തട്ടിപ്പ്: കടുത്ത നടപടിക്കൊരുങ്ങി ധനവകുപ്പ്, വിജിലൻസ് അന്വേഷണത്തിന് ശുപാർശ

ബിഎംഡബ്ല്യു കാറുള്ളവർ വരെ പെൻഷൻ വാങ്ങിയെന്ന് കണ്ടെത്തിയിട്ടുണ്ട്
സാമൂഹ്യ സുരക്ഷ പെൻഷൻ തട്ടിപ്പ്: കടുത്ത നടപടിക്കൊരുങ്ങി ധനവകുപ്പ്, വിജിലൻസ് അന്വേഷണത്തിന് ശുപാർശ
Published on

സാമൂഹ്യ സുരക്ഷ പെൻഷൻ തട്ടിപ്പിൽ കടുത്ത നടപടിക്കൊരുങ്ങി ധനവകുപ്പ്. തട്ടിപ്പ് നടത്താൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ വിജിലൻസ് അന്വേഷണം നടത്താനാണ് നിലവിലെ തീരുമാനം. ബിഎംഡബ്ല്യു കാറുള്ളവർ വരെ പെൻഷൻ വാങ്ങിയെന്ന് കണ്ടെത്തിയിട്ടുണ്ട്. കൂടാതെ വീടുകളിൽ എയർകണ്ടീഷണർ ഉൾപ്പെടെയുള്ളവരും തുക കൈപ്പറ്റിയവരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.


കോട്ടക്കൽ നഗരസഭയിൽ ഏഴാം വാർഡിൽ 42 പേർ പെൻഷൻ ഗുണഭോക്താക്കളാണ്. അതിൽ 38 പേർ അനർഹരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്. ഈ നഗരസഭാ പരിധിയിൽ വരുന്ന മുഴുവൻ സാമൂഹ്യ സുരക്ഷാ ഉപഭോക്താക്കളുടേയും അർഹത പരിശോധിക്കുമെന്നും ധനവകുപ്പ് അറിയിച്ചു. തുടർനടപടികൾ അടിയന്തരമായി റിപ്പോർട്ട് ചെയ്യാനും ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ. ബാലഗോപാൽ നിർദേശം നൽകി. പരിശോധന സംസ്ഥാനത്താകെ വ്യാപിപ്പിക്കുമെന്നും മന്ത്രി അറിയിച്ചു.

ALSO READ'കണ്ടില്ല, കേട്ടില്ലായെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ നടിക്കാൻ പാടില്ല'; അഴിമതിക്കെതിരെ മുഖ്യമന്ത്രി

കഴിഞ്ഞ ദിവസം ധനവകുപ്പ് നടത്തിയ പരിശോധനയിലാണ് സംസ്ഥാനത്തെ 1,458 സർക്കാർ ജീവനക്കാർ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നതായി കണ്ടെത്തിയത്. തട്ടിപ്പ് കണ്ടെത്തിയതിനെ തുടർന്ന് കുറ്റക്കാർക്കെതിരെ കർശന അച്ചടക്ക നടപടിയെടുക്കാനും, കൈപ്പറ്റിയ തുക പലിശയടക്കം തിരിച്ചുപിടിക്കാനും ധനവകുപ്പ് നിർദേശം നൽകിയിരുന്നു.


ആരോഗ്യ വകുപ്പിലാണ് ഏറ്റവും കൂടുതല്‍ പേര്‍ ക്ഷേമ പെന്‍ഷന്‍ വാങ്ങുന്നതെന്നാണ് കണ്ടെത്തൽ. 373 പേർ ആരോഗ്യവകുപ്പിൽ നിന്നും പെൻഷൻ കൈപ്പറ്റിയതായാണ് കണ്ടെത്തിയത്. 224 പേർ പൊതു പൊതുവിദ്യാഭ്യാസ വകുപ്പിലുള്ളവരും, മെഡിക്കല്‍ എജ്യൂക്കേഷന്‍ വകുപ്പില്‍ 124 പേരും ഇത്തരത്തിൽ പെൻഷൻ വാങ്ങുന്നുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്.


കൂടാതെ ആയുര്‍വേദ വകുപ്പില്‍ (ഇന്ത്യന്‍ സിസ്റ്റം ഓഫ് മെഡിസിന്‍) 114 പേരും, മൃഗസംരക്ഷണ വകുപ്പില്‍ 74 പേരും, പൊതുമരാമത്ത് വകുപ്പില്‍ 47പേരും ക്ഷേമ പെന്‍ഷന്‍ വാങ്ങുന്ന സര്‍ക്കാര്‍ ജീവനക്കാരാണെന്നാണ് റിപ്പോർട്ടിലുള്ളത്. ബാക്കിയുള്ളവരുടെ പൂർണവിവരം വരും ദിവസങ്ങളിൽ ശേഖരിക്കും. നിലവിൽ ക്രമക്കേട് നടത്തിയവരുടെ പേരുവിവരമടക്കം ശേഖരിച്ചിട്ടുണ്ടെന്നും, ഇവർക്കെതിരെ കർശന നടപടിയെടുക്കുമെന്നും ധനവകുപ്പ് അറിയിച്ചു.



ഉദ്യോഗസ്ഥർ കൂട്ടായെടുത്ത തീരുമാനത്തിൻ്റെ ഭാഗമായാണ് ഇത്തരത്തിൽ പെൻഷൻ കൈപ്പറ്റിയതെന്നും, ഇത്രയും പേർ തട്ടിപ്പിൽ ഉൾപ്പെട്ടത് കൃത്യമായ ആസൂത്രണത്തിൻ്റെ ഭാഗമാണെന്നും കണ്ടെത്തിയിട്ടുണ്ട്. വലിയ തുകയാണ് സർക്കാരിന് ഇതിലൂടെ നഷ്ടപ്പെട്ടത്. അനർഹരായ മുഴുവൻ പേരെയും കണ്ടെത്തുമെന്നും കർശനമായ പരിശോധന തുടരുമെന്നും ധനവകുപ്പ് അറിയിച്ചു.

സർക്കാർ ജീവനക്കാർ സാമൂഹ്യ സുരക്ഷാ പെൻഷൻ വാങ്ങുന്നതായി കണ്ടെത്തിയതിൽ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. സർക്കാർ ഉദ്യോഗസ്ഥരിൽ അഴിമതിയുണ്ടെന്നത് വസ്തുതയാണ്. കേരളം താരതമ്യേന അഴിമതി കുറഞ്ഞ സംസ്ഥാനമാണെന്നും എന്നാൽ സിവിൽ സർവീസ് പൂർണമായും അഴിമതി മുക്തമാകണമെന്നുമായിരുന്നു മുഖ്യമന്ത്രി പറഞ്ഞത്.

ഒരു ഉദ്യോഗസ്ഥൻ കൈക്കൂലി വാങ്ങുമ്പോൾ അയാൾ കൈക്കൂലി വാങ്ങിയെന്നല്ല ജനങ്ങൾ കരുതുക, മറിച്ച് ആ വകുപ്പും സർക്കാരും അവിടെ ഉത്തരവാദികളായി മാറുകയാണ്. അഴിമതിയിൽ വിജിലൻസ് ഒരു ദാക്ഷിണ്യവും കാണിക്കേണ്ടതില്ലെന്നും, കണ്ടില്ല, കേട്ടില്ലായെന്ന് നടിക്കാൻ പാടില്ലെന്നും മുഖ്യമന്ത്രി അറിയിപ്പ് നൽകി. അഴിമതി പൂർണമായും അവസാനിപ്പിക്കാൻ ഇടപെടൽ വേണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

Related Stories

No stories found.
News Malayalam 24x7
newsmalayalam.com